ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടു; ലക്ഷ്യസ്ഥാനത്തേക്ക് ഇനി 110 ദിവസം

Photo: ISRO
Photo: ISRO

ബെംഗളൂരു: രാജ്യത്തെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എല്‍ 1 പേടകം ഭൂമിക്കുചുറ്റുമുള്ള ഭ്രമണപഥത്തില്‍നിന്ന് പുറത്തുകടന്നു. ട്രാന്‍സ് ലഗ്രാന്‍ജ് പോയിന്റ് 1-ലേക്ക് അയക്കാനുള്ള ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രി രണ്ടുമണിയോടുകൂടിയാണ് പ്രക്രിയ വിജയകരമായി പൂര്‍ത്തിയായത്. 

വിക്ഷേപണശേഷം ഇതുവരെ ഭൂമിയെ വലംവെച്ചുകൊണ്ടിരിക്കുകയായിരുന്നു ആദിത്യ എല്‍ 1. നാലുതവണയായി അതിന്റെ ഭ്രമണപഥം ഉയര്‍ത്തല്‍ മാത്രമായിരുന്നു ഇതിനിടെ നടന്നത്. എന്നാല്‍ അതിന്റെ ലക്ഷ്യസ്ഥാനമായ ട്രാന്‍സ് ലഗ്രാന്‍ജ് പോയിന്റ് 1-ലേക്കുള്ള യഥാര്‍ഥ യാത്ര ആരംഭിച്ചത് ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടുകൂടിയാണ്. 

110 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രയാണ് ഇനി ആദിത്യ എല്‍ 1-നു മുന്‍പിലുള്ളത്. ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കേണ്ടത്. ഈ ദൂരം സഞ്ചരിച്ച ശേഷമായിരിക്കും ലഗ്രാന്‍ പോയിന്റ് 1-ലെത്തുക. ഇവിടെയെത്തിയശേഷം സൂര്യനെക്കുറിച്ചും ബഹിരാകാശത്തെ മറ്റു കണങ്ങളെക്കുറിച്ചുമുള്ള പഠനം നടത്തും. 

ഭൂമിയില്‍നിന്ന് 50,000 കിലോമീറ്റര്‍ അകലെ ബഹിരാകാശത്തുള്ള അയോണുകളെയും ഇലക്ട്രോണുകളെയും കുറിച്ചുള്ള പഠനവിവരം ആദിത്യ എല്‍ 1 ഇന്നലെ പുറത്തുവിട്ടിരുന്നു. ഇത് അഞ്ചാംതവണയാണ് ഐ.എസ്.ആര്‍.ഒ. ഒരു പേടകത്തെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്കയക്കുന്നത്. ചന്ദ്രയാന്റെ മൂന്ന് ദൗത്യങ്ങള്‍, മംഗള്‍യാന്‍, ഇപ്പോള്‍ ആദിത്യ എല്‍ 1 എന്നിവയാണവ.
 

Content Highlights: aditya l1 off to sun earth l1 point