കൊടുങ്കാറ്റിന് സാധ്യത; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്രൂ പേടകം തിരിച്ചിറക്കുന്നത് വൈകാന്‍ സാധ്യത

Dragon Crew Capsule | Photo: SpaceX
Dragon Crew Capsule | Photo: SpaceX

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സ്‌പേസ് എക്‌സിന്റെ ആദ്യ ഡ്രാഗണ്‍ ക്രൂ പേടകം തിരിച്ചിറക്കുന്നത് വൈകിയേക്കും. ഓഗസ്റ്റ് രണ്ടിന് നാസ ഗവേഷകരെ തിരിച്ചിറക്കാനാണ് പദ്ധതിയിട്ടിരുന്നത്. 

രണ്ട് മാസത്തിന് ശേഷം ഡ്രാഗണ്‍ ക്രൂ പേടകം തിരിച്ചിറക്കാന്‍ പോവുകയാണ് എന്ന് നാസയും സ്‌പേസ് എക്‌സും അറിയിച്ചിരുന്നു.

നാസ ഗവേഷകരായ ഡഗ് ഹര്‍ളിയേയും ബോബ് ബെങ്കെനെയും വഹിച്ചുള്ള പേടകം അറ്റ്‌ലാന്റിക് സമുദ്രത്തിലോ ഫ്‌ളോറിഡ തീരത്തോടടുത്തുള്ള മെക്‌സികോ കടലിടുക്കിലോ ഇറക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ അതിന് കാറ്റും കടലും ശാന്തമായിരിക്കേണ്ടതുണ്ട്. 

45 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക ആദ്യമായി ബഹിരാകാശ സഞ്ചാരികളെ വഹിച്ചുള്ള പേടകം വെള്ളത്തില്‍ തിരിച്ചിറക്കുന്നു എന്ന പ്രത്യേകതയും ഡ്രാഗണ്‍ ക്രൂ പേടകത്തിന്റെ തിരിച്ചുവരവിനുണ്ട്. 

എന്നാല്‍ ഇതിനായി നിശ്ചയിച്ചിരിക്കുന്ന സമയത്ത് ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ തുടര്‍ന്നുള്ള പരുക്കന്‍ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ നാസ ഫ്‌ളൈറ്റ് കണ്‍ട്രോളര്‍മാര്‍ കാലാവസ്ഥ നിരീക്ഷിച്ചുവരികയാണ്. കാലാവസ്ഥയില്‍ മാറ്റമില്ലെങ്കില്‍ ഗവേഷകര്‍ ബഹിരാകാശ നിലയത്തില്‍ തന്നെ തുടരും. 

വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമവസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സ് നാസയ്ക്ക് വേണ്ടി വികസിപ്പിച്ച മനുഷ്യ വാഹക ബഹിരാകാശ പേടകമാണ് ക്രൂ ഡ്രാഗണ്‍. ഇതിന്റെ മനുഷ്യനെ ഇരുത്തിയുള്ള ആദ്യ പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ മണ്ണില്‍ നിന്ന് ഗവേഷകരെ ബഹിരാകാശ നിലയത്തിലെത്തിച്ചുവെന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്. 

നാസ ഗവേഷകരെ വിജയകരമായി ബഹിരാകാശ നിലയത്തില്‍ എത്തിക്കാന്‍ സാധിച്ച് സുരക്ഷിതമായി തിരികെയിറക്കുന്നതോടെ ക്രൂ ഡ്രാഗണ്‍ പേടകത്തിന് നാസയുടെ ഭാവി പദ്ധതികളുടെ ഭാഗവമാവാന്‍ സാധിക്കും.

Content Highlights: Tropical storm may delay SpaceX crew dragon return to Earth

Content Highlights: