ജോഷിമഠില്‍ ഒരു നഗരം വളരാന്‍ പാടില്ലായിരുന്നു; ഇന്നത്തെ അവസ്ഥയുടെ കാര്യ കാരണങ്ങള്‍

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് എന്ന പ്രദേശം കഴിഞ്ഞ ഏതാനും ആഴ്ചകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സുന്ദരമായ ഹിമാലയന്‍ ഭൂപ്രകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണം ഭയാനകമായ രീതിയില്‍ ഇടിഞ്ഞുതാണുപോകുന്നതിന്റെ വാര്‍ത്തകള്‍. ആയിരത്തോളം കെട്ടിടങ്ങളില്‍ വലുതും ചെറുതുമായ വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുന്നു. അവയിലെ പലതും, നിരവധി വീടുകള്‍ ഉള്‍പ്പെടെ, ഉപയോഗശൂന്യമായ രീതിയില്‍ വിണ്ടുകീറിയിരിക്കുന്നു. ഇടിഞ്ഞുതാഴ്ന്ന റോഡുകളുടെയും കൃഷിസ്ഥലങ്ങളുടെയും, അങ്ങേയറ്റം ആശങ്കാജനകമായ ദൃശ്യങ്ങള്‍. ജനങ്ങളെ കൂട്ടമായി മാറ്റി താമസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പല പ്രദേശങ്ങളിലെയും വിള്ളലുകളുടെ വലിപ്പം കൂടി എന്നും ചില റിപ്പോര്‍ട്ടുകള്‍.
ഭൂമി (നിലം ) താഴ്ന്ന് ഇരുന്നു പോകുന്ന Subsidence എന്ന പ്രതിഭാസം ആണ് ഇപ്പോള്‍ ജോഷിമഠില്‍ സംഭവിക്കുന്നത് എന്ന് വിദഗ്ധര്‍ അഭിപ്രായപെടുന്നു. ഈ പ്രശ്‌നങ്ങളിലേക്ക് നയിച്ച ജോഷിമഠിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് വിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. പ്രദേശത്തെ അനിയന്ത്രിതവും അശാസ്ത്രീയവുമായ വികസനപ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നു. അതേ സമയം, ജോഷിമഠ് സംബന്ധിച്ച വിവരങ്ങളും അഭിപ്രായങ്ങളും മാധ്യമങ്ങളില്‍ പങ്കുവക്കരുത് എന്ന് ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം ലഭിക്കുന്നു.
Content Highlights: joshimath ground subsidence scientific reasons