സമയരഥങ്ങളില്‍

By: അനൂപ് ഏലിയാസ്
വണ്ടികൾ ഒരിക്കലും കൃത്യമായ സമയം പാലിക്കാറില്ലെന്നത് അനുഭവംകൊണ്ട് നിശ്ചയമുണ്ടെങ്കിലും എഴുതപ്പെട്ട സമയത്തിനുംമുന്നേ കാത്തുനിൽക്കുക എന്നത് യാത്രക്കാരൻ എപ്പോഴും പാലിക്കേണ്ട നിയമമാണ്.നാലുമണിക്കൂറോളം ബസ്‌യാത്ര കഴിഞ്ഞുവേണം പത്തുമണിക്കൂർ നീണ്ടുനിൽക്കുന്ന തീവണ്ടി യാത്ര. നഗരത്തിലേക്ക് ഒന്നരമണിക്കൂറിനിടയിൽ മാത്രമുള്ള ബസുകളിൽ അടുത്തത് വരാൻ പത്തുമിനിറ്റ് ബാക്കി നിൽക്കുമ്പോൾ മുതലാളിയുടെ ചോദ്യംകേട്ട് നെഞ്ചുകാളി.''നിന്റെ കൊച്ച് സർക്കാർ ആശുപത്രിയിലല്ലേ, പിന്നെന്തിനാ പൈസ?''ഒന്നും പറയാതെ തലതാഴ്‌ത്തിനിന്നു. എന്തിന്‌ തർക്കിക്കണം? ഇരന്നുശീലമായി . തീവണ്ടിക്ക്‌ പൈസയില്ലാതെയും പോകാമെന്നായി. പക്ഷേ, ബസിൽ ടിക്കറ്റെടുക്കാതെ വയ്യ...''എന്താടാ, പൈസ തരുമ്പോഴെങ്കിലും ഒന്ന് ചിരിച്ചൂടെ നിനക്ക്...''ചിരിച്ചു. മുഖത്തെവിടെയോ നഖപ്പാടുവീണ നീറ്റൽ. വണ്ടിക്കൂലിക്കും മരുന്നിനും വേണ്ടിയുള്ള പൈസയ്ക്ക് ചിരിക്കുകമാത്രമല്ല, തലകുത്തി മറിയുകകൂടി ചെയ്യും. ആശുപത്രിയിൽ കിടക്കുന്ന ജീവന്റെ അവസ്ഥയെപ്പറ്റി അന്വേഷണമില്ലെങ്കിലും തരുന്ന ചില്ലറയ്ക്ക് നന്ദിപ്രകാശിപ്പിച്ചേ പറ്റൂ.നീണ്ട ബസ്‌യാത്രയൊടുങ്ങുമ്പോൾ രാത്രി വിളർത്തുതുടങ്ങിയിരുന്നു. ഇരിക്കാൻ ഇടമില്ലാത്ത സ്റ്റേഷന്റെ ഒരറ്റത്ത് മുഷിഞ്ഞ ബാഗ് പാദങ്ങൾക്കിടയിൽ തിരുകി പ്ലാറ്റ്‌ഫോമിലെ തൂണിൽ ചാരുമ്പോൾ സ്വയം ശാസിച്ചു- ഉറങ്ങരുത്, വൈകിയോടുന്ന വണ്ടികളുടെ അറിയിപ്പുകൾക്കുവേണ്ടി കാത്‌ തുറന്നുവെക്കേണ്ടതുണ്ട്.അപ്പോൾ പാർക്കിങ്ഗ്രൗണ്ടിലെ ഇടക്കിടെ മങ്ങിക്കത്തുന്ന നിയോൺ വിളക്കിൽനിന്ന് ഊർന്നിറങ്ങിയ നിഴൽവരകൾപോലെ രണ്ടുരൂപങ്ങൾ പ്ലാറ്റ്ഫോമിലെ അരമതിൽ നൂണ്ട് കടന്നുവന്നു-ഒരാണും ഒരു പെണ്ണും.സ്ത്രീ ഇടറിയ കാൽവെപ്പുകളുമായി അരികിലേക്കുവന്ന്‌ ധൃതികൊണ്ട് ഉഴറിയ ശബ്ദത്തിൽ ചോദിച്ചു: ''നിങ്ങളുടെ വണ്ടി വരാറായോ?''ഒന്നും പറഞ്ഞില്ല. ഒന്നും പറയാനായിട്ടില്ല. വണ്ടികൾക്ക് എപ്പോൾവേണമെങ്കിലും കടന്നുവരാം. പക്ഷേ, സമയപട്ടികയനുസരിച്ച് കാത്തുനിൽക്കുകയാണ് യാത്രക്കാരന്റെ നിയോഗം.കൈയിൽ ചുരുട്ടിവെച്ചിരുന്ന കുറച്ച് പൈസയും ബ്ലൗസിനുള്ളിൽ തിരുകിവെച്ചിരുന്ന ഒരു കടലാസ് തുണ്ടും തന്നിട്ട് അവൾ ചോദിച്ചു: ''അരമണിക്കൂർകൊണ്ട് വെളിച്ചാവും... കട തുറക്കുമ്പോഴേക്ക് ഈ മരുന്ന് വാങ്ങി ഒന്ന് ജനറലാശുപത്രിയില് കൊടുക്ക്വോ?''പിന്നെ മുഖത്തുനോക്കാതെ ശബ്ദംതാഴ്‌ത്തി പറഞ്ഞു: ''എന്റെ മോനാ... പേര് ചീട്ടിലുണ്ട് ''മുഷിഞ്ഞ ബനിയനുള്ളിലെ പഴകിയ േപഴ്‌സിൽ ഭദ്രമായി പൊതിഞ്ഞുവെച്ചിരുന്ന ഇരന്നുവാങ്ങിയ നോട്ടുകൾ ഒരു നിമിഷം നെഞ്ചിലെ ചോരയിൽ പാറിവീണ്‌ നനഞ്ഞെന്നുതോന്നി. ദൂരെയൊരു നഗരത്തിലെ കാൻസർ വാർഡിൽ പിറ്റേന്നത്തെ മരുന്നിന്‌ കാരുണ്യംകാത്ത് കിടക്കുന്ന കുഞ്ഞുമുഖം തെളിഞ്ഞുവന്നു. പക്ഷേ, എന്തെങ്കിലും പറയാൻ കഴിയുന്നതിനുമുമ്പ് എതിരേ ഒഴിഞ്ഞുകിടക്കുന്ന തീവണ്ടിയുടെ ഇരുട്ടുവീണ കൂടാരങ്ങൾക്കിടയിലേക്ക് ആ മനുഷ്യൻ അവളെ ധൃതിയിൽ വലിച്ച് കൂട്ടിക്കൊണ്ടുപോയി.രാത്രിയുടെ പിടിയിൽനിന്ന് കുതറാൻ ശ്രമിക്കുന്ന പുലർകാലത്തിലൂടെ അധികം ദൂരെയല്ലാത്ത ആശുപത്രിയിലേക്ക് നടക്കുമ്പോഴും ആദ്യം തുറക്കപ്പെടുന്ന മരുന്നുകടയ്ക്കുമുന്നിൽ കാത്തിരിക്കുമ്പോഴും വരാനിരിക്കുന്ന വണ്ടിയെക്കുറിച്ചുള്ള സമയബോധത്താൽ അയാൾ അസ്വസ്ഥനായിക്കൊണ്ടിരുന്നു. എന്നാൽ, ഇരുട്ടുമുഴുവനായി വാർന്നുപോകാത്ത മോർച്ചറിയുടെ വാതിലിനുമുന്നിൽ അവൾക്കുവേണ്ടി കാത്തിരിക്കുമ്പോൾ വരാനിരിക്കുന്ന വണ്ടികളുടെ സമയത്തെപ്പറ്റിയോ നെഞ്ചിനുസമീപം വിയർത്തുകുതിരുന്ന നോട്ടുകളെപ്പറ്റിയോ അയാൾ ഓർത്തതേയില്ല...
anoop1176@@gmail.com


VIEW ON mathrubhumi.com