ഒരു പന്ത്, ഒരേ മൈതാനം കളിക്കാന്‍ ലിംഗവ്യത്യാസമില്ലാതെ 11 പേര്‍

By: കൃപേഷ് കൃഷ്ണകുമാര്‍
ഒരോ ടീമിലും എഴു പെണ്‍കുട്ടികള്‍, 3 ആണ്‍കുട്ടികള്‍, ഭിന്നലിംഗത്തില്‍നിന്ന് ഒരാളും

മലപ്പുറം:
ആണും പെണ്ണും ഭിന്നലിംഗക്കാരുമുള്ള രണ്ട് ഫുട്‌ബോള്‍ ടീമുകള്‍ കളിക്കളത്തിന്റെ ഇരുഭാഗത്തുമായി പോരാടാനിറങ്ങുമ്പോള്‍ കേരള ഫുട്‌ബോളില്‍ പിറക്കുന്നത് ചരിത്രം. ഇലവന്‍സ് ഫുട്‌ബോളില്‍ ആദ്യമായാണ് ലിംഗവ്യത്യാസമില്ലാത്ത ടീമുകള്‍ ഫുട്‌ബോളിന്റെ പ്രിയതട്ടകമായ മലപ്പുറത്ത് പന്ത് തട്ടാനിറങ്ങുന്നത്. 'സമത്വത്തിന്റെയും ഒരുമയുടെയും വലിയ ആകാശമാണ് ഫുട്‌ബോള്‍' എന്ന സന്ദേശവുമായാണ് ഇത്തരമൊരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.
സമൂഹത്തിന്റെ എല്ലാ മേഖലയിലും നിലനില്‍ക്കുന്ന ലിംഗവിവേചനങ്ങള്‍ക്കെതിരെ കേരളാ ശാസ്ത്രസാഹിത്യപരിഷത്തിന്റെ സ്‌ക്രൈബ്‌സ് ശാസ്ത്ര സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായാണ് ജെന്‍ഡ്രല്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരം നടത്തുന്നത്. ഫെബ്രുവരി 10-ന് മലപ്പുറം കോട്ടപ്പടി നഗരസഭാ സ്റ്റേഡിയത്തിലാണ് കളി.
വനിതാ ഫുട്‌ബോള്‍ അക്കാദമി കോഴിക്കോട്, കടത്തനാട്ട് രാജ അക്കാദമി, സ്റ്റുഡന്റ്‌സ് എഫ്.സി. തൂത, വനിത അക്കാദമി വള്ളിക്കുന്ന് തുടങ്ങി നാലു ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും. ഓരോ ടീമിലും 7 പെണ്‍താരങ്ങളും 3 ആണ്‍താരങ്ങളും ഭിന്നലിംഗവിഭാഗത്തില്‍നിന്ന് ഒരാളും കളത്തിലിറങ്ങും. വിവിധ ജില്ലകളിലായി നടന്ന മത്സരങ്ങളുടെ ഫൈനല്‍ ഘട്ടത്തിനാണ് മലപ്പുറം വേദിയാകുന്നത്. ജില്ലാതലമത്സരങ്ങള്‍ സെവന്‍സായി നടന്നിരുന്നു. മലപ്പുറത്തെ അവസാനഘട്ടത്തില്‍ പതിനൊന്നംഗങ്ങളാണ് ഓരോ ടീമിലും ബൂട്ടുകെട്ടുക.
കേരളത്തിന്റെ ഇഷ്ടകളിയായതു കൊണ്ടാണ് ഫുട്‌ബോളിനെ ലിംഗതുല്യ മത്സരത്തിന് തിരഞ്ഞെടുത്തതെന്ന് സംഘാടകര്‍ പറയുന്നു. കാസര്‍കോട് നടന്ന ജില്ലാതല മത്സരത്തില്‍ ഭിന്നലിംഗ സാമൂഹികപ്രവര്‍ത്തക എഷാ കിഷോര്‍ ഫുട്‌ബോള്‍ കളിക്കാനെത്തിയിരുന്നു. ജീവിതത്തിലാദ്യമായി മൈതാനത്തുവെച്ച് പന്തില്‍ തട്ടിയപ്പോഴുണ്ടായ അനുഭവം അവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

Get daily updates from Mathrubhumi.com

Post Your Comment

ഒരു പന്ത്, ഒരേ മൈതാനം കളിക്കാന്‍ ലിംഗവ്യത്യാസമില്ലാതെ 11 പേര്‍

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Read more...
<>