കുട്ടികളുടെ പഠന നിലവാരമളക്കാന്‍ ദേശീയതലത്തില്‍ പരീക്ഷ

മലപ്പുറം:കുട്ടികളുടെ പഠനനിലവാരമളക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് പ്രത്യേക പരീക്ഷ നടത്തുന്നു. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേയുടെ ഭാഗമായാണ് രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും പരീക്ഷ നടത്തുന്നത്.തിരഞ്ഞെടുത്ത സ്‌കൂളുകളിലെ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരീക്ഷ. 13-ന് രാജ്യമൊട്ടാകെ നടക്കുന്ന പരീക്ഷയില്‍ കേരളത്തിലെ 2400 സ്‌കൂളുകളിലെ തിരഞ്ഞെടുത്ത ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിക്കും.അടിസ്ഥാനവിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ നിലവാരമളക്കുന്നതിനായി എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കിയ ചോദ്യപേപ്പറാണ് നല്‍കുക. കേരളത്തില്‍ സര്‍വശിക്ഷാ അഭിയാനും എസ്.സി.ഇ.ആര്‍.ടിയും ചേര്‍ന്നാണ് പരീക്ഷ നടത്തുന്നത്.മൂന്ന് , നാല് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഭാഷ, ഗണിതം, പരിസ്ഥിതിപഠനം വിഷയങ്ങളിലാണ് എഴുത്തുപരീക്ഷ. എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഭാഷ, ഗണിതം എന്നിവയ്ക്കുപുറമെ ശാസ്ത്രം, സാമൂഹികശാസ്ത്രം എന്നിവയിലെ മികവ് വിലയിരുത്തുന്നതിനുള്ള ചോദ്യപേപ്പറുകളും നല്‍കും.പരീക്ഷയ്ക്കുശേഷം കുട്ടികളുടെ കുടുംബ - സാമൂഹിക പശ്ചാത്തലം മനസ്സിലാക്കുന്നതിനുള്ള ചോദ്യാവലിയും നല്‍കും. അധ്യാപകരെക്കുറിച്ചറിയാന്‍ അധ്യാപകര്‍ക്കും സ്‌കൂളിന്റെ നിലവാരമറിയാന്‍ പ്രഥമാധ്യാപകര്‍ക്കും പ്രത്യേക ചോദ്യാവലി നല്‍കുമെന്നും സര്‍വശിക്ഷാ അഭിയാന്‍ സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ എ.കെ. സുരേഷ്‌കുമാര്‍ പറഞ്ഞു.


VIEW ON mathrubhumi.com