മണ്ഡലപൂജയ്ക്ക് നട തുറക്കുമ്പോള്‍ ശബരിമലയില്‍ അനിശ്ചിതാവസ്ഥ

ശബരിമല:തീര്‍ഥാടനം തുടങ്ങാന്‍ ആറുദിനംമാത്രം ശേഷിക്കെ, മുഖ്യചുമതലക്കാര്‍ സ്ഥാനമൊഴിയുമോ എന്ന ആശങ്കയിലാണിപ്പോള്‍ ശബരിമല. വിവിധ വിഷയങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും സംസ്ഥാനസര്‍ക്കാരുമായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസം പരസ്യമായിരുന്നു. ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കി ചുരുക്കിയ മന്ത്രിസഭാതീരുമാനം ഇനി ഗവര്‍ണര്‍ അംഗീകരിച്ച് ഓര്‍ഡിനന്‍സായി വരണം. പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലുമാണ് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്നത്. മറ്റൊരംഗം കെ.രാഘവന്‍ സ്ഥാനമേറ്റിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളൂ.തര്‍ക്കങ്ങള്‍ ഇങ്ങനെ
  • ശബരിമലയില്‍ 10-നും 50-നുമിടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശം നല്‍കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അനുകൂലനിലപാടു സ്വീകരിച്ചു. എല്ലാ സ്ത്രീകള്‍ക്കും പ്രവേശം വേണം എന്ന നിലപാട്, സുപ്രിംകോടതിയിലുള്ള കേസില്‍ സര്‍ക്കാര്‍ അറിയിച്ചു. നിശ്ചിതപ്രായത്തിലുള്ള സ്ത്രീകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നായിരുന്നു പ്രയാറും അജയ് തറയിലും സ്വീകരിച്ച നിലപാട്. ആചാരസംരക്ഷണത്തിന് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനായജ്ഞങ്ങള്‍ നടത്തിയതില്‍ സര്‍ക്കാര്‍ നീരസം പ്രകടിപ്പിച്ചു.
  • എല്ലാസമയത്തും ശബരിമലനട തുറക്കാന്‍പറ്റുമോ എന്നകാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞവര്‍ഷം ശബരിമല അവലോകനയോഗത്തില്‍ ചോദിച്ചു. പറ്റില്ലെന്ന് പ്രയാര്‍ ഉടന്‍ മറുപടി കൊടുത്തു. നടതുറക്കുന്നകാര്യം ആചാരപരമാണ്. അത് യോഗങ്ങളില്‍ തീരുമാനിക്കാന്‍ പറ്റില്ലെന്നായിരുന്നു മറുപടി.
  • ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റം: ശ്രീ അയ്യപ്പക്ഷേത്രം എന്നു പേരുമാറ്റിയത് സര്‍ക്കാരിനോടാലോചിച്ചല്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍; ക്രമം പാലിച്ചെന്ന് പ്രയാര്‍.
  • പൊന്നമ്പലമേട്ടില്‍ ക്ഷേത്രം വേണമെന്ന പ്രയാറിന്റെ അഭിപ്രായവും സര്‍ക്കാരിന്റെ എതിര്‍പ്പിനിടയാക്കി.
  • ദേവസ്വം ബോര്‍ഡും വനംവകുപ്പുമായുള്ള തര്‍ക്കങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ പരിഹാരത്തിനു ശ്രമിച്ചില്ലെന്ന് ആക്ഷേപം.
  • ശബരിമലയിലെ ട്രാക്ടര്‍, തൊഴിലാളി സമരങ്ങളില്‍ സി.ഐ.ടി.യു. അടക്കമുള്ള യൂണിയനുകളുടെ നിലപാടിനെ പ്രയാര്‍ എതിര്‍ത്തിരുന്നു. ശബരിമലയിലെ യൂണിയന്‍ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ പരോക്ഷപിന്തുണ നല്‍കിയെന്നു പരാതി.
ഒരുക്കങ്ങളെ ബാധിക്കുമോ
  • മണ്ഡല-മകരവിളക്ക് ആഘോഷത്തിന് നടതുറന്നാല്‍ എല്ലാ പ്രവര്‍ത്തനത്തിനും വേദിയൊരുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. മുഴുവന്‍ ബോര്‍ഡില്ലാതെവരുന്‌പോള്‍ പകരം ക്രമീകരണം എന്തെന്നു വ്യക്തമല്ല. നടതുറക്കുംമുമ്പ് ഗവര്‍ണറുടെ തീരുമാനം വരുമോയെന്നുമറിയില്ല. പുതിയ ബോര്‍ഡ് സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിലും വ്യക്തതയില്ല.
  • മുമ്പ് ഒരു തീര്‍ഥാടനകാലത്ത് ബോര്‍ഡില്ലാതെവന്നപ്പോള്‍ കെ.ജയകുമാറിന് ബോര്‍ഡിന്റെ അധികാരം നല്‍കി അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആ മാതൃക സ്വീകരിക്കാം. അല്ലെങ്കില്‍ ബോര്‍ഡ് സെക്രട്ടറിക്കു ചുമതല നല്‍കാം. ഒരംഗംമാത്രമായാല്‍ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പറ്റില്ലെന്ന പ്രശ്‌നവും നിലനില്‍ക്കുന്നു.


VIEW ON mathrubhumi.com