കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ മുന്നണിപ്രവേശം പ്രഖ്യാപിക്കില്ല

By: അനീഷ് ചന്ദ്രന്‍
കോട്ടയം:ഏതു മുന്നണിയെ പിന്തുണയ്ക്കണമെന്നതില്‍ നിര്‍ണായകപ്രഖ്യാപനത്തിനൊരുങ്ങിയിരുന്ന കേരള കോണ്‍ഗ്രസ്(എം) തീരുമാനം വൈകിപ്പിച്ചേക്കും. ഡിസംബറില്‍ കോട്ടയത്തു ചേരുന്ന പാര്‍ട്ടി സംസ്ഥാനസമ്മേളനത്തില്‍ മുന്നണിബന്ധത്തെക്കുറിച്ചു പരാമര്‍ശിച്ചേക്കില്ല. സമ്മേളനത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം നേരത്തേ സൂചന നല്‍കിയിരുന്നത്. മുന്നണിപ്രവേശകാര്യത്തില്‍ ഉചിതസമയത്തു തീരുമാനമെടുക്കുമെന്നേ ഇപ്പോള്‍ പാര്‍ട്ടിനേതൃത്വം പറയുന്നുള്ളൂ.തദ്ദേശസ്ഥാപനങ്ങളില്‍ സി.പി.എമ്മിനനുകൂലമായ സമീപനമാണ് കുറെക്കാലമായി മാണിവിഭാഗം സ്വീകരിച്ചിരുന്നത്. എന്നാല്‍, സോളാര്‍ കമ്മിഷന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ ജോസ് കെ.മാണി എം.പി.യുടെപേരില്‍ ആരോപണം വന്നതോടെ, ഇടതുമുന്നണിയിലേക്കുള്ള പ്രവേശം എളുപ്പമല്ല. ഇപ്പോഴത്തെ സ്ഥിതിഗതികളുള്‍പ്പെടെ അവലോകനംചെയ്യാന്‍ ബുധനാഴ്ച പാലായില്‍ ഉന്നതതലയോഗം നടത്തും. സമ്മേളന ഒരുക്കങ്ങളും ചര്‍ച്ചയാകും. ഒരുദിവസം നീളുന്ന യോഗത്തില്‍ പാര്‍ട്ടിയുടെ 140 മണ്ഡലം പ്രസിഡന്റുമാരും നിര്‍ബന്ധമായും പങ്കെടുക്കണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.ഡിസംബര്‍ 14 മുതല്‍ 16 വരെയാണ് സംസ്ഥാന സമ്മേളനം. റാലിയില്‍ ഒരുലക്ഷംപേരെ പങ്കെടുപ്പിക്കാനും ലക്ഷ്യമിട്ടിട്ടുണ്ട്. പുതിയ സാഹചര്യം സമ്മേളനത്തിന്റെ പകിട്ടു കുറയ്ക്കരുതെന്നും പാര്‍ട്ടിക്കു നിര്‍ബന്ധമുണ്ട്. അതിനുള്ള തയ്യാറെടുപ്പുകളാവും ബുധനാഴ്ചത്തെ യോഗത്തില്‍ പ്രധാനചര്‍ച്ച.എല്‍.ഡി.എഫുമായി സഹകരിക്കുന്നതില്‍ അതൃപ്തിയിലായിരുന്ന പാര്‍ട്ടിയിലെ ജോസഫ് വിഭാഗത്തിന്റെ നീക്കവും ഇനി ശ്രദ്ധേയമാകും. യു.ഡി.എഫുമായി വീണ്ടും അടുക്കണമെന്ന താത്പര്യമാണ് ജോസഫ് ഗ്രൂപ്പില്‍ ചിലര്‍ക്കുള്ളത്. സി.പി.എമ്മുമായുള്ള സഹകരണത്തിനു താത്പര്യം പ്രകടിപ്പിച്ചിരുന്ന മാണിവിഭാഗം, ജോസഫ് വിഭാഗത്തെ അതിനനുകൂലമാക്കാന്‍ ശ്രമിച്ചുവരികയായിരുന്നു.സി.പി.എം.ബന്ധം സംബന്ധിച്ച് എതിരഭിപ്രായമുണ്ടായിരുന്ന പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ.ആഗസ്തിയെ കഴിഞ്ഞദിവസം നീക്കിയിരുന്നു. കെ.എം.മാണിയുമായുള്ള ബന്ധം തെക്കന്‍ജില്ലകളില്‍ നേട്ടമാകുമെന്ന നിലപാട് സി.പി.എം. സംസ്ഥാനനേതൃത്വത്തിനുമുണ്ടായിരുന്നു. സി.പി.ഐ.യുടെ എതിരഭിപ്രായത്തെപ്പോലും അവഗണിച്ചുവരികയായിരുന്നു, അവര്‍. സോളാര്‍ റിപ്പോര്‍ട്ട് വന്നതോടെ സി.പി.എമ്മിനും തിരക്കിട്ട തീരുമാനം എളുപ്പമല്ല.അതേസമയം, തനിക്കെതിരേയുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കിയ ജോസ് കെ.മാണി അന്വേഷണത്തെ സ്വാഗതംചെയ്തിട്ടുണ്ട്.15-ന് പാലായില്‍ നടക്കുന്ന യോഗം സംസ്ഥാനസമ്മേളനത്തിന്റെ മുന്നൊരുക്കം ചര്‍ച്ചചെയ്യാന്‍ മാത്രമുള്ളതാണെന്ന് കേരള കോണ്‍ഗ്രസ്(എം) ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം എം.പി. പറഞ്ഞു. മറ്റു പ്രചാരണങ്ങളില്‍ കഴന്പില്ല. രാഷ്ട്രീയതീരുമാനം സംസ്ഥാനസമ്മേളനത്തിലുണ്ടായേക്കും. ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാന്‍ ധൃതിപിടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


VIEW ON mathrubhumi.com