കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്റെ അനുസ്മരണവേദിയില്‍ പ്രതിയും

കണ്ണൂര്‍:കൊല്ലപ്പെട്ട സി.പി.എം. പ്രവര്‍ത്തകന്റെ അനുസ്മരണച്ചടങ്ങില്‍ ഇതേ കേസിലെ പ്രതി സ്വാഗതം പറഞ്ഞത് വിവാദമാകുന്നു. എരഞ്ഞോളി കുടക്കളത്തെ എം.കെ.സുധീര്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാള്‍ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തതാണ് സാമൂഹികമാധ്യമങ്ങളിലും പാര്‍ട്ടി അണികളിലും ചര്‍ച്ചയാകുന്നത്.

2007 നവംബര്‍ അഞ്ചിനാണ് കാര്‍ ഡ്രൈവറായ സുധീര്‍കുമാര്‍ കാവുംഭാഗം എച്ച്.എസ്.എസിന് സമീപത്തെ വീട്ടുപറമ്പില്‍ കൊല്ലപ്പെട്ടത്. സ്‌കൂളില്‍നിന്ന് വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുവരുമ്പോഴാണ് കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ബി.ജെ.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ പ്രതികളായ കേസ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണയിലാണ്.

കേസിലെ മുഖ്യപ്രതികളിലൊരാളായ യുവാവ് അടുത്തകാലത്താണ് ബി.ജെ.പി.വിട്ട് സി.പി.എമ്മിന്റെ സജീവപ്രവര്‍ത്തകനായത്. ഇദ്ദേഹത്തെ രണ്ടുദിവസം മുമ്പ് കുടക്കളത്ത് നടന്ന സുധീര്‍ രക്തസാക്ഷി അനുസ്മരണത്തില്‍ സ്വാഗതപ്രസംഗകനാക്കിയത് പ്രവര്‍ത്തകരില്‍ അഭിപ്രായവ്യത്യാസത്തിനിടയാക്കിയിരുന്നു. രക്തസാക്ഷികുടുംബങ്ങളെ സഹായിക്കാന്‍ പാര്‍ട്ടി ധനസമാഹരണം നടത്തുമ്പോള്‍ പ്രതിയെത്തന്നെ സംരക്ഷിക്കുന്ന നിലപാടിലുള്ള പ്രതിഷേധം അണികള്‍ രഹസ്യമായി പങ്കുവെയ്ക്കുകയാണ്. ഇക്കാര്യം അവര്‍ സാമൂഹികമാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കുന്നുമുണ്ട്.

സുധീര്‍ കൊല്ലപ്പെട്ട സ്ഥലത്തിനടുത്തുനിന്ന് വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ കൈപ്പത്തി സംബന്ധിച്ച പരിശോധനാറിപ്പോര്‍ട്ട് കേസിനെ വീണ്ടും ചര്‍ച്ചയാക്കിയ സാഹചര്യത്തിലാണ് വിവാദസംഭവമുണ്ടായിരിക്കുന്നത്. കൈപ്പത്തിയില്‍നിന്ന് ശേഖരിച്ച രക്തം ശാസ്ത്രീയപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ സുധീറിന്റെ രക്തവുമായി യോജിക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണ് കേസിനെ വീണ്ടും ശ്രദ്ധാകേന്ദ്രമാക്കിയത്.


VIEW ON mathrubhumi.com