പ്രവാസികള്‍ക്ക് മുക്ത്യാര്‍ വോട്ട്: ബില്‍ കൊണ്ടുവരുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:രാജ്യത്തെ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് മുക്ത്യാര്‍ വോട്ട് (പകരക്കാരെ ഉപയോഗിച്ച് വോട്ടു ചെയ്യുന്നത്) അനുവദിക്കുംവിധം നിയമഭേദഗതി കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. പ്രവാസി ഇന്ത്യക്കാര്‍ക്ക് മുക്ത്യാര്‍ വോട്ട് അനുവദിക്കുന്നതിന് കേന്ദ്രമന്ത്രിസഭ ഓഗസ്റ്റില്‍ അംഗീകാരം നല്‍കിയിരുന്നു.

കേന്ദ്രം നിലപാട് അറിയിച്ചതിനെത്തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിഷയം 12 ആഴ്ചത്തേക്ക് മാറ്റിവെച്ചു. പ്രവാസി ബിസിനസുകാരനായ ഡോ. വി.പി. ഷംസീറിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

ചട്ടം മാത്രം മാറ്റം വരുത്തിക്കൊണ്ട് പ്രവാസികള്‍ക്ക് വോട്ടനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കേണ്ടതുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അറിയിച്ചിരുന്നു.

2014-ലാണ് പ്രവാസി വോട്ട് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതിയിലെത്തിയത്. അന്നു മുതല്‍ നിയമ ഭേദഗതി വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരുന്നതല്ലാതെ ഒന്നുമുണ്ടായില്ലെന്ന് കോടതി നേരത്തേ ചൂണ്ടിക്കാട്ടുകയുണ്ടായി.


VIEW ON mathrubhumi.com