വര്‍ഗീയ ശക്തികളുടെ തിരിച്ചുവരിവ് അവസരമുണ്ടാക്കരുത്-കുഞ്ഞാലിക്കുട്ടി

ബെംഗളൂരു:കര്‍ണാടകത്തില്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മതേതരശക്തികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. ബി.ജെ.പി., സംഘപരിവാര്‍ ശക്തികളെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താന്‍ മതേതരകക്ഷികളുടെ കൂട്ടായ്മ ആവശ്യമാണ്. മഹാത്മാഗാന്ധിയെയും ഗൗരി ലങ്കേഷിനെയും വധിച്ചതിനുപിന്നില്‍ ഒരേ ശക്തികളാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിമുതല്‍ ഗൗരിവരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന ദേശീയ ഫാസിസ്റ്റ് വിരുദ്ധ കാമ്പയിനിന്റെ ഉദ്ഘാടനം ബെംഗളൂരുവില്‍ നിര്‍വഹിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഗാന്ധിജിയോടും അദ്ദേഹത്തിന്റെ ജീവിതസന്ദേശത്തോടും ചെയ്ത നന്ദികേട്, അദ്ദേഹത്തെ ഇല്ലാതാക്കിയ പ്രത്യയശാസ്ത്രത്തിന് അധികാരം നല്‍കിയെന്നതാണ്. നോട്ട് നിരോധനം ചരിത്രപരമായ വിഡ്ഡിത്തമായിരുന്നു. സമ്പദ്വ്യവസ്ഥ തകര്‍ന്നു. ഏകാധിപത്യ ഭരണമാണ് മോദി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സ്വതന്ത്രചിന്തയെ ഫാസിസം ഭയപ്പെടുത്തുന്നതിന്റെ തെളിവാണ് ഗൗരി ലങ്കേഷിന്റെ വധം. എം.എം. കല്‍ബുര്‍ഗി, ഗോവിന്ദ് പാന്‍സരെ, നരേന്ദ്ര ദാഭോല്‍ക്കര്‍ എന്നിവര്‍ അസഹിഷ്ണുതയുടെ ഇരകളായിരുന്നു. -അദ്ദേഹം പറഞ്ഞു.

അഹിംസയാണ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആധാരശിലയെന്ന് പ്രശസ്ത പംക്തീകാരന്‍ രാം പുനിയാനി പറഞ്ഞു. ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ നമ്മുടെ വ്യത്യസ്തതയാണ് അഹിംസാ പാരമ്പര്യം. എന്നാല്‍, ഇന്ന് ഹിംസാത്മകമായ പ്രത്യയശാസ്ത്രമാണ് നാടുവാഴുന്നത്. മോദി ഭരണകൂടത്തിന്റെയും സംഘപരിവാറിന്റെയും ഭാവം ഹിംസയാണ്. ഇതിനെതിരേ ഗാന്ധിയന്‍ മൂല്യബോധം ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ്. ഗഫാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ദസ്തഗീര്‍ ആഖ, സിറാജ് ഇബ്രാഹിം സേട്ട്, മൗലാന മുഹമ്മദലി, അഡ്വ. ഫൈസല്‍ ബാബു, ഉമര്‍ ഇനാംദാര്‍, നസ്‌റുള്ള ഖാന്‍, കെ.എം.സി.സി. നേതാക്കളായ എം.കെ. നൗഷാദ്, ഉസ്മാന്‍ ടി., യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ. കെ.എം. ഹനീഫ്, അഡ്വ. സല്‍മാന്‍, കെ.സി. മുജീബ് റഹ്മാന്‍, ഷിബു മീരാന്‍, സയ്യിദ് സിദ്ദീഖ് തങ്ങള്‍, പി.എം. മുഹമ്മദലി ബാബു, റഷീദ് ഹാജി, റഷീദ് മാഹി എന്നിവര്‍ സംസാരിച്ചു.

ആര്‍.എസ്.എസ്. മേധാവിയുടെ

പ്രസ്താവന കേരളത്തിന് അപമാനം

ബെംഗളൂരു:
ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന കേരളത്തിന് അപമാനമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിലും ബംഗാളിലും ജിഹാദികള്‍ സജീവമാണെന്നാണ് ഭാഗവത് പറഞ്ഞത്.

ആര്‍.എസ്.എസ്.-സംഘപരിവാര്‍ സംഘടനകള്‍ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ഇത്തരം പ്രസ്താവനകളിറക്കുന്നത്. വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളില്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള ശ്രമം വിജയിക്കില്ല. കേരളത്തെ താഴ്ത്തിക്കെട്ടാനുള്ള ആര്‍.എസ്.എസ്. ശ്രമം ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.


VIEW ON mathrubhumi.com