മൈസൂരു വഴിയുള്ള കണ്ണൂര്‍ എക്‌സ്​പ്രസ് നാലു ദിവസം ശ്രാവണബെലഗോളെ വഴി

മൈസൂരു:ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് മൈസൂരു വഴിയുള്ള തീവണ്ടി സര്‍വീസ് ആഴ്ചയില്‍ നാലുദിവസം ഹാസനിലെ ശ്രാവണബെലഗോളെ വഴിയാകും. 2018 ഫെബ്രുവരി 10 മുതലാണ് മാറ്റം നിലവില്‍ വരിക.

ബുധന്‍, വ്യാഴം, വെള്ളി. ശനി ദിവസങ്ങളിലാണ് ശ്രാവണബെലഗോളെ വഴിയുള്ള സര്‍വീസ്. ഈ ദിവസങ്ങളില്‍ രാത്രി 7.15-നാണ് തീവണ്ടി (16511/16512 ) ബെംഗളൂരുവില്‍നിന്ന് പുറപ്പെടുക. പിറ്റേന്ന് രാവിലെ 6.20-ന് മംഗളൂരുവിലെത്തുന്ന തീവണ്ടി രാവിലെ 10-ന് കണ്ണൂരിലെത്തിച്ചേരും. കാസര്‍കോട് (7.28), കാഞ്ഞങ്ങാട് (7.53), പയ്യന്നൂര്‍ (9.08) എന്നിങ്ങനെയായിരിക്കും തീവണ്ടി എത്തിച്ചേരുന്ന സമയം.

തിരിച്ച് കണ്ണൂരില്‍നിന്ന് ശ്രാവണബെലഗോളെ വഴി ബെംഗളൂരുവിലേക്കുള്ള സര്‍വീസ് ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളിലായിരിക്കും. വൈകീട്ട് 4.40-ന് പുറപ്പെടുന്ന തീവണ്ടി രാവിലെ 6.55-ന് ബെംഗളൂരുവിലെത്തിച്ചേരും. അതിനാല്‍, ആഴ്ചയില്‍ മൂന്നുദിവസം മാത്രമേ മൈസൂരു വഴി കണ്ണൂരിലേക്ക് തീവണ്ടിയുടെ സര്‍വീസ് ഉണ്ടാവുകയുള്ളു. ഞായര്‍, തിങ്കള്‍, ചൊവ്വ എന്നീ ദിവസങ്ങളിലാണത്. സമയക്രമം നിലവിലേതുപോലെ തുടരും.

തീവണ്ടിയുടെ റൂട്ട് മാറ്റുന്നതിന്റെ ഭാഗമായി ഫെബ്രുവരി മുതലുള്ള റിസര്‍വേഷന്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. നിലവില്‍ ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍നിന്ന് രാത്രി 8.30-ന് പുറപ്പെടുന്ന തീവണ്ടി രാത്രി 11.05-ന് മൈസൂരുവിലെത്തുകയും ഹാസന്‍, മംഗളൂരു വഴി പിറ്റേന്ന് രാവിലെ 11.10-ന് കണ്ണൂരിലെത്തുകയുമാണ് ചെയ്യുക.


VIEW ON mathrubhumi.com