നിക്ഷേപപദ്ധതികള്‍; ഗുജറാത്തിനെ പിന്നിലാക്കി കര്‍ണാടകം

ബെംഗളൂരു:രാജ്യത്ത് ഗുജറാത്തിനെ പിന്തള്ളി കര്‍ണാടകം ഏറ്റവും മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമായി. കഴിഞ്ഞ ഒമ്പതു മാസത്തിനിടയില്‍ 1,47,625 കോടി രൂപയുടെ നിക്ഷേപ പദ്ധതികളാണ് കര്‍ണാടകം നേടിയത്. ഇതേ കാലയളവില്‍ ഗുജറാത്തിന് ലഭിച്ചത് 65,741 കോടി രൂപയുടേതാണ്.

ഗുജറാത്ത് നേടിയതിന്റെ ഇരട്ടി നിക്ഷേപപദ്ധതികളാണ് കര്‍ണാടകത്തിന് ലഭിച്ചത്. വാണിജ്യവ്യവസായ മന്ത്രാലയത്തിലെ ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ വകുപ്പിന്റെ കണക്കിലാണ് കര്‍ണാടകത്തിന്റെ നേട്ടത്തെക്കുറിച്ച് വിവരിക്കുന്നത്. ജനുവരിമുതല്‍ സെപ്റ്റംബര്‍വരെ രാജ്യത്തിന് ലഭിച്ച 3,32,266 കോടി രൂപയുടെ നിക്ഷേപപദ്ധതികളില്‍ 44.43 ശതമാനവും കര്‍ണാടകം നേടി. ഗുജറാത്തിന് ലഭിച്ചത് 19.79 ശതമാനം നിക്ഷേപപദ്ധതികളാണ്.

നിക്ഷേപം സമാഹരിക്കുന്നതില്‍ മൂന്നാം സ്ഥാനം 25,018 കോടി രൂപയുടെ നേട്ടവുമായി മഹാരാഷ്ട്രയാണ്. കര്‍ണാടകം കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച ഐ.ടി., സ്റ്റാര്‍ട്ടപ്പ് നയങ്ങള്‍ നിക്ഷേപ സമാഹരണത്തില്‍ പ്രധാന പങ്കുവഹിച്ചതായാണ് കണക്കാക്കുന്നത്. മികച്ച തൊഴില്‍ അന്തരീക്ഷവും നിക്ഷേപ സൗഹൃദ നയങ്ങളും മുന്നേറാന്‍ സഹായിച്ചതായി കര്‍ണാടക വ്യവസായമന്ത്രി ആര്‍.വി. ദേശ്പാണ്ഡെ പറഞ്ഞു.


VIEW ON mathrubhumi.com