ഹൈദരാബാദ് സര്‍വകലാശാലയില്‍ സംഘര്‍ഷാവസ്ഥ

By: സി.കെ. റിംജു
ഹൈദരാബാദ്:ഹൈദരാബാദ് സര്‍വകലാശാലയിലെ 10 വിദ്യാര്‍ഥികളെ പുറത്താക്കിയ സംഭവത്തില്‍ കാമ്പസില്‍ പ്രതിഷേധം പുകയുന്നു.കഴിഞ്ഞയാഴ്ച ആണ്‍കുട്ടികളുടെ ജെ ബ്ലോക്ക് ഹോസ്റ്റലില്‍ പരിശോധന നടത്താനെത്തിയ സര്‍വകലാശാല അധികൃതരെ തടഞ്ഞെന്നും അസഭ്യം പറഞ്ഞെന്നും ആരോപിച്ചാണ് 10 വിദ്യാര്‍ഥികളെ രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
നവംബര്‍ മൂന്നിന് രാത്രി ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ താമസിക്കുന്നുണ്ടെന്ന് സംശയിച്ചാണ് ഡെപ്യൂട്ടി ചീഫ് വാര്‍ഡനും സെക്യൂരിറ്റി ഗാര്‍ഡുകളും ഹോസ്റ്റല്‍ റെയ്ഡുചെയ്യാനെത്തിയത്.
ഇത് വിശ്വാസമില്ലായ്മയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ തടഞ്ഞു. നവംബര്‍ നാലിന് 10 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു.അതിനുശേഷം കാമ്പസില്‍ പ്രതിഷേധം ശക്തമായി. കഴിഞ്ഞവര്‍ഷം രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളുടെ ഓര്‍മയില്‍ അധികൃതര്‍ നിയമം കര്‍ശനമാക്കി.
കാമ്പസില്‍ കൂട്ടംകൂടി നില്‍ക്കുന്നതും ഫോട്ടോ എടുക്കുന്നതും നിരോധിച്ച് ഉത്തരവിറക്കി. സെക്യൂരിറ്റി ഓഫീസര്‍ പ്രതിഷേധക്കാരുടെ ഫോട്ടോ എടുക്കാന്‍ തുടങ്ങിയതോടെ വിദ്യാര്‍ഥികള്‍ ക്ഷുഭിതരായി.
ജനാധിപത്യവിരുദ്ധനടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നതെന്നാരോപിച്ച് വിവിധ വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തി.
പുറത്തുനിന്നെ വിദ്യാര്‍ഥികളെ പ്രകോപിപ്പിക്കുന്നുണ്ടെന്ന സൂചനയില്‍ അധികൃതര്‍ ക്യാമ്പസിലെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന കര്‍ശനമാക്കി.അധികൃതര്‍ അനാവശ്യമായി വിദ്യാര്‍ഥികളെ ഉപദ്രവിക്കുകയാണെന്ന് യൂണിയന്‍ ഭാരവാഹി ശ്രീരാഗ് ആരോപിച്ചു.ഹോസ്റ്റല്‍ റെയ്ഡ് ചെയ്യാനെത്തിയവരെ വിദ്യാര്‍ഥികള്‍ ഉപദ്രവിച്ചിട്ടില്ല.
സ്വകാര്യതയില്‍ കൈകടത്തുന്നതിനെ ചോദ്യംചെയ്തിട്ടേയുള്ളൂ. പകപോക്കുന്ന നടപടിയാണ് വൈസ് ചാന്‍സലറും ഹോസ്റ്റല്‍ വാര്‍ഡനും കൈക്കൊള്ളുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും ശ്രീരാഗ് പറഞ്ഞു..ഏതുനിമിഷവും ഇടപെടാന്‍ പോലീസ് സേനയേയും തയ്യാറാക്കിവെച്ചിട്ടുണ്ട്.കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ രണ്ടുമാസത്തോളം നീണ്ട പ്രതിഷേധമാണ് ഹൈദരാബാദ് സര്‍വകലാശാലയെ യുദ്ധക്കളമാക്കിയത്.


VIEW ON mathrubhumi.com