നൈസാമിന്റെ ആഭരണശേഖരം ഹൈദരാബാദിലെത്തിക്കും - മുഖ്യമന്ത്രി കെ.സി.ആര്‍.

ഹൈദരാബാദ്: നൈസാമിന്റെ സമ്പാദ്യമായിരുന്ന സ്വര്‍ണത്തിന്റെയും തങ്കത്തിന്റെയും ആഭരണങ്ങളുടെ വന്‍ശേഖരം (നൈസാം ജൂവലറി) തിരിച്ച് ഹൈദരാബാദിലെത്തിക്കുമെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. തെലങ്കാനാ നിയമസഭയിലാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്.
മജിലിസ് നിയമസഭാകക്ഷി നേതാവ് അക്ബാദിനാണ് പ്രസംഗമധ്യേ മുഖ്യമന്ത്രിയോട് ആഭരണങ്ങള്‍ ഹൈദരാബാദിലേക്ക് തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ടത്. ആയിരക്കണക്കിന് കോടി രൂപ വിലമതിക്കുന്ന നൈസാമിന്റെ ആഭരണശേഖരം ഇപ്പോള്‍ ന്യൂഡല്‍ഹിയിലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കര്‍ റൂമിലാണ്.ഹൈദരാബാദിന്റെ മുഖമുദ്രയാണ് അവസാനത്തെ നൈസാമായിരുന്ന മിര്‍ ഉസ്മാന്‍ അലിഖാന്റെ ആഭരണശേഖരമെന്ന് അദ്ദേഹം പറഞ്ഞു. 150-ഓളം വൈവിധ്യമാര്‍ന്ന ആഭരണങ്ങളാണ് ശേഖരത്തിലുള്ളത്. ഏറെ തിളക്കമാര്‍ന്ന 185 കാരറ്റില്‍ തീര്‍ത്ത ലോകപ്രശസ്തമായ ജേക്കബ് ഡയമണ്ടും ഉള്‍പ്പെടുന്നു.
ഇത് പണ്ട് നൈസാം തന്റെ കൊട്ടാരത്തില്‍ പേപ്പര്‍വെയിറ്റായി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ആഭരണശേഖരം മുമ്പ് ഹൈദരാബാദിലെ സലാര്‍ജങ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട് ഇവ തിരിച്ച് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയിലെ റിസര്‍വ് ബാങ്ക് ലോക്കറിലേക്ക് സുരക്ഷിതമായി സൂക്ഷിക്കാന്‍ കൊണ്ടുപോയി.
ഇതിനിടെ മുസ്ലിം ന്യൂനപക്ഷത്തെ അകമഴിഞ്ഞു സഹായിക്കുന്നതിന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ മജിലിസ് നിയമസഭാകക്ഷി നേതാവ് പ്രശംസിച്ചു. കെ.സി.ആര്‍. സര്‍ക്കാര്‍ സംവരണത്തിലും മറ്റെല്ലാ കാര്യത്തിലും മുസ്ലിം ന്യൂനപക്ഷത്തിന് വന്‍ സഹായമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.മജിലിസും തെലങ്കാനാ രാഷ്ട്രസമിതിയും 2019-ലെ തിരഞ്ഞെടുപ്പില്‍ ഒന്നിച്ചു മത്സരിക്കുമെന്നും വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരുമെന്നും അക്ബറുദ്ദീന്‍ പറഞ്ഞു.


VIEW ON mathrubhumi.com