മന്നാര്‍കുടി കുടുംബത്തെ അരിച്ചുപെറുക്കി ആദായനികുതി വകുപ്പ്

By: പ്രശാന്ത് കാനത്തൂര്‍
ചെന്നൈ:എ.ഐ.എ.ഡി.എം.കെ. വിമതനേതാക്കളായ വി.കെ. ശശികല, ടി.ടി.വി. ദിനകരന്‍ എന്നിവരുള്‍പ്പെട്ട മന്നാര്‍കുടി കുടുംബാംഗങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് വെള്ളിയാഴ്ചയും തുടര്‍ന്നു. 147 ഇടങ്ങളിലാണ് വെള്ളിയാഴ്ച റെയ്ഡ് നടന്നത്.
മുന്നൂറിലേറെപ്പേര്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണെന്നറിയുന്നു. ശശികലയുടെ അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടേതായി 317 ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചിട്ടുണ്ട്.തിങ്കളാഴ്ചവരെ റെയ്ഡ് തുടരാനാണ് സാധ്യത. വ്യാജ കമ്പനികളിലെ അനധികൃത നിക്ഷേപം, നികുതിവെട്ടിപ്പ്, ഭൂമാഫിയയുമായി ബന്ധപ്പെട്ട രേഖകള്‍, വിവിധ കമ്പനികളിലെ നിക്ഷേപം, ബാങ്ക് നിക്ഷേപം തുടങ്ങിയവയുടെ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് സൂചന.
ശശികലയുടെയും ദിനകരന്റെയും നിയന്ത്രണത്തിലുള്ള ജയ ടി.വി. ഓഫീസിലും പാര്‍ട്ടി മുഖപത്രമായ ഡോ.നമതു എം.ജി.ആര്‍. ഓഫീസിലും വെള്ളിയാഴ്ചയും പരിശോധന തുടര്‍ന്നു. ചെന്നൈയില്‍മാത്രം 100 ഇടങ്ങളിലാണ് പരിശോധന തുടരുന്നത്. തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, ആന്ധ്ര, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ 187 കേന്ദ്രങ്ങളിലായിരുന്നു പരിശോധന.ദിനകരന്റെ ചെന്നൈ അഡയാറിലുള്ള വീട്, ഭാര്യ അനുരാധയുടെ ചെന്നൈയിലെ മൂന്ന് ഓഫീസുകള്‍, ജയലളിതയെ ചികിത്സിച്ച ശശികലയുടെ ബന്ധുവായ ഡോക്ടര്‍ ശിവകുമാര്‍, ജയ ടി.വി. മാനേജിങ് ഡയറക്ടറും ശശികലയുടെ സഹോദരന്റെ മകനുമായ വിവേക് ജയരാമന്‍, സഹോദരി കൃഷ്ണപ്രിയ, ഡയറക്ടര്‍ നടരാജന്‍, മന്നാര്‍കുടിയില്‍ ശശികലയുടെ സഹോദരന്‍ ദിവാകരന്‍, മറ്റൊരു സഹോദരന്റെ പുത്രന്‍മാരായ പരേതനായ മഹാദേവന്‍, ശിവം, ചിന്നയ്യ, നടരാജന്റെ ജ്യേഷ്ഠന്റെ മകള്‍ വെങ്കിടേശ് തുടങ്ങി നിരവധി ബന്ധുക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന തുടരുന്നു.
ഇവരുടെ ഉടമസ്ഥതയിലുള്ള 19 കമ്പനികളില്‍ പെട്ട ജാസ് സിനിമാസ്, മിഡാസ് ഡിസ്റ്റിലറി, സുരാനാ ഗ്രൂപ്പ് തുടങ്ങിയ ഇടങ്ങളില്‍ രേഖകള്‍ പരിശോധിക്കാനായി കൂടുതല്‍ ഉദ്യോഗസ്ഥരെ എത്തിച്ചു. കോടനാട് എസ്റ്റേറ്റിലും പരിശോധനയ്ക്കായി മുപ്പതിലധികം ഉദ്യോഗസ്ഥരെത്തി. ഇവിടെ വിവിധ പേരുകളില്‍ തേയിലക്കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കമ്പനികള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍നിന്ന് ഏതാനും രേഖകള്‍ ലഭിച്ചതായാണ് സൂചന.ചെന്നൈയില്‍ ദിനകരന്റെയും സുന്തരകോട്ടൈയില്‍ ദിവാകരന്റെയും വീടുകള്‍ക്ക് മുമ്പില്‍ അനുയായികള്‍ സംഘര്‍ഷത്തിന് മുതിര്‍ന്നതോടെ പോലീസ് സുരക്ഷ ശക്തമാക്കി. ദിനകരന്റെ അനുചരനും ആണ്ടിപ്പട്ടി എം.എല്‍.എ.യുമായ തങ്കത്തമിഴ്‌സെല്‍വന്റെ വിശ്വസ്ഥന്റെ കമ്പത്തെ വീട്ടിലും പരിശോധന നടത്തി. ടി.ടി.വി. ദിനകരന്റെ സഹോദരന്‍ ഭാസ്‌കറിന്റെ ചെന്നൈ നീലാങ്കരയിലെ വീട്ടില്‍നിന്ന് ഏഴുകിലോ സ്വര്‍ണവും കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക ഇടപാടു സംബന്ധിച്ച രേഖകളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.


VIEW ON mathrubhumi.com