ശശികലപക്ഷത്തെ നേരിടാന്‍ പളനിസ്വാമി വിഭാഗം ടി.വി. ചാനലും പത്രവും തുടങ്ങുന്നു

ചെന്നൈ:മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ.പക്ഷം ടെലിവിഷന്‍ ചാനലും പത്രവും തുടങ്ങാന്‍ പദ്ധതിയിടുന്നു. പാര്‍ട്ടിയുടെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം. എ.ഐ.എ.ഡി.എം.കെ. മുഖപത്രം നമതു എം.ജി.ആറും ജയ ടി.വി.യും ഇപ്പോള്‍ എതിര്‍ചേരിയിലെ വി.കെ.ശശികലയുടെയും ടി.ടി.വി.ദിനകരന്റെയും പിടിയിലാണ്. അവരുടെ പക്ഷത്തിനും കുടുംബത്തിനും അനുകൂലമായ വാര്‍ത്തകളാണ് ഇവ നല്‍കിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. ഇതിനെ നേരിടാനാണ് പളനിസ്വാമിവിഭാഗം പുതിയ മാധ്യമസംരംഭങ്ങള്‍ക്ക് തുടക്കമിടുന്നതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പുതിയ ചാനലും പത്രവും തുടങ്ങുന്നതിന്റെ ചുമതല തന്റെ വിശ്വസ്തരും മന്ത്രിമാരുമായ എസ്.പി. വേലുമണിയെയും പി. തങ്കമണിയെയുമാണ് പളനിസ്വാമി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ചാനലിനും പത്രത്തിനുമായി 10 പേരുകള്‍ പരിഗണനയിലുണ്ട്. അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല. ലൈസന്‍സിനായി അപേക്ഷിക്കാനിരിക്കുന്നതേയുള്ളൂ. രണ്ടിലച്ചിഹ്നം സംബന്ധിച്ച തര്‍ക്കത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനമറിഞ്ഞശേഷമേ ചാനല്‍ തുടങ്ങൂവെന്നും പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി. ചിഹ്നവുമായി ബന്ധപ്പെട്ട കേസില്‍ ആറിനാണ് വാദം നടക്കുന്നത്.

മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനുശേഷം രണ്ടായി പിളര്‍ന്ന എ.ഐ.എ.ഡി.എം.കെ. വീണ്ടും ലയിച്ചപ്പോള്‍ ഒ. പനീര്‍ശെല്‍വമാണ് സ്വന്തമായി ചാനലും പത്രവും തുടങ്ങുകയെന്ന ആശയം മുന്നോട്ടുവെച്ചത്. ലയനശേഷം ചെന്നൈയില്‍ എടപ്പാടി പളനിസ്വാമി വിളിച്ചുചേര്‍ത്ത അടിയന്തരയോഗത്തില്‍, ശശികല കൈയടക്കിയിരിക്കുന്ന നമതു എം.ജി.ആറും ജയ ടി.വി.യും തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അതിനുള്ള തടസ്സങ്ങള്‍ പലതും മുന്നില്‍ക്കണ്ടാണ് ഈ തീരുമാനത്തില്‍നിന്ന് വ്യതിചലിച്ച് സ്വന്തമായി മാധ്യമസംരംഭങ്ങള്‍ തുടങ്ങാന്‍ ആലോചിക്കുന്നതെന്നാണ് വിവരം.


VIEW ON mathrubhumi.com