റെയില്‍വേക്കുനേരേ പരാതിപ്രവാഹം; ആരോപണങ്ങള്‍ ശരിയെന്ന് വിജിലന്‍സ്

By: കെ.കെ. സുരേഷ് കുമാര്‍
ചെന്നൈ:ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റ് റദ്ദാക്കിയാല്‍ പണം മടക്കിക്കിട്ടാന്‍ മാസങ്ങള്‍ വൈകുന്നതടക്കം ദക്ഷിണ റെയില്‍വേയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വന്‍പാളിച്ചകളെന്ന് റെയില്‍വേ വിജിലന്‍സിന്റെ കണ്ടെത്തല്‍.എസ്.എം.എസ്. സംവിധാനത്തിലെ പോരായ്മകള്‍, തീവണ്ടി റദ്ദാക്കുന്ന വിവരം അറിയിക്കുന്നതിലുള്ള കാലതാമസം തുടങ്ങി യാത്രക്കാര്‍ ഉന്നയിക്കുന്ന പരാതികളില്‍ ഒട്ടുമിക്കതും ശരിയാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടുചെയ്തു. ഓണ്‍ലൈനില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണം നടത്തിയത്.പണം തിരിച്ചുകിട്ടാന്‍ മാസങ്ങളുടെ കാത്തിരിപ്പ്ഓണ്‍ലൈനില്‍ ബുക്കുചെയ്ത ടിക്കറ്റ് റദ്ദാക്കിയാല്‍ പണം തിരികെ ബാങ്ക് അക്കൗണ്ടിലെത്താന്‍ മാസങ്ങളെടുക്കുന്നതായി ഇരുന്നൂറിലേറെ പരാതികളാണ് കിട്ടിയത്. ഓണ്‍ലൈനില്‍ ബുക്കുചെയ്യുന്ന ടിക്കറ്റ് കാത്തിരിപ്പുപട്ടികയില്‍ തുടരുകയാണെങ്കില്‍, തീവണ്ടി പുറപ്പെട്ടുകഴിഞ്ഞാല്‍ ഉടന്‍ യാത്രക്കാരുടെ ബാങ്ക് അക്കൗണ്ടില്‍ പണം തിരിച്ചെത്തേണ്ടതാണ്.
എന്നാല്‍, ഇപ്പോള്‍ പണം ലഭിക്കാന്‍ മൂന്നും നാലും മാസം എടുക്കുന്നുണ്ട്. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതെങ്കിലും കാത്തിരിപ്പു പട്ടികയിലുള്ളവര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗത്തിന്റെ അനുമതികൂടിവേണം. ബുക്കുചെയ്ത ടിക്കറ്റ് പ്രകാരം യാത്രചെയ്തിട്ടില്ലെന്ന് റെയില്‍വേ കൊമേഴ്‌സ്യല്‍ വിഭാഗം ഐ.ആര്‍.സി.ടി.സി.യെ അറിയിക്കാന്‍ വൈകുന്നതാണ് പണം തിരിച്ചുകിട്ടുന്നത് വൈകാന്‍ കാരണം. ഇതുസംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കൊമേഴ്‌സ്യല്‍ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കൗണ്ടര്‍ ജീവനക്കാരുടെ മോശം പെരുമാറ്റംറെയില്‍വേ ടിക്കറ്റ് ബുക്കുചെയ്യാനായി റിസര്‍വേഷന്‍ കൗണ്ടറിലെത്തുന്ന യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ ക്‌ളാര്‍ക്കില്‍നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവരുന്നതായാണ് പരക്കെയുള്ള മറ്റൊരുപരാതി. ജീവനക്കാര്‍ അസഭ്യം പറയുന്നുവെന്ന പരാതിയും കൂടിവരികയാണ്. ഇത്തരത്തിലുള്ള പരാതികളിലേറെയും കേരളത്തില്‍നിന്നാണ്.അറിയിപ്പ് വൈകുന്നുതീവണ്ടികള്‍ വൈകുന്നതുള്‍പ്പെടെ അടിയന്തരപ്രാധാന്യമുള്ള അറിയിപ്പുകള്‍ സ്റ്റേഷനുകളില്‍ ഉച്ചഭാഷിണിയിലൂടെ യഥാസമയം വരാറില്ല. വണ്ടി ഏത് പ്ലാറ്റ്‌ഫോമിലെത്തുന്നുവെന്ന വിവരം ചിലപ്പോള്‍ പത്തുമിനിറ്റ് മുന്‍പുമാത്രമാണ് ലഭിക്കുന്നത്. അതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു പ്ലാറ്റ്‌ഫോമില്‍നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് എത്താന്‍ കുട്ടികളും സ്ത്രീകളും പ്രായമുള്ളവരും ഏറെ ബുദ്ധിമുട്ടുന്നു.
തീവണ്ടി റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് മുന്‍കൂട്ടി മൊബൈല്‍ ഫോണില്‍ എസ്.എം.എസ്. നല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, യാത്രക്കാര്‍ സ്റ്റേഷനിലെത്തിയാല്‍ മാത്രമാണ് പലപ്പോഴും ഇതുസംബന്ധിച്ച് വിവരം ലഭിക്കുന്നത്. സമാന്തരസര്‍വീസിലൂടെ ലക്ഷ്യസ്ഥാനത്ത് എത്താനുള്ള അവസരമാണ് റെയില്‍വേ നിഷേധിക്കുന്നതെന്നും യാത്രക്കാര്‍ പരാതിയില്‍പറയുന്നു.കോച്ച് റദ്ദാക്കിയാലും ബാക്കി തുകയില്ലചില തീവണ്ടികള്‍ സാങ്കേതിക കാരണങ്ങള്‍കൊണ്ട് സെക്കന്‍ഡ് എ.സി. കോച്ച് റദ്ദാക്കിയാല്‍ പകരം തേര്‍ഡ് എ.സി. കോച്ചുമായി സര്‍വീസ് നടത്താറുണ്ട്. ഇങ്ങനെ ചെയ്താല്‍, സെക്കന്‍ഡ് എ.സി.ക്ക് അധികമായി ഈടാക്കിയ തുക യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇതിനായി സമീപിക്കുമ്പോള്‍ പണം ലഭിക്കാറില്ലെന്ന് വ്യാപകപരാതിയുണ്ട്. കോച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടി.ടി.ഇ. സാക്ഷ്യപത്രം നല്‍കിയാല്‍മാത്രമേ ബാക്കി തുക നല്‍കുവെന്നാണ് റീഫണ്ട് സെക്ഷനില്‍ എത്തിയാല്‍ ലഭിക്കുന്ന മറുപടി.തീവണ്ടികളിലെ ശൗചാലയങ്ങള്‍ കൃത്യമായി ശുചീകരിക്കാന്‍ ഇനിയും നടപടിയില്ലെന്നും വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. വെള്ളമില്ല, ജൈവ ശൗചാലയത്തില്‍നിന്ന് മാലിന്യങ്ങള്‍ നീക്കംചെയ്യപ്പെടുന്നില്ല തുടങ്ങിയ പരാതികള്‍ കൂടിവരികയാണ്. റെയില്‍വേ യാര്‍ഡില്‍വെച്ച് മെക്കാനിക്കല്‍ വിഭാഗമാണ് ഇവ ചെയ്യേണ്ടത്.എറണാകുളം-ഗുവാഹാട്ടി പ്രതിവാര എക്‌സ്​പ്രസ് തീവണ്ടി തിരുവനന്തപുരത്തേക്ക് സര്‍വീസ് ദീര്‍ഘിപ്പിച്ചിട്ട് മൂന്നുവര്‍ഷം പിന്നിട്ടെങ്കിലും െറയില്‍വേയുടെ അനൗണ്‍സ്‌മെന്റ് സംവിധാനത്തില്‍ മാറ്റംവരുത്തിയിട്ടില്ല. ഇപ്പോഴും എറണാകുളം-ഗുവാഹാട്ടി എക്‌സ്​പ്രസ് എന്നാണ് തീവണ്ടി കടന്നുപോകുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ അനൗണ്‍സ് ചെയ്യുന്നത്.


VIEW ON mathrubhumi.com