കുറിപ്പടിയില്ലാതെ മരുന്ന് നല്കരുത്; ഡോക്ടര്മാര്ക്കും ഫാര്മസികൾക്കുമെതിരെ നിയമങ്ങള് കടുപ്പിച്ച് യുഎഇ

അബുദാബി: കുറിപ്പടിയില്ലാതെയും അംഗീകൃത പരിധിക്ക് പുറത്തും മരുന്ന് വിതരണം ചെയ്യുന്ന ഡോക്ടര്മാര്ക്കും ഫാര്മസിക്കുമെതിരെ കടുത്ത ശിക്ഷാനടപടികള് സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്കി യുഎഇ. ലൈസന്സില്ലാതെ ഇത്തരം പ്രവര്ത്തനങ്ങള് നടത്തിയാലും കര്ശന നടപടികള് സ്വീകരിക്കും. രണ്ട് കുറ്റകൃത്യങ്ങള്ക്കും അഞ്ച് വര്ഷത്തില് കുറയാത്ത തടവും 50,000 ദിര്ഹത്തില് കുറയാത്ത പിഴയുമാണ് ശിക്ഷ. മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും ചെറുക്കാനുള്ള നിയമത്തിലെ ചില വ്യവസ്ഥകള് ഭേദഗതി ചെയ്തുകൊണ്ടാണ് യുഎഇ ഫെഡറല് ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചത്.
ലഹരിമരുന്ന് കേസില് ശിക്ഷിക്കപ്പെടുന്ന വിദേശികളെ ശിക്ഷാ കാലാവധി പൂര്ത്തിയായാല് പുതിയ നിയമപ്രകാരം നാടുകടത്തും. ഇതിനുള്ള ഉത്തരവ് കോടതി പുറപ്പെടുവിക്കും. കുറ്റകൃത്യത്തില് ഏര്പ്പെടുമ്പോള് വ്യക്തി യുഎഇ പൗരന്റെ പങ്കാളിയോ ഒന്നാംതലത്തിലുള്ള ബന്ധുവോ ആയിരിക്കുക, വ്യക്തി യുഎഇയില് താമസിക്കുന്ന കുടുംബത്തിലെ ഒരംഗമായിരിക്കുകയും നാടുകടത്തല് കുടുംബത്തിന്റെ സുസ്ഥിരതക്ക് ഗുരുതരമായ ദോഷം വരുത്തുകയോ കുടുംബാംഗത്തിന് ആവശ്യമായ പരിചരണം നിഷേധിക്കുകയോ ചെയ്യുക തുടങ്ങി രണ്ട് പ്രത്യേക സാഹചര്യങ്ങളില് വിദേശികളെ നാടുകടത്തുന്നതില് നിന്നും ഒഴിവാക്കിയേക്കും.
ലഹരിമരുന്ന് ഉപയോഗം, വിതരണം എന്നിവ തടയാനുള്ള നിയമങ്ങള് കര്ശനമാക്കുന്നതിന്റെ ഭാഗമായാണ് ആവശ്യമായ ഭേദഗതികള് വരുത്തിയത്. പൊതുജന സംരക്ഷണം ശക്തമാക്കാനും നീതി ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഫെഡറല് ഡിക്രി-ലോ ഓഫ് കോംബാറ്റിംഗ് നാര്ക്കോട്ടിക് ഡ്രഗ്സ് ആന്ഡ് സൈക്കോട്രോപിക് സബ്സ്റ്റന്സസിലെ ചില വ്യവസ്ഥകള് ഭേദഗതി വരുത്തിയത്. ഇതുപ്രകാരം മിനിസ്ട്രി ഓഫ് ഹെല്ത്ത് ആന്ഡ് പ്രിവന്ഷന് പകരം എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിനാണ് രാജ്യത്തെ മെഡിക്കല് ഉല്പ്പന്നങ്ങള് നിയന്ത്രിക്കുന്നതിനുള്ള അധികാരം.
മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെ സ്ഥാനത്ത് ലഹരി സംബന്ധമായ കുറ്റങ്ങള് തടയാനുള്ള ദേശീയശ്രമങ്ങള്ക്ക് നേതൃത്വം നല്കുന്ന നാഷണല് ആന്റി-നാര്ക്കോട്ടിക്സ് അതോറിറ്റിയെയും നിയമിച്ചു. കൂടാതെ സര്ക്കാര് ആരോഗ്യകേന്ദ്രങ്ങള്ക്ക് പുറമെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും മയക്കുമരുന്ന് ആസക്തിയുള്ളവര്ക്ക് ചികിത്സ നല്കണമെന്നും പുനരധിവാസ യൂണിറ്റുകള് സ്ഥാപിക്കണമെന്നും നിയമത്തില് പറയുന്നുണ്ട്.
ഇതിനുപുറമെ ആരോഗ്യ സ്ഥാപനങ്ങള്, കെമിക്കല് ടെസ്റ്റിങ് ലബോറട്ടറികള്, ഗവേഷണ കേന്ദ്രങ്ങള്, മെഡിക്കല് ഉല്പ്പന്ന നിര്മാണ, സംഭരണ, വിതരണ കേന്ദ്രങ്ങള് എന്നിങ്ങനെ യോഗ്യതയുള്ള സ്ഥാപനങ്ങള്ക്ക് വൈദ്യശാസ്ത്രപരമായ ആവശ്യങ്ങള്ക്കായി ലഹരിമരുന്ന് കൈവശം വെക്കാനും കൈകാര്യം ചെയ്യാനും ലൈസന്സ് നല്കാനും നിയമത്തില് വ്യക്തമാക്കുന്നുണ്ട്.
Content Highlights: UAE Tightens Grip: Stricter Laws Against Prescription-Free Medicine and Drug Trafficking