വാഹനങ്ങളിൽ തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുത്; മുന്നറിയിപ്പുമായി സൗദി സിവിൽ ഡിഫൻസ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: രാജ്യത്ത് വേനൽച്ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങൾക്കുള്ളിൽ തീപിടിത്തത്തിനും സ്ഫോടനത്തിനും കാരണമാകുന്ന വസ്തുക്കൾ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില മൂലം ഇത്തരം വസ്തുക്കൾ അപകടകരമാകുകയും ജീവനും സ്വത്തിനും ഗുരുതര ഭീഷണി ഉയർത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

പവർ ബാങ്കുകൾ, മൊബൈൽ ഫോൺ ബാറ്ററികൾ, ലൈറ്ററുകൾ, ഗ്യാസ് കാനിസ്റ്ററുകൾ, പെർഫ്യൂം കുപ്പികൾ, ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസറുകൾ തുടങ്ങിയ വസ്തുക്കൾ വാഹനങ്ങൾക്കുള്ളിൽ ദീർഘനേരം വയ്ക്കരുതെന്ന് സിവിൽ ഡിഫൻസ് നിർദേശിച്ചു. കടുത്ത ചൂടിൽ ഇവയ്ക്ക് തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടി.

വേനൽക്കാലത്ത് വാഹനസുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എളുപ്പത്തിൽ കത്തുന്ന വസ്തുക്കൾ വാഹനങ്ങളിൽ ഉപേക്ഷിച്ച് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സിവിൽ ഡിഫൻസ് ഔദ്യോഗിക മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയും പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ പിന്തുടരണമെന്നും അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 998 നമ്പറിലും ബന്ധപ്പെടണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

Content Highlights: High temperatures increase the risk of fire and explosions from items left in vehicles., Prohibited items include power banks, lighters, gas canisters, and hand sanitizers., Emergency contact numbers are 911 (major regions) and 998 (other areas)., Public compliance with official safety guidelines is mandatory for property and life protection.