ഇ-മൊബിലിറ്റി തയ്യാറെടുപ്പിൽ ഗൾഫിൽ യു.എ.ഇ. ഒന്നാമത്

ദുബായ് : വൈദ്യുത വാഹന (ഇ.വി.) മേഖലയിലെ വികസനത്തിലും തയ്യാറെടുപ്പിലും ഗൾഫ് രാജ്യങ്ങളിൽ യു.എ.ഇ. ഒന്നാംസ്ഥാനം നേടി. പ്രമുഖ അന്താരാഷ്ട്ര കൺസൾട്ടിങ് സ്ഥാപനമായ ആർതർ ഡി. ലിറ്റിൽ പുറത്തുവിട്ട ഗ്ലോബൽ ഇലക്‌ട്രിക് മൊബിലിറ്റി റെഡിനസ് ഇൻഡക്സ് (ജെമ്രിക്സ് 2026) റിപ്പോർട്ടിലാണ് യു.എ.ഇ.യുടെ ഈ നേട്ടം വ്യക്തമാക്കിയിരിക്കുന്നത്. 53 പോയിന്റുകളോടെ ആഗോളതലത്തിൽ 22-ാം സ്ഥാനത്താണ് യു.എ.ഇ.

2025-ൽ യു.എ.ഇ.യിൽ വിറ്റഴിക്കപ്പെട്ട മൊത്തം പുതിയവാഹനങ്ങളുടെ ഒൻപത് ശതമാനത്തോളം വൈദ്യുത വാഹനങ്ങളായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് ശൃംഖലയും രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ രാജ്യത്തുടനീളം 2,800-ഓളം ചാർജിങ് പോയിന്റുകളുണ്ട്. ഇതിൽ 1,250 ഡയറക്ട്-കറന്റ് ചാർജിങ് പോയിന്റുകളും 350 ഹൈ-പവർ ചാർജിങ് യൂണിറ്റുകളും ഉൾപ്പെടുന്നു.

2050-ഓടെ രാജ്യത്തെ നിരത്തുകളിലുള്ള മൊത്തം വാഹനങ്ങളുടെ 50 ശതമാനവും വൈദ്യുത, ഹൈബ്രിഡ് വാഹനങ്ങളാക്കി മാറ്റാനാണ് യു.എ.ഇ. ലക്ഷ്യമിടുന്നത്. ഇതിനുപുറമേ, 2030-ഓടെ ദുബായിലെ മൊത്തം വാഹനങ്ങളുടെ 15 ശതമാനത്തിലധികം വൈദ്യുത വാഹനങ്ങളാക്കി മാറ്റാനും എമിറേറ്റ് പദ്ധതിയിടുന്നുണ്ട്. വാഹന സാങ്കേതികവിദ്യയിൽ മാത്രമായി ഒതുങ്ങാതെ, അടിസ്ഥാന സൗകര്യങ്ങൾ, നയങ്ങൾ, സാമ്പത്തിക പ്രോത്സാഹനങ്ങൾ, വിതരണ ശൃംഖല, ഊർജ സംവിധാനങ്ങൾ എന്നിവ കോർത്തിണക്കിയുള്ള ഒരു സമഗ്രമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിലാണ് ഇ-മൊബിലിറ്റി മേഖലയുടെ വിജയമിരിക്കുന്നത് എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

106 പോയിന്റുകളോടെ ചൈന പട്ടികയിൽ ഒന്നാംസ്ഥാനത്തും 103 പോയിന്റുകളോടെ നോർവേ രണ്ടാംസ്ഥാനത്തുമുണ്ട്. വൈദ്യുത വാഹന വിപണിയും പരമ്പരാഗത ഇന്ധന വാഹന വിപണിയും ഒരുപോലെ സജ്ജമാണെന്ന് കാണിക്കുന്ന 100 പോയിന്റ് എന്ന കടമ്പകടന്ന ലോകത്തിലെ വിപണികൾ ഇവ രണ്ടുമാണ്.

96 പോയിന്റുകളോടെ സിങ്കപ്പൂരും 90 പോയിന്റുകളോടെ നെതർലൻഡ്സും തൊട്ടുപിന്നിലുണ്ട്.

യു.എ.ഇ.യുടെ നേട്ടം വൈദ്യുത വാഹന വിപണിയിൽ രാജ്യം കൈവരിക്കുന്ന കുതിപ്പിന്റെയും വ്യക്തമായ കാഴ്ചപ്പാടിന്റെയും തെളിവാണെന്ന് ആർതർ ഡി. ലിറ്റിൽ പാർട്ടണറും മിഡിൽ ഈസ്റ്റ് ട്രാവൽ ആൻഡ് ട്രാൻസ്‌പോർട്ട് മേധാവിയുമായ ജോസഫ് സലേം പറഞ്ഞു.

ചാർജിങ്‌ സൗകര്യങ്ങളിലെ തുടർച്ചയായ നിക്ഷേപവും ദീർഘകാല സുസ്ഥിര യാത്രാ ലക്ഷ്യങ്ങളും കൂടുതൽ ആളുകളെ വൈദ്യുത വാഹനങ്ങളിലേക്ക് ആകർഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ വിപണിയിലും ഇ-മൊബിലിറ്റിയിലേക്കുള്ള മാറ്റം വ്യത്യസ്ത വേഗതയിലായിരിക്കും സംഭവിക്കുകയെന്നും, സമഗ്രമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ സാധിക്കുന്ന വിപണികൾക്ക് ഈ അവസരങ്ങൾ വേഗത്തിൽ പ്രയോജനപ്പെടുത്താനാകുമെന്നും കമ്പനിയുടെ ഓട്ടോമോട്ടീവ് പാർട്ണർ അലക്‌സാണ്ടർ ക്രൂഗ് വ്യക്തമാക്കി.