അതുല്യയുടെ ഫോറൻസിക് പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും, ഷാര്‍ജ പോലീസിന്‍റെ തുടര്‍നടപടി ഇതിനുശേഷം

അബുദാബി: ഷാർജ റോളയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം തെക്കുംഭാഗം സ്വദേശി അതുല്യയുടെ ഫോറൻസിക് പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും പോലീസ് അന്വേഷണം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക. അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഹോദരി അഖില, ഷാർജ പോലീസിന് പരാതി നൽകിയിട്ടുണ്ട്.
ഫോറൻസിക് റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടി സ്വീകരിക്കാമെന്നാണ് ഇതിന് പോലീസ് നൽകിയ മറുപടി. അതേസമയം, അതുല്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ ബന്ധുക്കൾ ആരംഭിച്ചു. സതീഷിൽ നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ സഹോദരി അഖിലക്ക് പവർ ഓഫ് അറ്റോർണി നൽകി മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം.
ജൂലായ് 19 ന് പുലര്‍ച്ചെയാണ് അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. അന്നേദിവസം സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. മരണത്തെ തുടർന്ന് സതീഷിനെതിരെ അതുല്യയുടെ മാതാപിതാക്കൾ കൊല്ലം പോലീസിലും പരാതി നൽകിയിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
Content Highlights: Forensic report of Athulya, found dead in her Sharjah flat, expected today