ദുബായ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടില്‍ അഞ്ച് പുതിയ പാലങ്ങള്‍

ദുബായ്: അഞ്ച് പുതിയ പാലങ്ങള്‍ ഉള്‍പ്പെടുത്തി ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിന്റെ മുഖച്ഛായമാറ്റാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.). വികസനപദ്ധതിക്കായി 69.6 കോടി ദിര്‍ഹത്തിന്റെ കരാര്‍ നല്‍കി. ശൈഖ് ഖലീഫ ബിന്‍ സായിദ്, ശൈഖ് റാഷിദ്, ഡിസംബര്‍ സെക്കന്‍ഡ്, സബീല്‍ പാലസ്, അല്‍ മുസ്താഖ്ബാല്‍ എന്നീ അഞ്ച് പ്രധാനസ്ട്രീറ്റുകളെ 5000 മീറ്റര്‍ നീളത്തിലുള്ള പുതിയ പാലങ്ങളിലൂടെ ശൈഖ് സായിദ് റോഡുമായി ബന്ധിപ്പിക്കും.
യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുകയെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
ശൈഖ് സായിദ് റോഡില്‍നിന്ന് ഡിസംബര്‍ സെക്കന്‍ഡ് സ്ട്രീറ്റിലേക്കും അല്‍ മുസ്താഖ്ബാല്‍ സ്ട്രീറ്റില്‍നിന്ന് ശൈഖ് സായിദ് റോഡിലേക്കുമുള്ള ഗതാഗതസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി നിലവിലെ റൗണ്ട് എബൗട്ടിനെ ഇന്റര്‍സെക്ഷനാക്കി മാറ്റും.
ഇന്റര്‍സെക്ഷനിലൂടെ വാഹനങ്ങള്‍ കടന്നുപോകാനുള്ള ശേഷി വര്‍ധിക്കുകയും അതുവഴി യാത്രാസമയം 12 മിനിറ്റില്‍നിന്ന് 90 സെക്കന്‍ഡായി കുറയുകയും ചെയ്യും. ശൈഖ് സായിദ് റോഡില്‍നിന്ന് ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേക്കുള്ള യാത്രാസമയമാകട്ടെ ആറുമിനിറ്റില്‍നിന്ന് ഒരുമിനിറ്റായും ചുരുങ്ങും.
ഡിസംബര്‍ സെക്കന്‍ഡ് സ്ട്രീറ്റ് മുതല്‍ അല്‍ മുസ്താഖ്ബാല്‍, അല്‍ മജ്ലിസ് എന്നീ സ്ട്രീറ്റുകളിലേക്കും ശൈഖ് റാഷിദ് റോഡില്‍നിന്ന് ദേരയിലേക്കുമുള്ള ഗതാഗതവും പുതിയപദ്ധതിയിലൂടെ മെച്ചപ്പെടും. അല്‍ മുസ്താഖ്ബാല്‍ സ്ട്രീറ്റ് വികസനപദ്ധതിയുടെ ഭാഗമാണ് ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ട് വികസനപദ്ധതി. ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ (ഡി.ഡബ്ല്യു,ടി.സി.) ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡി.ഐ.ഫ്.സി.), സബീല്‍, അല്‍ സത്വ, കറാമ, ജാഫിലിയ, മന്‍ഖൂല്‍ എന്നിവിടങ്ങളിലെ അഞ്ചുലക്ഷത്തിലേറെ ആളുകള്‍ക്ക് പദ്ധതി പ്രയോജനപ്പെടും.
രണ്ടു വരികള്‍ വീതമുള്ള അഞ്ചുപാലങ്ങളാണ് പുതുതായി നിര്‍മിക്കുക. ശൈഖ് സായിദ് റോഡില്‍നിന്ന് ദേര ഭാഗത്തേക്കുള്ള ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലേക്ക് 1000 മീറ്റര്‍ നീളത്തിലാണ് ആദ്യത്തെപാലം നിര്‍മിക്കുക. ഇത് മണിക്കൂറിലെ വാഹനശേഷി 3000 ആയി ഉയര്‍ത്തും. ശൈഖ് റാഷിദ് സ്ട്രീറ്റിനെ ഡിസംബര്‍ സെക്കന്‍ഡ് സ്ട്രീറ്റുമായി ബന്ധിപ്പിക്കാന്‍ 2000 മീറ്റര്‍ നീളത്തില്‍ രണ്ടു പാലങ്ങളുണ്ടാകും. മണിക്കൂറില്‍ 6000 വാഹനങ്ങളെ ഉള്‍ക്കൊള്ളും വിധമാണ് ഇവ രൂപകല്പന ചെയ്തിട്ടുള്ളത്. കൂടാതെ 2000 മീറ്റര്‍ നീളമുള്ള രണ്ട് പാലങ്ങളിലൂടെ അല്‍ മുസ്താഖ്ബാല്‍ സ്ട്രീറ്റിനെ ഡിസംബര്‍ സെക്കന്‍ഡ് സ്ട്രീറ്റുമായി ബന്ധിപ്പിക്കും. രണ്ടുവരി വീതമുള്ള പാലങ്ങളിലൂടെ വാഹനശേഷി 6000-ആയി ഉയര്‍ത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അല്‍ തായര്‍ വിശദീകരിച്ചു.
അടിസ്ഥാന ഗതാഗത സൗകര്യങ്ങളുടെ വികസനത്തിനായി ഈ മാസത്തെ രണ്ടാമത്തെ കരാറാണ് ആര്‍.ടി.എ. നല്‍കുന്നത്. ഊദ് മേത്ത, അല്‍ അസയേല്‍ സ്ട്രീറ്റുകള്‍ വികസിപ്പിക്കാന്‍ 60 കോടി ദിര്‍ഹത്തിന്റെ കരാര്‍ ഈ മാസം 12-ന് നല്‍കിയിട്ടുണ്ട്. നാല് പ്രധാന ഇന്റര്‍സെക്ഷനുകള്‍, 4,300 മീറ്റര്‍ നീളത്തില്‍ പാലങ്ങള്‍, ഒരു തുരങ്കം, 14 കിലോമീറ്റര്‍ റോഡ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.
2030-ഓടെ 4,20,000-ത്തിലേറെ ആളുകള്‍ക്ക് സേവനം നല്‍കുകയാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഊദ് മേത്ത സ്ട്രീറ്റിന്റെ വാഹനശേഷി 10,400-ല്‍നിന്ന് 15,600 ആയി ഉയരുകയും യാത്രാസമയം 20 മിനിറ്റില്‍നിന്ന് അഞ്ചു മിനിറ്റായി (75 ശതമാനം) കുറയുകയും ചെയ്യും. ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനുമായി ശൈഖ് റാഷിദ് സ്ട്രീറ്റിലെ പാലത്തിനും അല്‍ സഹ്‌റാവി സ്ട്രീറ്റിനുമിടയിലെ സര്‍വീസ് റോഡും നവീകരിക്കും. ശൈഖ് റാഷിദ് സ്ട്രീറ്റില്‍നിന്ന് ദുബായ്-അല്‍ ഐന്‍ റോഡിലേക്കുള്ള വലതുപാതകളുടെ എണ്ണം രണ്ടില്‍നിന്ന് മൂന്നായും വാഹനശേഷി 4000-മായും ഉയര്‍ത്തുമെന്നും അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Five new bridges at Dubai Trade Center roundabout