ടാക്സി ഡ്രൈവറെ ആര്‍.ടി.എ. ആദരിച്ചു

ദുബായ്: ടാക്‌സി യാത്രയ്ക്കിടെ മറന്നുവെച്ച വസ്തുക്കള്‍ ഉടമസ്ഥനെ തിരികെയേല്‍പ്പിച്ച ഡ്രൈവറായ ദീപക് കുമാര്‍ സിങ്ങിനെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.) ആദരിച്ചു. ആര്‍.ടി.എ. ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ ദീപകിന് പ്രശസ്തിപത്രം സമ്മാനിച്ചു.
എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്ന മാതൃകാപരമായ പ്രവൃത്തിയാണ് ദീപക് ചെയ്തതെന്നും അതില്‍ അതോറിറ്റി അഭിമാനിക്കുന്നുവെന്നും അല്‍ തായര്‍ പറഞ്ഞു. ജോലിയില്‍ മികച്ചപ്രകടനം കാഴ്ചവെക്കുന്ന ഡ്രൈവര്‍മാരെ പതിവായി ആര്‍.ടി.എ.യും പോലീസും ആദരിക്കാറുണ്ട്. അടുത്തിടെ അല്‍ വാസല്‍ സ്ട്രീറ്റിലെ ഗതാഗത സിഗ്‌നലിലെ ലൈറ്റിന്റെ തകരാര്‍ പരിഹരിച്ച ഡെലിവറി ഡ്രൈവറെയും അല്‍ തായര്‍ ആദരിച്ചിരുന്നു.
യാത്രയ്ക്കിടെ മറന്നുവെച്ച 10 ലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ ഉടമസ്ഥന് തിരികെനല്‍കിയ ടാക്‌സി ഡ്രൈവറെ ദുബായ് പോലീസും ആദരിച്ചിട്ടുണ്ട്. നിയമനിര്‍വഹണത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ പൗരന്മാരെയും താമസക്കാരെയും പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.
Content Highlights: Dubai Taxi Driver Honored for RTA