അല്‍ വര്‍ഖയില്‍ ഗതാഗതം മെച്ചപ്പെടുത്താന്‍ പദ്ധതി

ദുബായ്: ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍നിന്ന് (ഇ 311) അല്‍ വര്‍ഖ പ്രദേശത്തേക്ക് എന്‍ട്രി, എക്‌സിറ്റ് പോയിന്റുകള്‍ വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി പ്രഖ്യാപിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.).
പദ്ധതി പൂര്‍ത്തിയാകുന്നതോടെ പ്രദേശങ്ങള്‍ക്കിടയിലെ യാത്രാസമയം 20 മിനിറ്റില്‍നിന്ന് വെറും 3.5 മിനിറ്റായി (80 ശതമാനം) കുറയും. യാത്രാദൂരം ഇപ്പോഴത്തെ 5.7 കിലോമീറ്ററില്‍നിന്ന് 1.5 കിലോമീറ്ററായും കുറയും. റോഡിലെ വാഹനശേഷി 5000 ആയി ഉയരുകയും ചെയ്യും.
വര്‍ധിച്ചുവരുന്ന ഗതാഗതത്തിരക്ക് നിയന്ത്രിക്കാന്‍ എട്ടു കിലോമീറ്റര്‍ നീളമുള്ള ഉള്‍റോഡ് ശൃംഖല മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്. ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി മൂന്നര ലക്ഷത്തിലേറെ ആളുകള്‍ക്ക് പ്രയോജനപ്പെടും. റോഡുകള്‍, തെരുവ് വിളക്കുകള്‍, മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും അതോറിറ്റി ലക്ഷ്യമിടുന്നുണ്ട്.
അല്‍ വര്‍ഖ ഒന്ന് സ്ട്രീറ്റിലെ ഗതാഗതം മെച്ചപ്പെടുത്താനായി നിലവിലെ റൗണ്ട് എബൗട്ടുകള്‍ ഗതാഗത സിഗ്‌നലുകളാക്കി മാറ്റും. ഇതുവഴി സ്ട്രീറ്റിന്റെ വാഹന ശേഷി 30 ശതമാനം വരെ ഉയര്‍ത്താന്‍ കഴിയും. നിലവില്‍ അല്‍ വര്‍ഖ മൂന്ന്, നാല് പ്രദേശങ്ങളില്‍ ഉള്‍റോഡുകളുടെയും 16 കിലോമീറ്റര്‍ നീളത്തില്‍ സൈക്ലിങ് ട്രാക്കുകളുടെയും നിര്‍മാണം പുരോഗമിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ സൈക്ലിങ് ട്രാക്കുകളുമായി പുതിയ ട്രാക്കുകളെ ബന്ധിപ്പിക്കും.
അടുത്തിടെ അല്‍ വര്‍ഖ നാലിലെ ഉള്‍റോഡുകള്‍, ലൈറ്റിങ് സൗകര്യങ്ങള്‍, നടപ്പാതകള്‍, താമസക്കാര്‍ക്കായുള്ള പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുകയും 7.4 കിലോമീറ്റര്‍ നീളത്തില്‍ സൈക്ലിങ് ട്രാക്ക് നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷമാദ്യം അല്‍ ഖിസൈസിലെ അഞ്ച് വ്യവസായ മേഖലകളില്‍ റോഡ് നിര്‍മാണവും ലൈറ്റിങ് പദ്ധതികളും അതോറിറ്റി പൂര്‍ത്തീകരിച്ചു. 10 കിലോമീറ്റര്‍ നീളത്തില്‍ 32 റോഡുകള്‍ നിര്‍മിക്കുകയും 43,000 മീറ്ററിലേറെ നീളത്തില്‍ ലൈറ്റിങ് പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
നിര്‍മാണ പദ്ധതികളിലൂടെ റോഡിലെ വാഹനശേഷി 500-ല്‍നിന്ന് 1500 ആയി ഉയര്‍ന്നു. ഇതിലൂടെ അമ്മാന്‍, ബെയ്റുത്ത്, അലപ്പോ, ദമാസ്‌കസ് എന്നീ നാല് പ്രധാന സ്ട്രീറ്റുകളും അല്‍ ഖിസൈസ് വ്യവസായ മേഖലകളും തമ്മിലുള്ള ഗതാഗതം മെച്ചപ്പെട്ടു.
വ്യവസായ മേഖലയിലെ 60,000-ത്തിലേറെ താമസക്കാര്‍, 320-ലേറെ വര്‍ക്ക്ഷോപ്പുകള്‍, സ്‌കൂളുകള്‍ എന്നിവര്‍ക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിച്ചതായും ആര്‍.ടി.എ. അധികൃതര്‍ പറഞ്ഞു.
Content Highlights: Dubai`s RTA announces a new project to increase entry, exit points