ദുബായ്ക്കാരുടെ സ്വന്തം 'ടൊയോട്ട ബിൽഡിങ്'; യാത്രപറയാൻ സമയമായി

ദുബായ്: ദുബായ് നഗരത്തിലെ ഏറ്റവും പഴക്കമേറിയ ബഹുനില താമസ കെട്ടിടം ഇനി ഓർമ്മയാകുന്നു. ശൈഖ് സായിദ് റോഡിനോട് ചേർന്നുള്ള ടൊയോട്ട ബിൽഡിങ് പൊളിക്കാൻ നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി കെട്ടിടത്തിലെ എഴുപത് ശതമാനം താമസക്കാരെയും ഒഴിപ്പിച്ചു.
1974 മുതൽ ദുബായിയുടെ അഭിമാനമാണ് 15 നില കെട്ടിടം. ദുബായ് നഗരത്തിലെ ആദ്യ ബഹുനില താമസ കെട്ടിടമാണ്. നാസർ റാഷിദ് ലൂത്ത ബിൽഡിംഗ് എന്നാണ് പേരെങ്കിലും ടൊയോട്ട ബിൽഡിങ് എന്നാണ് ദുബായ്ക്കാർ വിളിക്കുന്നത്. 1981ൽ ടൊയോട്ടയുടെ വലിയ പരസ്യം കെട്ടിടത്തിൽ വെച്ചതോടെയാണ് ടൊയോട്ട ബിൽഡിംഗ് എന്ന പേരുവീണത്. 2018ൽ ടൊയോട്ടയുടെ പരസ്യം മാറ്റിയെങ്കിലും ആളുകളുടെ ഗൃഹാതുരത പരിഗണിച്ച് 2022-ൽ പരസ്യം പുനസ്ഥാപിക്കുകയായിരുന്നു. ശൈഖ് സായിദ് റോഡിലെ ഏറ്റവും പ്രധാന ഐക്കണുകളിൽ ഒന്നാണ് 65 മീറ്റർ ഉയരമുള്ള ടൊയോട്ട ബിൽഡിംഗ്. കാലപ്പഴക്കം കണക്കിലെടുത്താണ് കെട്ടിടം പൊളിക്കുന്നത്. ഇതിന്റെ ഭാഗമായി, ഘട്ടം ഘട്ടമായി താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ആരംഭിച്ചിട്ട് കുറച്ചുദിവസമായി. പാർട്ടീഷൻ രീതിയിൽ താമസിച്ചിരുന്നവരെയാണ് ആദ്യം ഒഴിപ്പിച്ചത്. തുടർന്ന് വിവിധ കമ്പനികൾക്ക് നൽകിയിരുന്ന അപ്പാർട്ടുമെന്റുകളും ഒഴിപ്പിച്ചു. ശേഷിക്കുന്നവരെയും ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.. 70 ശതമാനം താമസക്കാരെയും ഒഴിപ്പിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. കെട്ടിടം പൊളിക്കാൻ തീരുമാനിച്ചെങ്കിലും ഇതിന്റെ സമയപരിധി തീരുമാനിച്ചിട്ടില്ലെന്ന് അധികൃതകർ വ്യക്തമാക്കി.
Content Highlights: Dubai has begun evicting residents and preparing for the demolition of the iconic 15-story Toyota Building on Sheikh Zayed Road, the city's first high-rise residential building constructed in 1974.