അബുദാബിയിൽ ബർഗർ റസ്റ്ററന്റ് അടപ്പിച്ചു

Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

അബുദാബി : ഗുരുതര ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തിൽ അൽ റീം ദ്വീപിലെ ഒരു ബർഗർ റസ്റ്ററന്റ് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) അധികൃതർ അടപ്പിച്ചു.

നിയമലംഘനങ്ങൾ പരിഹരിക്കാൻ മൂന്ന് മുന്നറിയിപ്പുകൾ നൽകിയെങ്കിലും അത് തിരുത്താതെ ആവർത്തിച്ചതിനാലാണ് കടുത്ത നടപടി സ്വീകരിച്ചത്.

സ്ഥാപനത്തിന്റെ പ്രവർത്തനം പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിച്ചതായി അധികൃതർ പറഞ്ഞു.

നിയമലംഘനങ്ങൾ പരിഹരിക്കുന്നതുവരെ പ്രവർത്തനം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് ഈ വർഷമിതുവരെ 21 ഭക്ഷ്യസ്ഥാപനങ്ങൾ അടപ്പിച്ചിരുന്നു. അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ സ്ഥാപനങ്ങളാണ് നിയമനടപടി നേരിട്ടത്.

പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിച്ചതിന് കഴിഞ്ഞമാസം മാത്രം ആറു സ്ഥാപനങ്ങൾ അടപ്പിച്ചിട്ടുണ്ട്. ശുചിത്വമില്ലായ്മ, ഭക്ഷ്യവിഷബാധ, പഴകിയ ഭക്ഷണം നൽകുക, മോശം രീതിയിൽ ഭക്ഷണം സംഭരിക്കുക എന്നിങ്ങനെ ഒട്ടേറെ നിയമലംഘനങ്ങളാണ് വിവിധ സ്ഥാപനങ്ങളിലായി കണ്ടെത്തിയത്.

എമിറേറ്റിലെ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്താനും എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാനും കർശന പരിശോധനകളാണ് നടത്തുന്നത്. ഭക്ഷ്യസ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് 800555-ൽ അറിയിക്കാം.

Content Highlights: Burger restaurant closed in Abu Dhabi