യുഎഇ പൊതുമാപ്പ്: അപേക്ഷ നല്‍കുന്നദിവസം എല്ലാപിഴകളും പൂര്‍ണമായും ഒഴിവാക്കും

അല്‍ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ നിന്ന്
അല്‍ അവീറിലെ പൊതുമാപ്പ് കേന്ദ്രത്തില്‍ നിന്ന്

ദുബായ്: പൊതുമാപ്പിന് അപേക്ഷിക്കുമ്പോള്‍തന്നെ ആ വ്യക്തിയുടെ പേരിലുള്ള എല്ലാപിഴകളും പൂര്‍ണമായും ഒഴിവാക്കുമെന്ന് താമസ, കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. പൊതുമാപ്പ് നടപടിക്രമങ്ങള്‍ കഴിയുന്നത്ര എളുപ്പമാക്കാനാണ് ശ്രമം.

പിഴകള്‍ വേഗത്തില്‍ ഒഴിവാക്കി നല്‍കുന്നത് കൂടുതല്‍ അപേക്ഷകരെ മുന്നോട്ടുവരാന്‍ പ്രോത്സാഹിപ്പിക്കും. എല്ലാവര്‍ക്കും ജീവിതത്തില്‍ പുതിയൊരു തുടക്കം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചൊവ്വാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

പൊതുമാപ്പിന്റെ രണ്ടാംദിനവും ഒട്ടേറെപ്പേര്‍ ദുബായ് അല്‍ അവീറിലെ കേന്ദ്രത്തില്‍ അപേക്ഷ നല്‍കാനെത്തി. ആദ്യദിനം ആയിരത്തോളം പേര്‍ അപേക്ഷ നല്‍കിയിരുന്നു.

അടുത്തമാസം 31 വരെ രണ്ടുമാസമാണ് പൊതുമാപ്പ്. ദുബായിലുടനീളമുള്ള 86 ആമര്‍ സെന്ററുകളിലും പൊതുമാപ്പിന് അപേക്ഷിക്കാം. ടോള്‍ ഫ്രീ- 8005111

പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ചെയ്യേണ്ടത്

അബുദാബി: പാസ്പോര്‍ട്ട് നഷ്ടപ്പെട്ട അബുദാബിയിലെ പൊതുമാപ്പ് അപേക്ഷകര്‍ എക്‌സിക്യുട്ടീവ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സുമായി ബന്ധപ്പെട്ട് സ്മാര്‍ട്ട് സംവിധാനംവഴി അപേക്ഷനല്‍കണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി.) അധികൃതര്‍ വ്യക്തമാക്കി.

തുടര്‍ന്ന് അപേക്ഷകന് റെസിഡന്‍സി വിശദാംശങ്ങളുടെ ഒരു പകര്‍പ്പും യാത്രാരേഖകള്‍ ലഭിക്കുന്നതിന് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടതായി കാണിക്കുന്ന ഒരു സര്‍ട്ടിഫിക്കറ്റും ലഭിക്കും.

ഇതുമായി അതത് എംബസികളിലോ കോണ്‍സുലേറ്റിലോ ചെന്നാല്‍ താത്കാലിക പാസ്പോര്‍ട്ട് ലഭിക്കും. മറ്റ് എമിറേറ്റുകളിലെ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ആദ്യം പോലീസ് ആസ്ഥാനത്ത് വിവരം റിപ്പോര്‍ട്ട് ചെയ്യണം. അതിനുശേഷം യാത്രാരേഖകള്‍ക്കോ പുതിയ പാസ്പോര്‍ട്ടിനോ വേണ്ടി എംബസിയോ കോണ്‍സുലേറ്റോ സന്ദര്‍ശിക്കണം.

കുട്ടികള്‍ക്കാണ് ഇത്തരം ആവശ്യങ്ങളെങ്കില്‍ രക്ഷിതാക്കള്‍ യാത്രാരേഖയ്ക്കായി അപേക്ഷിക്കണം. പിന്നീട് ഔട്ട്പാസ് ലഭിക്കാന്‍ പൊതുമാപ്പ് കേന്ദ്രത്തില്‍ നേരിട്ട് പോവുകയോ ഓണ്‍ലൈനായി അപേക്ഷിക്കുകയോ ചെയ്യണം.

പൊതുമാപ്പ് സംശയങ്ങള്‍ക്ക് മറുപടി നല്‍കി ആദ്യദിനം

യു.എ.ഇ.യില്‍ ആരംഭിച്ച പൊതുമാപ്പിനെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഇന്ത്യന്‍ അസോസിയേഷന്‍ നിയമസഹായവേദിയുടെ നേതൃത്വത്തില്‍ അഭിഭാഷകര്‍ ഉത്തരം നല്‍കി. അഡ്വ.പി.എ. ഹക്കീം, അഡ്വ.നജ്മുദ്ദീന്‍, അഡ്വ.സ്മിനു സുരേന്ദ്രന്‍, അഡ്വ.വി.സി. ചാക്കോ, അഡ്വ.മഞ്ജു ഷാജി എന്നിവരാണ് സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കിയത്. അനധികൃത താമസക്കാരെല്ലാം യു.എ.ഇ.യുടെ പൊതുമാപ്പ് സേവനം ഉപയോഗപ്പെടുത്തണമെന്ന് അഭിഭാഷകര്‍ ഓര്‍മ്മിപ്പിച്ചു. നിയമാനുസൃത താമസരേഖകളിലൂടെ തിരിച്ചുവന്ന് രാജ്യത്ത് ജോലിചെയ്യാനുള്ള അനുകമ്പയോടുകൂടിയ അവസരമാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം ഒന്നിന് ആരംഭിച്ച പൊതുമാപ്പ് രണ്ടുമാസമാണുള്ളത്. സേവനം നീട്ടുമെന്നുകരുതി ആരും അവസരം പാഴാക്കരുത്, പൊതുമാപ്പില്‍ രാജ്യം വിട്ടില്ലെങ്കില്‍ പിന്നീട് ഖേദിക്കേണ്ടിവരും. കാരണം പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ അനധികൃത താമസക്കാരെ കണ്ടെത്തുന്നതിന് ശക്തമായ പരിശോധനകളായിരിക്കും ഉണ്ടാവുകയെന്നും നിയമസഹായവേദി പ്രവര്‍ത്തകര്‍ അറിയിച്ചു.

ഏതെങ്കിലും കമ്പനികളില്‍നിന്ന് ജോലിയുടെ ഓഫര്‍ ലെറ്റര്‍കൂടി ഹാജരാക്കുകയാണെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകും. യു.എ.ഇ.യില്‍ നിന്നുതന്നെ പുതിയ വിസയിലേക്ക് മാറാനുള്ള സൗകര്യംകൂടിയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സന്ദര്‍ശകവിസയിലെത്തി ഏജന്റുമാരുടെ വഞ്ചനയില്‍ക്കുടുങ്ങിയ യുവതികളടക്കം നാലു മലയാളികളും പൊതുമാപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉന്നയിക്കാനെത്തിയിരുന്നു. അവര്‍ക്ക് പിഴയില്ലാതെ രാജ്യംവിടാനും ജോലി അവസരമുണ്ടെങ്കില്‍ ഇപ്പോള്‍ത്തന്നെ നിയമാനുസൃതരേഖകളുണ്ടാക്കാനും എല്ലാ സഹായങ്ങളും നല്‍കുമെന്ന് അഡ്വ.ഹക്കീം, അഡ്വ.നജ്മുദ്ദീന്‍ എന്നിവര്‍ പറഞ്ഞു.

കബളിപ്പിച്ച ഏജന്റുമാര്‍ക്കെതിരേ കേരളത്തില്‍ പരാതി നല്‍കാനും സൗകര്യമുണ്ട്. യു.എ.ഇ.യില്‍ പരാതിനല്‍കി വേണമെങ്കില്‍ ഏജന്റുമാര്‍ക്കെതിരേ യാത്രാവിലക്ക് ഏര്‍പ്പെടുത്താനും സാധിക്കും. പാസ്പോര്‍ട്ട് കൈവശമില്ലാത്തവര്‍ അടിയന്തരമായി കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് കരസ്ഥമാക്കാന്‍ ശ്രമിക്കണം. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവരാണെങ്കില്‍ ഓണ്‍ലൈന്‍ വഴി ലോസ്റ്റ് സര്‍ട്ടിഫിക്കറ്റ് നേടിക്കൊണ്ട് ബി.എല്‍.എസ്. ഏജന്‍സിയുടെ ഹ്രസ്വകാല പാസ്‌പോര്‍ട്ടുകള്‍ നേടാനും സാധിക്കുമെന്ന് നിയമസഹായവേദി പ്രതിനിധികള്‍ അറിയിച്ചു.

ഏജന്റുമാരുടെ വഞ്ചനയില്‍പ്പെട്ടവര്‍ക്ക് എന്‍.ആര്‍.ഐ. കമ്മിഷനെ സമീപിക്കാം

ഷാര്‍ജ: ഏജന്റുമാരുടെ ചതിയില്‍പ്പെട്ട മലയാളികള്‍ക്ക് കേരളത്തില്‍ എന്‍.ആര്‍.ഐ. കമ്മിഷനുമുന്നില്‍ പരാതി സമര്‍പ്പിക്കാം. സന്ദര്‍ശകവിസയിലെത്തി വാഗ്ദാനം ചെയ്ത ജോലികിട്ടാതെ അനധികൃത താമസക്കാരായവര്‍ യു.എ.ഇ. പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലെത്തി പരാതി നല്‍കണം.

നാട്ടിലേക്കുതിരിച്ചുപോയാല്‍ ഏജന്റുമാര്‍ക്ക് കൊടുത്ത തുക തിരികെക്കിട്ടില്ലെന്ന ഭീതിയിലാണ് പലരും പോകാന്‍ മടിക്കുന്നത്. എന്നാല്‍, അത്തരത്തില്‍ ആകുലതകള്‍ മാറ്റിവെച്ച് പൊതുമാപ്പില്‍ നാട്ടിലെത്തി എന്‍.ആര്‍.ഐ. കമ്മിഷനുമുന്നില്‍ പരാതി കൊടുക്കണമെന്ന് യു.എ.ഇ. യിലെ അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരുമടങ്ങിയ നിയമസഹായവേദി ഓര്‍മ്മിപ്പിക്കുന്നു.

സന്ദര്‍ശകവിസയിലെത്തി ചതിക്കപ്പെട്ട നൂറുകണക്കിന് മലയാളികളുടെ പരാതികളാണ് ഇന്ത്യന്‍ അസോസിയേഷനുകളിലും കോണ്‍സുലേറ്റിലും ലഭിച്ചിട്ടുള്ളത്. കോണ്‍സുലേറ്റില്‍ നല്‍കിയ പരാതികളില്‍ കാര്യമായ അന്വേഷണങ്ങളോ ഇടപെടലുകളോ നടക്കുന്നില്ലെന്നും പരാതിക്കാര്‍ പറയുന്നു. രണ്ടുലക്ഷം രൂപവരെ കേരളത്തിലെ ഏജന്റുമാര്‍ക്ക് നല്‍കിയാണ് സ്ത്രീകളടക്കമുള്ളവര്‍ യു.എ.ഇ. യിലെത്തിയിട്ടുള്ളത്.

സന്ദര്‍ശക വിസ നല്‍കി തൊഴില്‍വിസയെന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്നവരുമുണ്ട്. ആഹാരവും താമസൗകര്യംപോലും നല്‍കാതെ ഏജന്റുമാരുടെ ചതിയില്‍പ്പെട്ട മലയാളികള്‍ പാര്‍ക്കുകളിലും നിര്‍മാണം നടക്കുന്ന കെട്ടിടങ്ങളിലും മറ്റും കഴിയുന്ന ദുരിതപൂര്‍ണമായ സാഹചര്യവുമുണ്ട്.

ഇത്തരക്കാര്‍ പൊതുമാപ്പില്‍ നാട്ടിലെത്താന്‍ ശ്രമിക്കണമെന്നാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഹെല്‍പ്പ് ഡെസ്‌കുകളിലുള്ളവര്‍ ആവശ്യപ്പെടുന്നത്.

പണം വാങ്ങിയവരുടെ പേര് പരാതിയില്‍ നല്‍കണം - കമ്മിഷന്‍

യു.എ.ഇ.യില്‍ സന്ദര്‍ശകവിസയിലെത്തി അനധികൃത താമസക്കാരായവര്‍ പൊതുമാപ്പില്‍ തൊഴില്‍വിസയിലേക്ക് മാറാനോ അല്ലാത്തപക്ഷം കേരളത്തില്‍ തിരിച്ചെത്താനോ ശ്രമിക്കണമെന്ന് എന്‍.ആര്‍.ഐ. കമ്മിഷന്‍ പറയുന്നു.

പൊതുമാപ്പ് വലിയ അവസരമായികാണണം. ചതിക്കപ്പെട്ടവര്‍ കേരളത്തിലെത്തിയാല്‍ ഏജന്റുമാര്‍ക്കുനല്‍കിയപണം തിരിച്ചുകിട്ടില്ലെന്ന വേവലാതിവേണ്ടെന്നും പരാതി ലഭിക്കുന്നതിനനുസരിച്ച് നിയമനടപടികള്‍ സ്വീകരിക്കുമെന്നും എന്‍.ആര്‍.ഐ. കമ്മിഷന്‍ അംഗം പി.എം. ജാബിര്‍ പറഞ്ഞു.

അര്‍ധ ജുഡീഷ്യല്‍ സ്വഭാവമുള്ള എന്‍.ആര്‍.ഐ. കമ്മിഷനില്‍ പരാതി ലഭിക്കുന്നതിനനുസരിച്ച് എന്‍.ആര്‍.ഐ. പോലീസ് അന്വേഷിക്കും. കുറ്റക്കാരെ വിളിച്ചുവരുത്തി ചോദ്യംചെയ്യാനും നിയമനടപടികള്‍ സ്വീകരിക്കാനും സാധിക്കുമെന്നും പി.എം. ജാബിര്‍ അറിയിച്ചു.

മറുനാടുകളില്‍ ഏജന്റുമാരുടെ ചതിയില്‍പ്പെടുന്നവര്‍ കേരളത്തില്‍ തിരിച്ചെത്തിയാല്‍ എന്‍.ആര്‍.ഐ. കമ്മിഷനുമുന്നില്‍ പരാതി നല്‍കാന്‍ മടിക്കുന്നു. പരാതി നല്‍കിയാല്‍ത്തന്നെ കുറ്റാരോപിതരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കുന്നില്ലെന്നാണ് കമ്മിഷന്റെ വിശദീകരണം. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എന്‍.ആര്‍.ഐ. സെല്‍ ഹെല്‍പ്പ് ഡെസ്‌കുമുണ്ട്. അവിടെയും പരാതി നല്‍കാവുന്നതാണ്.

വിദേശത്ത് ചതിക്കപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും എന്‍.ആര്‍.ഐ. കമ്മിഷനുമുന്നില്‍ പരാതിനല്‍കാന്‍ സാധിക്കുമെന്ന് പി.എം. ജാബിര്‍ പറഞ്ഞു.

പ്രവാസികളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാനും അവരുടെ ആവലാതികളില്‍ നടപടിയെടുക്കാനുമുള്ള സംവിധാനമാണ് കമ്മിഷന്‍. പ്രവാസികളുടെ ജീവനും സ്വത്തും സംരക്ഷിക്കാനും ഉത്തരവാദിത്വമുണ്ട്. ഹൈക്കോടതി മുന്‍ ജസ്റ്റിസ് പി.ഡി. രാജനാണ് ചെയര്‍മാന്‍. പി.എം. ജാബിറിനെക്കൂടാതെ അഡ്വ. ഗഫൂര്‍ പി. ലില്ലീസ്, പീറ്റര്‍ മാത്യു എന്നിവരും അംഗങ്ങളാണ്. പരാതികള്‍ തപാല്‍വഴിയോ ഇ-മെയില്‍ ആയോ കമ്മിഷനില്‍ സമര്‍പ്പിക്കാം.

പ്രവാസിയാണ്/ആയിരുന്നു എന്നുതെളിയിക്കുന്ന രേഖയും എതിര്‍കക്ഷിയുടെ പൂര്‍ണവിലാസവും ഉണ്ടാവണം. 

കമ്മിഷന്റെവിലാസം: Chairman, NRI (Kerala) Commission, Norka Centre. Thycadu Post, Thiruvananthapuram 695014. Email: secycomns.nri@kerala.gov.in, comradejabir@gmail.com

കൈരളി ഫുജൈറ ഹെല്‍പ് ഡെസ്‌ക്

ഫുജൈറ: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന പ്രവാസികള്‍ക്ക് സഹായകരമായി കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ ഈസ്റ്റ് കോസ്റ്റ് മേഖലയില്‍ ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിച്ചു.

പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്കില്‍നിന്ന് നിര്‍ദേശങ്ങളും സേവനവും തേടാവുന്നതാണന്ന് ലോക കേരള സഭാംഗങ്ങളായ സൈമന്‍ സാമുവേല്‍, ലെനില്‍ ജി. കുഴിവേലി, കൈരളി സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി പ്രമോദ് പട്ടാന്നൂര്‍, പ്രസിഡന്റ് ബൈജു രാഘവന്‍ എന്നിവര്‍ അറിയിച്ചു. പ്രവാസികള്‍ക്കിടയില്‍ അധികൃതരുടെ സഹായത്തോടെ കൈരളി ബോധവത്ക്കരണവും നടത്തും.

ഹെല്‍പ് ഡെസ്‌ക് നമ്പറുകള്‍

ഫുജൈറ
ഉമ്മര്‍ ചോലയ്ക്കല്‍ : 056224522
അഷ്‌റഫ് പിലാക്കല്‍ : 0544792559
അബ്ദുല്‍ ഹഖ് : 0566068833

ദിബ്ബ
റാഷിദ് : 0524486872.
അബ്ദുള്‍ ഖാദര്‍ : 0557418544

ഖോര്‍ഫക്കാന്‍
ഹഫീസ് : 0555733246

കല്‍ബ
പ്രിന്‍സ് 0557915411

കെ.എം.സി.സി. ഹെല്‍പ്പ് ഡെസ്‌ക്

ദുബായ്: യു.എ.ഇ.യില്‍ താമസരേഖകളില്ലാതെ കഴിയുന്നവര്‍ പൊതുമാപ്പ് സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ബിജേന്ദ്ര സിങ് പറഞ്ഞു. ദുബായ് കെ.എം.സി.സി. യുടെ പൊതുമാപ്പ് ഹെല്‍പ്പ് ഡെസ്‌ക് പ്രഖ്യാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ. അന്‍വര്‍ നഹ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി അധ്യക്ഷത വഹിച്ചു.

ഇബ്രാഹിം മുറിച്ചാണ്ടി പൊതുമാപ്പ് നിയമങ്ങള്‍ വിശദികരിച്ചു. സംസ്ഥാന ഭാരവാഹികളായ പി.കെ ഇസ്മായില്‍, ഒ.കെ. ഇബ്രാഹിം, മജീദ് മടക്കിമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. സാജിദ് അബൂബക്കര്‍ സ്വാഗതവും അഷ്‌റഫ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

പൊതുമാപ്പ് ബോധവത്കരണത്തിനായി വിപുലമായ സംവിധാനങ്ങളാണ് ദുബായ് കെ.എം.സി.സി. ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Content Highlights: Amnesty: Fines will also be waived on the day of application