'ചിങ്ങമേളം 2026'; വൈവിധ്യമാർന്ന കലാ-കായിക പരിപാടികൾ സംഘടിപ്പിച്ച് ട്രിപ

ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) 'ചിങ്ങമേളം 2026' വൈവിധ്യമാർന്ന കലാ-കായിക പരിപാടികളോടെ സംഘടിപ്പിച്ചു. വിഭവസമൃദ്ധമായ സദ്യയോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്.
ട്രിപ പ്രസിഡന്റ് രഞ്ജു രാജ് ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കൺവീനർ സൗമ്യ സജീവ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അശോക് കുമാർ, ട്രഷറർ ഷിയാസ്, വനിതാ വിംഗ് പ്രസിഡന്റ് സജിനി താജ്, സെക്രട്ടറി റൂണ ഷിയാസ് എന്നിവർ ആശംസകൾ നേർന്നു. നമീർ മുഹമ്മദ് നഹാസ് ഖിറാഅത്ത് നൽകി. വിഷ്ണു ജയൻ ഓണസന്ദേശം നൽകി.
യു.ഐ.സി. മാനേജിംഗ് ഡയറക്ടർ ഡോ. അബ്ദുൽ മജീദ് ബദറുദ്ദീൻ മുഖ്യാതിഥിയായി. പ്രവാസജീവിതത്തിൽ നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ മുതിർന്ന ട്രിപ അംഗവും നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ശ്രീ. അബ്ദുൽ വഹാബിനെ ചടങ്ങിൽ ആദരിച്ചു. ഷമീം കാട്ടാക്കട, ഗുലാം ഫൈസൽ, സുരേഷ് മണ്ണറ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വനിതാ വിംഗിന്റെ നേതൃത്വത്തിൽ തിരുവാതിരക്കളിയും, മിനി നഹാസിന്റെ നേതൃത്വത്തിൽ ഫാഷൻ ഷോയും അരങ്ങേറി. ദേവി രഞ്ജുവിന്റെ നേതൃത്വത്തിൽ നടന്ന ഓണഘോഷയാത്രയും ആഘോഷത്തിന് മാറ്റുകൂട്ടി.
ഡോ. സജീവ്, രാജേഷ് സി.വി., അശോക് കുമാർ നേതൃത്വം നൽകിയ വടംവലി ഉൾപ്പെടെയുള്ള കായിക മത്സരങ്ങൾ ആവേശകരമായിരുന്നു. കൾച്ചറൽ കൺവീനർ സുരേഷ് മണ്ണറയുടെ നേതൃത്വത്തിൽ ബാലവേദി കുട്ടികളും വനിതാ വിംഗ് അംഗങ്ങളും അവതരിപ്പിച്ച ചെറുനാടകങ്ങളും നൃത്തനൃത്യങ്ങളും സംഗീത സംവിധായകൻ എസ്. പി. വെങ്കിടേഷ്, ഗായിക എസ്. ജാനകി എന്നിവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ഗാനസന്ധ്യയും അനശ്വർ ഷിനോജിന്റെ വയലിൻ ഫ്യൂഷനും പരിപാടിയുടെ മാറ്റ് കൂട്ടി.
രാജി അരുൺ, ഷെഹിൻ ബഷീർ എന്നിവർ അവതാരകരായെത്തിയ പരിപാടികൾക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ താജ്, അരുൺകുമാർ, ഹരീഷ്, നാസർ കടവത്ത്, നിസാം യൂസഫ്, സജനി, അരുൺ രവീന്ദ്രൻ, അബ്ദുൽ വഹാബ്, ജമീല ഗുലാം, നിമ്മി സുരേഷ്, സജിനി വഹാബ്, ഷിനു നാസർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ഷാജഹാൻ ജലാലുദ്ദീൻ കൃതജ്ഞത രേഖപ്പെടുത്തി.
Content Highlights: TRIPA organized Chingamelam 2026 in Dammam with traditional Onasadya and cultural programs., Veteran member Abdul Wahab was felicitated for completing four decades of expatriate life., Events included Thiruvathirakali, fashion show, Onagoshyathra, and a musical tribute.