റംസാനിൽ സൗദിയിലെ പാഴ്സൽ ഡെലിവറികളിൽ വൻ വർദ്ധന

#ജാഫറലി പാലക്കോട്

ജിദ്ദ: റംസാനിലെ ആദ്യ 20 ദിവസങ്ങളിൽ 15 ദശലക്ഷത്തിലധികം പാഴ്സൽ ഡെലിവറികളാണ് സൗദിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സൗദി അറേബ്യയിലെ പാഴ്സൽ ഡെലിവറി കമ്പനികൾ റംസാനിലെ ആദ്യ 20 ദിവസങ്ങളിൽ 15.24 ദശലക്ഷത്തിലധികം ഷിപ്പ്മെന്റുകൾ ഡെലിവറി ചെയ്തുവെന്നതാണ് കൃത്യമായി കണക്കാക്കുന്നത്.

റംസാനിലെ ആദ്യ ദിവസത്തിനും മാസത്തിലെ 20-ാം ദിവസത്തിനും ഇടയിൽ പാഴ്സൽ, പോസ്റ്റൽ ഡെലിവറി സ്ഥാപനങ്ങൾ 15,249,000-ത്തിലധികം ഡെലിവറികൾ പൂർത്തിയാക്കിയതായി ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് (ടി ജി എ) അറിയിച്ചു.

ഏറ്റവും ഉയർന്ന പ്രതിദിന ഡെലിവറി അളവ് റമദാൻ 11-ാം ദിവസമാണ് രേഖപ്പെടുത്തിയത്. അന്ന് രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് 967,000-ത്തിലധികം ഷിപ്പ്മെന്റുകൾ ഡെലിവറി ചെയ്തുവെന്ന് അതോറിറ്റി പറയുന്നു.

ദേശീയ വിലാസം ഉൾപ്പെടുത്താത്ത ഷിപ്പ്മെന്റുകൾ സ്വീകരിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുതെന്ന നിബന്ധന ഉൾപ്പെടെയുള്ള ചട്ടങ്ങൾ പാഴ്സൽ ഡെലിവറി കമ്പനികൾ പാലിക്കുന്നുണ്ടെന്ന് ജനറൽ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് പറഞ്ഞു.

കമ്പനികൾ ഷിപ്പ്മെന്റ് വിവരങ്ങളും ഉള്ളടക്കങ്ങളും സംരക്ഷിക്കുകയും ഉപഭോക്തൃ അന്വേഷണങ്ങൾക്കും പരാതികൾക്കും ഉടനടി മറുപടി നൽകുകയും വേണം. സൗദിയിലെ തപാൽ, ലോജിസ്റ്റിക് ഗതാഗത സംവിധാനത്തിന്റെ തുടർച്ചയായ വളർച്ചയും, ഇ-കൊമേഴ്സിന്റെ ദ്രുതഗതിയിലുള്ള വികാസത്തിനനുസരിച്ച് നീങ്ങുന്നുണ്ടെന്നതാണ് ഈ കണക്കുകൾ എടുത്തുകാണിക്കുന്നുവെന്ന് അതോറിറ്റി പറഞ്ഞു.

Content Highlights: Over 15.24 million shipments delivered in the first 20 days of Ramadan., Peak delivery volume reached on the 11th of Ramadan with 967,000 shipments., General Authority for Transport (TGA) enforcing strict compliance for national address and data protection., Statistics highlight the rapid expansion of Saudi Arabia's e-commerce and logistics sector.