മെഡിക്കൽ പരിശോധനയില്ലാതെ ഇനി സിക്ക് ലീവ് ഇല്ല; ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി: സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: കൃത്യമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മാത്രമേ സൗദി അറേബ്യയിൽ ഇനി സിക്ക് ലീവ്  അനുവദിക്കുകയുള്ളൂവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗിയുടെ ആവശ്യപ്രകാരമോ താൽപര്യപ്രകാരമോ സിക്ക് ലീവ് നൽകാനാകില്ലെന്നും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

രോഗിയുടെ ആരോഗ്യസ്ഥിതി, രോഗത്തിന്റെ തീവ്രത, ജോലിയെ ബാധിക്കുന്ന രീതി എന്നിവ വിലയിരുത്തി മാത്രമായിരിക്കണം അവധി നൽകേണ്ടത്. കൂടുതൽ ദിവസത്തെ അവധിക്ക് പ്രത്യേക മെഡിക്കൽ കമ്മിറ്റിയുടെയോ ബന്ധപ്പെട്ട ആരോഗ്യവിഭാഗങ്ങളുടെയോ അനുമതി വേണം.

ഇലക്ട്രോണിക് രോഗാവധികൾ 'സിഹത്തി' ആപ്പ് വഴിയും, ഇതിന്റെ ആധികാരികത 'സിഹ' (പ്ലാറ്റ്‌ഫോം വഴിയും പരിശോധിക്കാം. വ്യാജ ക്യുആർ കോഡുകളെയോ പകർപ്പുകളെയോ മാത്രം വിശ്വസിക്കരുത്. അനർഹമായി സിക്ക് ലീവ് നേടാൻ സഹായിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് 50,000 റിയാൽ വരെ പിഴയും ലൈസൻസ് റദ്ദാക്കലും നേരിടേണ്ടി വരും.വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ അല്ലെങ്കിൽ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുകയോ നൽകുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും. സ്ഥാപനങ്ങൾക്കും ഇതിൽ ഉത്തരവാദിത്തമുണ്ടാകും.

സിക്ക് ലീവുകളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 937 എന്ന കോൾ സെന്റർ നമ്പർ വഴി പരാതിപ്പെടാം.