ഉയർന്ന വൈദഗ്ധ്യമുള്ള പ്രവാസികൾക്ക് ഫാമിലി വിസ നടപടികൾ ലളിതമാക്കി സൗദി അറേബ്യ

റിയാദ്: ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്ക് ജോലി വിസ നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം അർഹരായ കുടുംബാംഗങ്ങളെയും സൗദി അറേബ്യയിലേക്ക് കൊണ്ടുവരാൻ അനുമതി നൽകുന്ന പുതിയ നടപടികൾക്ക് തുടക്കമിട്ടതായി സൗദി ആഭ്യന്തര മന്ത്രാലയം. തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രാലയവും മാനവ വിഭവശേഷി- സാമൂഹിക വികസന മന്ത്രാലയവുമായി ഏകോപിപ്പിച്ചാണ് പുതിയ നടപടി.
പുതിയ വ്യവസ്ഥ പ്രകാരം അർഹരായ കുടുംബനാഥന്മാർക്ക് ഭാര്യ, 25 വയസ്സിന് താഴെയുള്ള ആൺമക്കൾ, അവിവാഹിതരായ പെൺമക്കൾ എന്നിവരെ സൗദിയിലേക്ക് കൊണ്ടുവരാം. അപേക്ഷയ്ക്കുള്ള എല്ലാ നിബന്ധനകളും പാലിക്കുന്ന പക്ഷം, ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളിയുടെ തൊഴിൽ വിസാ നടപടികൾ പൂർത്തിയാക്കുന്ന സമയത്ത് തന്നെ കുടുംബാംഗങ്ങൾക്കുള്ള എൻട്രി വിസയും അനുവദിക്കും.
കുടുംബാംഗങ്ങൾ സൗദിയിലെത്തിയ ശേഷം നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അവരുടെ ഇഖാമ (താമസാനുമതി) നടപടികൾ പൂർത്തിയാക്കാനാകും. പ്രവാസി തൊഴിലാളികൾക്ക് ജോലി വിസ ലഭിക്കുന്നതിനായി കാത്തിരിക്കേണ്ടി വരുന്ന സമയത്തുതന്നെ കുടുംബത്തെ സൗദിയിലെത്തിക്കാൻ സാധിക്കുന്നതാണ് പുതിയ നടപടിയുടെ പ്രധാന പ്രത്യേകത.
Content Highlights: Saudi Ministry of Interior introduced new procedures allowing skilled expat workers to bring eligible family members alongside their work visa processing