ഖമീസ് മുഷൈത്ത്, ജിദ്ദ, തായിഫ്, യൻബു, അൽഉല, ഫറസാൻ എന്നിവിടങ്ങളിൽ അപകട മുന്നറിയിപ്പ് പിൻവലിച്ചു

#ജാഫറലി പാലക്കോട്

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുഷൈത്ത്, ജിദ്ദ, തായിഫ്, യൻബു, അൽഉല, ഫറസാൻ എന്നിവിടങ്ങളിൽ സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുകയും പിന്നീട് അരമണിക്കൂറിനു ശേശം അപകട മുന്നറിയിപ്പ് അവസാനിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിക്കുകയും ചെയ്‌തു.

വെള്ളിയാഴ്ചയാണ് സിവിൽ ഡിഫൻസ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. പൗരന്മാരും പ്രവാസികളും സുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക നിർദേശങ്ങളും സുരക്ഷാ മാർഗനിർദേശങ്ങളും തുടർന്നും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

നാഷണൽ എർലി വാണിങ് പ്ലാറ്റ്‌ഫോം വഴി നേരത്തെ ഈ പ്രദേശങ്ങളിൽ സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. സാധ്യതയുള്ള അപകടസാഹചര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും സുരക്ഷയ്ക്കായി ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുറസ്സായ സ്ഥലങ്ങളിൽ നിന്നും ഗ്ലാസ് വസ്തുക്കളിൽ നിന്നും അകലം പാലിക്കുക, ബാൽക്കണികളിലും കെട്ടിടങ്ങളുടെ മേൽക്കൂരകളിലും നിൽക്കാതിരിക്കുക തുടങ്ങിയ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു.

പുറത്തുള്ളവർ ഏറ്റവും അടുത്തുള്ള കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കുകയോ ഉറപ്പുള്ള മറവിന് പിന്നിൽ സുരക്ഷിതമായി അഭയം തേടുകയോ വേണം. ആളുകൾ കൂട്ടം കൂടുന്നതും സംഭവങ്ങൾ ചിത്രീകരിക്കുന്നതും പൂർണമായും ഒഴിവാക്കണമെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും സിവിൽ ഡിഫൻസ് വ്യക്തമാക്കി.

Content Highlights: Saudi Civil Defense lifted safety warnings across Khamis Mushait, Jeddah, Taif, Yanbu, AlUla, and Farasan., Authorities urged citizens and residents to continue following official safety instructions., Precautions included staying away from open spaces, glass objects, balconies, and rooftops during alerts.