അടിയന്തിര മുന്നറിയിപ്പുകളിൽ പൊതുജനങ്ങൾ മുഖവിലക്കെടുക്കണമെന്ന് സിവിൽ ഡിഫൻസ്

#ജാഫറലി പാലക്കോട്

റിയാദ്: അടിയന്തിര സാഹചര്യങ്ങളിൽ അധികൃതർ നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങളും മുന്നറിയിപ്പു സന്ദേശങ്ങളും മുഖവിലക്കെടുത്ത് പാലിക്കണമെന്ന് സൗദിയിലെ സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ശാന്തത പാലിക്കുക, ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കുക, അപകടം കടന്നുപോകുന്നതുവരെ കെട്ടിടത്തിനുള്ളിലെ ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥലത്ത് കഴിയുക, ജനാലകളിൽ നിന്ന് അകലെയുള്ള അകത്തെ മുറിയിലേക്ക് ഉടൻ പോകുക എന്നിവ ഈ മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു.

സാഹചര്യം സുരക്ഷിതമാണെന്ന് പ്രഖ്യാപിക്കുന്നതുവരെ വീടുകൾക്കുള്ളിൽ തന്നെ തുടരാനും വീടുകളിൽ നിന്നോ കെട്ടിടങ്ങളിൽ നിന്നോ പുറത്തുപോകുന്നത് ഒഴിവാക്കാനും ഡയറക്ടറേറ്റ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

തുറന്ന സ്ഥലങ്ങളിൽ നിന്നും, ഗ്ലാസ് വിൻഡോ പരിസരങ്ങളിൽ നിന്നും മാറി നിൽക്കുക, ബാൽക്കണികളിലോ മേൽക്കൂരകളിലോ നിൽക്കരുത് എന്നിവയും മാർഗ്ഗനിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. കൂട്ടമായി ഒത്തുകൂടുന്നത്, ഫോട്ടോ എടുക്കുന്നത്, അപകടകരമായ സ്ഥലങ്ങളിലേക്ക് അടുക്കുന്നത് എന്നിവ ഒഴിവാക്കാനും ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

വാഹനത്തിലായിരിക്കുമ്പോൾ മുന്നറിയിപ്പ് സന്ദേശം ലഭിച്ചാൽ റോഡിന്റെ വശത്തേക്ക് വാഹനം നിർത്തുക, പാലങ്ങളിൽ നിന്നും ഉയരമുള്ള കെട്ടിടങ്ങളിൽ നിന്നും മാറി നിൽക്കുക എന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

Content Highlights: Stay indoors and avoid windows during emergencies., Follow official directives issued by the Civil Defense., Avoid gathering in groups or taking photos near incident sites., If in a vehicle, pull over safely away from bridges and tall buildings.