ഹജ്ജ്, ഉംറ മേഖലയിലെ വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ; ‘ഉഫുഖ്’ സംവിധാനം പുറത്തിറക്കി സൗദി അറേബ്യ

#ജാഫറലി പാലക്കോട്

റിയാദ്: ഹജ്ജ്, ഉംറ മേഖലയിലെ വിവരങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനും സേവനങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എളുപ്പമാക്കാനും ലക്ഷ്യമിട്ട് സൗദി അറേബ്യ പുതിയ ഡിജിറ്റൽ സംവിധാനമായ ‘ഉഫുഖ്’ (Ufuq) പുറത്തിറക്കി.

ഹജ്ജ്, ഉംറ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് അവയെ അറിവും തീരുമാനമെടുക്കാനുള്ള ഉപകരണങ്ങളുമായി മാറ്റുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാക്കി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സംവിധാനം സഹായിക്കും.

സൗദി വിഷൻ 2030ന്റെ ഭാഗമായി നടപ്പാക്കുന്ന തീർഥാടക അനുഭവ വികസന പദ്ധതിയാണ് ഉഫുഖ് സംവിധാനം അവതരിപ്പിച്ചത്. ഹജ്ജ്, ഉംറ മേഖലയിലെ കണക്കുകൾക്കപ്പുറം വിവരങ്ങൾ പ്രയോജനപ്പെടുത്തി സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.

ഉഫുഖ് സംവിധാനത്തിൽ ഹജ്ജ്, ഉംറ മേഖലയുമായി ബന്ധപ്പെട്ട 100-ലധികം വാർഷിക റിപ്പോർട്ടുകളും 15-ലേറെ വിവര പാനലുകളും ഉൾപ്പെടുന്നു. ഇതിലൂടെ വിവിധ സർക്കാർ വകുപ്പുകൾക്ക് ആവശ്യമായ വിവരങ്ങളും കണക്കുകളും എളുപ്പത്തിൽ ലഭ്യമാകും. 55-ലധികം സർക്കാർ ഏജൻസികൾക്ക് ഈ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കും.

ജിദ്ദയിൽ നടന്ന ആറാമത് ഹജ്ജ്, ഉംറ സമ്മേളനത്തിന്റെയും പ്രദർശനത്തിന്റെയും ഭാഗമായി തീർഥാടക അനുഭവ വികസന പദ്ധതിയുടെ പവിലിയനിൽ നടന്ന ചടങ്ങിൽ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅയാണ് സംവിധാനം ഉദ്ഘാടനം ചെയ്തത്. തീർഥാടക അനുഭവ വികസന പദ്ധതി സമിതി അധ്യക്ഷൻ കൂടിയാണ് അദ്ദേഹം.

ദേശീയ ഓപ്പൺ ഡാറ്റാ പ്ലാറ്റ്‌ഫോം വഴി 15-ലേറെ പ്രധാനപ്പെട്ട ഡാറ്റാ ശേഖരങ്ങളും ഉഫുഖ് ലഭ്യമാക്കുന്നുണ്ട്. റിപ്പോർട്ടുകൾ, വിവര പാനലുകൾ, ഓപ്പൺ ഡാറ്റാ ശേഖരങ്ങൾ, ഭാവി ആസൂത്രണത്തിനുള്ള ഉപകരണങ്ങൾ എന്നിവയും സംവിധാനത്തിന്റെ ഭാഗമാണ്.

വിവരങ്ങൾ കേവലം കണക്കുകളായി ഒതുക്കാതെ അവയെ സേവന വികസനത്തിനും മികച്ച ആസൂത്രണത്തിനും പ്രയോജനപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹജ്ജ്, ഉംറ തീർഥാടകരുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും വിവര കൈമാറ്റവും ഇതിലൂടെ കൂടുതൽ ശക്തമാകും.

2019ൽ സൗദി വിഷൻ 2030ന്റെ ഭാഗമായി ആരംഭിച്ച തീർഥാടക അനുഭവ വികസന പദ്ധതി ഹജ്ജ്, ഉംറ യാത്രാ സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു. മക്കയിലെയും മദീനയിലെയും രണ്ട് വിശുദ്ധ മസ്ജിദുകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതു മുതൽ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതും തീർഥാടകരുടെ മതപരവും സാംസ്കാരികവുമായ അനുഭവം സമ്പന്നമാക്കുന്നതും വരെ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽനിന്ന് ഉംറ നിർവഹിക്കാനെത്തുന്നവരുടെ എണ്ണം 2022ൽ 84 ലക്ഷമായിരുന്നത് 2025ൽ 1.8 കോടിയായി ഉയർന്നതായും മന്ത്രി അറിയിച്ചു. പ്രവാചക പള്ളിയിലെ വിശുദ്ധ മേഖലയായ റൗദ ശരീഫ് സന്ദർശിച്ചവരുടെ എണ്ണം ഇതേ കാലയളവിൽ 60 ലക്ഷത്തിൽനിന്ന് ഏകദേശം 1.6 കോടിയായി വർധിച്ചു.

ഹജ്ജ്, ഉംറ തീർഥാടകർക്ക് മികച്ച സേവനവും അനുഭവവും ഉറപ്പാക്കുന്നതിനായി വിവരസാങ്കേതികവിദ്യയും ആധുനിക സംവിധാനങ്ങളും കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഉഫുഖ് പദ്ധതി നടപ്പാക്കുന്നത്.