പൊതുസ്ഥലങ്ങളിലെ മോശം പെരുമാറ്റം: മക്കയിൽ ഒരാൾ അറസ്റ്റിൽ; ശക്തമായ നടപടിയുമായി സൗദി പ്രോസിക്യൂഷൻ

മക്ക: മക്കയിൽ വിശുദ്ധ ഹറം പ്രദേശത്തെത്തിയ സന്ദർശകരെയും തീർഥാടകരെയും ആക്രമിക്കുകയും ജനങ്ങൾക്കിടയിൽ ഭീതി പടർത്തുകയും ചെയ്ത സംഭവത്തിൽ ഒരാളെ സൗദി അറേബ്യൻ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. വ്യക്തിയുടെ അസ്വാഭാവികമായ പെരുമാറ്റംമൂലം ജനങ്ങൾ പരിഭ്രാന്തരായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടനടി ഇടപെട്ട് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സമാനമായ രീതിയിൽ ഈ വർഷം ഓഗസ്റ്റിൽ ഒരു സ്ത്രീയെ പിന്തുടർന്ന് ശല്യപ്പെടുത്തുകയും മറ്റൊരു സ്ത്രീയെ ആക്രമിക്കുകയും ചെയ്ത വ്യക്തിയെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരുന്നു. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് 2018-ലാണ് സൗദി അറേബ്യ കടുത്ത നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നത്.
വ്യക്തികൾക്ക് നേരെ അനുവാദമില്ലാതെയുള്ള ലൈംഗികാധിക്ഷേപങ്ങൾ, മോശം വാക്കുകൾ, ആംഗ്യങ്ങൾ, ഡിജിറ്റൽ മാധ്യമങ്ങൾ വഴിയുള്ള അനാവശ്യ സന്ദേശങ്ങൾ എന്നിവയെല്ലാം സൗദി അറേബ്യൻ നിയമപ്രകാരം ഗുരുതര കുറ്റകൃത്യങ്ങളാണ്.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് രണ്ട് വർഷം വരെ തടവും ഒരു ലക്ഷം സൗദി റിയാൽ വരെ പിഴയും ലഭിക്കാം. കുറ്റം ആവർത്തിക്കുകയോ ഗുരുതരമായ സാഹചര്യങ്ങളുണ്ടാകുകയോ ചെയ്താൽ ശിക്ഷ അഞ്ച് വർഷം തടവും മൂന്ന് ലക്ഷം റിയാൽ വരെ പിഴയുമായി ഉയരും.

മുൻ വർഷങ്ങളിലും ഇത്തരം സംഭവങ്ങളിൽ സൗദി പ്രോസിക്യൂഷൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 2021-ൽ റിയാദിൽ വിദേശ വിനോദസഞ്ചാരി സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി ഉപദ്രവിച്ച ആറ് യുവാക്കളെ പ്രോസിക്യൂഷൻ അറസ്റ്റ് ചെയ്തിരുന്നു. കുറ്റകൃത്യത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് കുറ്റവാളികളുടെ വിവരങ്ങളും ശിക്ഷാവിധികളും പ്രാദേശിക പത്രങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പരസ്യപ്പെടുത്താനും സൗദി നിയമത്തിൽ വ്യവസ്ഥയുണ്ട്.