വസഫത്തി സേവനം നിർത്തലാക്കുമെന്നത് വ്യാജ പ്രചാരണം്; സേവനം തുടരും: സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദിയിലെ വസഫത്തി (Wasfati) മരുന്ന് വിതരണ സേവനം നിർത്തലാക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സേവനം നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്നും കൂടുതൽ വികസിപ്പിക്കാനും വ്യാപിപ്പിക്കാനുമുള്ള നടപടികൾ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.

സേവനം റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ആരോഗ്യപരിചരണത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച സേവനം ഉറപ്പാക്കുന്നതിനുമാണ് വസഫത്തി പദ്ധതി കൂടുതൽ വികസിപ്പിക്കുന്നത്.

ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുൽ അസീസ് അബ്ദുൽബാഖി തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യ മേഖലാ പരിവർത്തന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രധാന സേവനങ്ങളിലൊന്നാണ് വസഫത്തിയെന്നും മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ആരോഗ്യ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പദ്ധതി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നാഷനൽ യൂണിഫൈഡ് പ്രൊക്യുർമെന്റ് കമ്പനി (നുപ്‌കോ) നിയന്ത്രിക്കുന്ന ഇലക്ട്രോണിക് മരുന്ന് കുറിപ്പടി സംവിധാനമാണ് വസഫത്തി. ആശുപത്രികളെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും അംഗീകൃത ഫാർമസികളുമായി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. ഇതുവഴി അർഹരായ രോഗികൾക്ക് ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ സൗജന്യമായി ലഭിക്കും.

Content Highlights: Pravasi News, Saudi Arabia, Health Ministry