പഴമയുടെ പ്രൗഢിയുമായി 300-ലേറെ ക്ലാസിക് വാഹനങ്ങൾ; ഖത്തീഫിൽ വാഹനപ്രേമികളുടെ മഹാസംഗമം

ജിദ്ദ: പഴമയുടെ പ്രൗഢിയും വാഹനലോകത്തിന്റെ വിസ്മയക്കാഴ്ചകളും ഒരേ വേദിയിൽ അണിനിരന്നപ്പോൾ ഖത്തീഫിലെ ക്ലാസിക് കാർ ഫെസ്റ്റിവൽ വാഹനപ്രേമികളുടെ ശ്രദ്ധാകേന്ദ്രമായി. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 300-ലേറെ ക്ലാസിക്, അപൂർവ വാഹനങ്ങളാണ് പ്രദർശനത്തിനെത്തിയത്. ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെ 'ഖത്തീഫ് കലണ്ടർ 2026'ന്റെ ഭാഗമായി അൽ അവാമിയയിലെ അൽ റാമിസ് പദ്ധതിയിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ഫെസ്റ്റിവൽ സമാപിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വാഹനഉടമസ്ഥരും ആരാധകരും പങ്കെടുത്തതോടെ മേള വലിയ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു.
വാഹനങ്ങളുടെ പ്രദർശനം എന്നതിലുപരി തലമുറകളുടെ ഓർമകളും അനുഭവങ്ങളും പങ്കുവെച്ച വേദിയായി ഫെസ്റ്റിവൽ മാറി. പഴയകാല വാഹനങ്ങളോടുള്ള അഭിനിവേശവും വാഹന പൈതൃകം സംരക്ഷിക്കാനുള്ള താൽപര്യവും ഒത്തുചേർന്ന മേളയിൽ കിഴക്കൻ പ്രവിശ്യയിൽനിന്നു മാത്രമല്ല, രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽനിന്നും നിരവധി പേർ പങ്കെടുത്തു.
മക്കയിൽനിന്നുള്ള ഒരു സംഘം തുടർച്ചയായ നാലാം വർഷവും മേളയിലെത്തി. ഏകദേശം 37 ക്ലാസിക്, അപൂർവ വാഹനങ്ങളുമായാണ് സംഘം ഇത്തവണ പങ്കെടുത്തത്. സന്ദർശകർക്കും വാഹനശേഖകർക്കും പരസ്പരം പരിചയപ്പെടാനും അനുഭവങ്ങൾ പങ്കുവെക്കാനും 'വെസ്റ്റേൺ റീജിയൻ മജ്ലിസ്' എന്ന പേരിൽ പ്രത്യേക സംഗമവേദിയും ഇവർ ഒരുക്കിയിരുന്നു.
വിവിധ കാലഘട്ടങ്ങളിലെ വാഹനങ്ങളുമായാണ് മുഹമ്മദ് സ്കൈത്തും സംഘവും ഇത്തവണ എത്തിയത്. തുടക്കത്തിൽ ഏതാനും വാഹനങ്ങളുമായി ആരംഭിച്ച പങ്കാളിത്തം ഓരോ വർഷവും കൂടുതൽ വിപുലമാവുകയായിരുന്നു. 1993 മോഡൽ ഹോണ്ട സൂപ്പർ കബ് 70 മോട്ടോർസൈക്കിളും മുഹമ്മദ് സ്കൈത്തിന്റെ ശേഖരത്തിലെ ശ്രദ്ധേയമായ വാഹനങ്ങളിലൊന്നായിരുന്നു.
വാഹനങ്ങളോടുള്ള താൽപര്യത്തിനപ്പുറം കുടുംബബന്ധങ്ങളുടെയും വ്യക്തിജീവിതത്തിന്റെയും വൈകാരികമായ ഓർമകൾക്കും ഫെസ്റ്റിവൽ വേദിയായി. 1989 മോഡൽ ഷെവർലെ കാപ്രിസ് അഹമ്മദ് ഗസ്സാവിക്ക് വെറുമൊരു പഴയ കാറല്ല; അന്തരിച്ച പിതാവിന്റെ ഓർമകൾ നിറഞ്ഞ അമൂല്യസമ്പത്താണ്.
പിതാവിന്റെ ഉടമസ്ഥതയിലായിരുന്ന വാഹനം പിന്നീട് അഹമ്മദിന് ലഭിക്കുകയായിരുന്നു. കാറിന്റെ അകത്തും പുറത്തുമുള്ള ഭാഗങ്ങൾ ശ്രദ്ധാപൂർവം അറ്റകുറ്റ പണികൾ നടത്തി പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തിച്ചാണ് അദ്ദേഹം പ്രദർശനത്തിനെത്തിച്ചത്. കുടുംബചരിത്രത്തിന്റെ ഭാഗമായ വാഹനത്തെ സംരക്ഷിക്കുന്നതിനൊപ്പം പിതാവിന്റെ ഓർമകൾ മറ്റു വാഹനപ്രേമികളുമായി പങ്കുവെക്കാനും ഈ വേദി അദ്ദേഹത്തിന് അവസരമൊരുക്കി.
മക്ക പ്രവിശ്യയിലെ തായിഫിൽനിന്ന് പ്രത്യേകമായി മേള കാണാനെത്തിയ അബ്ദുൽ അസീസ് അൽ സുഫ്യാനി സംഘാടനത്തെയും വാഹനങ്ങളുടെ വൈവിധ്യത്തെയും പ്രശംസിച്ചു. മൂന്ന് ദിവസത്തെ പ്രദർശനം മികച്ചതാണെങ്കിലും ദൂരസ്ഥലങ്ങളിൽനിന്ന് വാഹനങ്ങളുമായി എത്തുന്നവർക്ക് കൂടുതൽ അവസരം ലഭിക്കുന്നതിനായി മേളയുടെ കാലാവധി നീട്ടണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
മക്കയിൽനിന്നെത്തിയ മുഹമ്മദ് അൽ ശരീഫ് തുടർച്ചയായ രണ്ടാം വർഷമാണ് ഫെസ്റ്റിവൽ സന്ദർശിക്കുന്നത്. പ്രദർശനത്തിന്റെ നിലവാരത്തിൽ സംതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം കൂടുതൽ ദിവസങ്ങളിലേക്ക് മേള നീട്ടണമെന്നും ആവശ്യപ്പെട്ടു. കിഴക്കൻ പ്രവിശ്യയ്ക്ക് പുറത്തുനിന്ന് നിരവധി പേർ എത്തുന്നതിനാൽ അധിക ദിവസങ്ങൾ അനുവദിക്കുന്നത് സന്ദർശകർക്കും വാഹനശേഖരകർക്കും ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ലാസിക് കാറുകൾക്കൊപ്പം സ്പോർട്സ് കാറുകളുടെ അപൂർവ ശേഖരവും മേളയ്ക്ക് കൂടുതൽ ആകർഷണമായി. മോട്ടോർസ്പോർട്സ് ചരിത്രത്തിലും വാഹന എൻജിനീയറിങ്ങിലും ശ്രദ്ധേയമായ സ്ഥാനം നേടിയ പോർഷെ മോഡലുകൾക്കൊപ്പം വിവിധ കാലഘട്ടങ്ങളിലെ ജാപ്പനീസ് സ്പോർട്സ് കാറുകളും പ്രദർശനത്തിനെത്തി.
1970-കളിലെ ഡാറ്റ്സൺ 240Z, 280ZX മോഡലുകൾ, 1980-കളിലെ നിസാൻ 300ZX Z31, 1990-കളിലെ 300ZX Z32, 180SX എന്നിവ സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ടൊയോട്ട സുപ്രയും ജാപ്പനീസ് വാഹനശേഖരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായി.
പഴയകാല വാഹനങ്ങളുടെ സൗന്ദര്യവും സാങ്കേതിക മികവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം സൗദി അറേബ്യയുടെ വാഹന പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കും ഫെസ്റ്റിവൽ കരുത്തുപകർന്നു. വാഹനങ്ങൾക്കപ്പുറം ഓർമകളും സൗഹൃദങ്ങളും പങ്കുവെച്ച ഈ സംഗമം വിവിധ തലമുറകളിലെ വാഹനപ്രേമികളെ ഒരുമിപ്പിച്ച വേദിയായി മാറി.
Content Highlights: Classic Car Festival, Saudi Arabia