അഞ്ചിരട്ടി വളർച്ചയുമായി ഹജ്ജ് സമ്മേളനം; സന്ദർശകർ രണ്ട് ലക്ഷം കടക്കും

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന ഹജ്ജ് സമ്മേളനത്തിനും പ്രദർശനത്തിനും ചുരുങ്ങിയ കാലത്തിനുള്ളിൽ വൻ വളർച്ച കൈവരിക്കാനായതായി ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അറിയിച്ചു. 2022-ൽ ആരംഭിച്ച സമ്മേളനം നാല് വർഷത്തിനിടെ പങ്കാളിത്തത്തിന്റെ കാര്യത്തിൽ അഞ്ചിരട്ടിയിലേറെ വളർച്ചയാണ് നേടിയതെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യ വർഷമായ 2022-ൽ 84 കമ്പനികളും സ്ഥാപനങ്ങളും മാത്രമാണ് പങ്കെടുത്തതെങ്കിൽ, ആറാം പതിപ്പിലെത്തിയപ്പോൾ പങ്കാളിത്തം 520 ഓളം സ്ഥാപനങ്ങളായി ഉയർന്നു. ആദ്യ വർഷം 14,000 സന്ദർശകരായിരുന്നു എത്തിയിരുന്നത്. എന്നാൽ ഇത്തവണ സന്ദർശകരുടെ എണ്ണം രണ്ട് ലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പങ്കാളിത്തവും ഉന്നത നേതാക്കൾ, മന്ത്രിമാർ, ഗ്രാൻഡ് മുഫ്തിമാർ എന്നിവരുടെ സാന്നിധ്യവും ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രത്യേകതയാണ്.

തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുമായി നിരവധി സഹകരണ കരാറുകൾക്കും സമ്മേളനം വേദിയായി. ആറാമത് ഹജ്ജ് സമ്മേളനത്തിനും പ്രദർശനത്തിനും ബുധനാഴ്ച സമാപനമായി.