ഹജ്ജ് സീസൺ സമാപിച്ചതോടെ അടുത്ത വർഷത്തേക്കുള്ള ഒരുക്കങ്ങളുമായി സൗദി അധികൃതർ

#ജാഫറലി പാലക്കോട്
ഹജ്ജ് കര്‍മ്മം നടന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി അടുത്ത വര്‍ഷത്തെ തീര്‍ത്ഥാടനത്തിനായി ഒരുക്കുന്നു.
ഹജ്ജ് കര്‍മ്മം നടന്ന സ്ഥലങ്ങള്‍ വൃത്തിയാക്കി അടുത്ത വര്‍ഷത്തെ തീര്‍ത്ഥാടനത്തിനായി ഒരുക്കുന്നു.

മക്ക: 2026-ലെ ഹജ്ജ് സീസൺ വിജയകരമായി സമാപിച്ചതോടെ മക്ക, മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ താത്ക്കാലിക സംവിധാനങ്ങൾ പുനഃസംഘടിപ്പിക്കുന്നതിനും അടുത്ത വർഷത്തെ ഹജ്ജിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നതിനുമായി സൗദി അധികൃതർ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈവർഷം 17,07,301 പേരാണ് ഹജ്ജ് നിർവഹിച്ചത്. ഇത് മുൻവർഷത്തേക്കാൾ 2.04 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ 15,46,655 പേർ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 1,60,646 പേർ സൗദി പൗരന്മാരും പ്രവാസുകളുമായ ആഭ്യന്തര ഹാജിമാരാണ്.

ഹജ്ജ് സീസൺ അവസാനിച്ചതോടെ മിനായിലെ താത്ക്കാലിക സൗകര്യങ്ങൾ പരിശോധിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ആവശ്യമില്ലാത്ത ഘടനകൾ പൊളിച്ചുമാറ്റുകയും ചെയ്യും. റോഡുകൾ ശുചീകരിക്കുന്നതിനൊപ്പം തണുപ്പിക്കൽ സംവിധാനങ്ങൾ സർവീസ് ചെയ്യുകയും അടിയന്തര സേവന ഉപകരണങ്ങൾ സാങ്കേതിക പരിശോധനകൾക്ക് ശേഷം തിരിച്ചെടുക്കുകയും ചെയ്യും.

സൗദി റെഡ് ക്രസന്റ് അതോറിറ്റി ഹജ്ജ് കഴിഞ്ഞ ഉടൻ തന്നെ ഹജ്ജ് സീസൺ അടിയന്തര കേന്ദ്രങ്ങളുടെ പ്രവർത്തന സമാപന നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. സ്ഥിരം സ്റ്റീൽ ഘടനയിലുള്ള കേന്ദ്രങ്ങൾ സുരക്ഷിതമായി അടച്ചുപൂട്ടുകയും ടെന്റുകളും പോർട്ടബിൾ ക്യാബിനുകളും ഉൾപ്പെടുന്ന താത്ക്കാലിക യൂണിറ്റുകൾ പൊളിച്ചുമാറ്റി ഭാവിയിലെ ഉപയോഗത്തിനായി സംഭരണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യും.

ഹജ്ജിന് ശേഷമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി റോഡുകൾ, തുരങ്കങ്ങൾ, ജലവിതരണ ശൃംഖലകൾ, വൈദ്യുതി സംവിധാനങ്ങൾ, തണുപ്പിക്കൽ സൗകര്യങ്ങൾ എന്നിവയുടെ സമഗ്ര പരിശോധനയും അറ്റകുറ്റപ്പണികളും പുരോഗമിക്കുകയാണ്. തുടർച്ചയായ പരിപാലന പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ വർഷവും പുണ്യസ്ഥലങ്ങൾ മികച്ച പ്രവർത്തനക്ഷമതയോടെ ഹജ്ജ് സീസൺ പൂർത്തിയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി.

മക്ക നഗരത്തിന്റെയും പുണ്യസ്ഥലങ്ങളുടെയും വികസന ചുമതലയുള്ള 'കിദാന ഡെവലപ്മെന്റ് കമ്പനി' ഹജ്ജ് സമാപിച്ചതോടെ പുതിയ പ്രവർത്തന ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്. പരിശോധന, അറ്റകുറ്റപ്പണി, പുനരധിവാസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് പ്രധാന ലക്ഷ്യം.

ഹജ്ജ് സമയത്ത് ശേഖരിച്ച ജനക്കൂട്ട നിയന്ത്രണം, ഗതാഗത കാര്യക്ഷമത, അടിയന്തര പ്രതികരണ സമയം, ചൂട് നിയന്ത്രണ നടപടികൾ തുടങ്ങിയ വിവരങ്ങൾ വിശദമായി വിലയിരുത്തി ഭാവി പദ്ധതികൾക്ക് ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചു. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി കൂടുതൽ തീർത്ഥാടകരെ സ്വീകരിക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിനും സേവന നിലവാരം ഉയർത്തുന്നതിനും ഈ വിവരങ്ങൾ സഹായകരമാകും.

അതേസമയം, ബസുകൾ സർവീസ് ചെയ്ത് ഓപ്പറേറ്റർമാർക്ക് തിരിച്ചുനൽകുകയും അൽ-മഷാഇർ അൽ-മുഖദ്ദസ മെട്രോ അടുത്ത ഹജ്ജ് സീസൺ വരെ സാങ്കേതിക പരിശോധനകൾക്ക് ശേഷം സ്റ്റാൻഡ്ബൈ നിലയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ഹജ്ജിന് ശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളും വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. അടുത്ത ഹജ്ജ് സീസണിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പാക്കുകയാണ് ഈ വിപുലമായ പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യം.