അയേൺമാൻ: അഭിമാന നേട്ടവുമായി മലയാളി റൈഡേഴ്സ്

മസ്കറ്റ്: ലോകത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും കടുപ്പമേറിയതുമായ കായികമത്സരങ്ങളിൽ ഒന്നായ അയേൺമാനിന്റെ 70.3 എട്ടാം എഡിഷൻ പൂർത്തിയായപ്പോൾ മസ്കറ്റിലെ സൈക്ലിംഗ്, ഫിറ്റ്നസ് പ്രേമികളുടെ കൂട്ടായ്മയായ 'മലയാളി റൈഡേഴ്സ്' അഭിമാനകരമായ നേട്ടത്തിന് ഉടമകളായി. ഇതിലെ ഒൻപത് അംഗങ്ങളാണ് കഠിനമായ കായികപരീക്ഷണം വിജയകരമായി ലക്ഷ്യം പൂർത്തിയാക്കി മെഡലുകൾ കരസ്ഥമാക്കിയത്.
അതോടൊപ്പം എല്ലാവരും വ്യക്തിഗത ഇനത്തിലാണ് മത്സരിച്ച് നേട്ടം കൈവരിച്ചതെന്നത് ഇരട്ടിമധുരമേകി. 1.9 കിലോമീറ്റർ ആഴക്കടലിലൂടെ ഉള്ള നീന്തൽ, തൊണ്ണൂറ് കിലോമീറ്റർ സൈക്ലിംഗ്, ഇരുപത്തിയൊന്ന് കിലോമീറ്റർ ഓട്ടം എന്നിവ ഇടവേളകളില്ലാതെ നിശ്ചിത സമയമായ എട്ടര മണിക്കൂറിൽ പൂർത്തിയാക്കിയാൽ മാത്രമേ അയേൺമാൻ പട്ടം ലഭിക്കുകയുള്ളൂ. മാത്രമല്ല ഓരോ ഇനത്തിലും നിശ്ചയിച്ചിട്ടുള്ള സമയത്തിനുള്ളിലും ഓരോന്നും പൂർത്തിയാക്കണം.
മസ്കറ്റിൽ പ്രവാസ ജീവിതം നയിക്കുന്ന വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഈ അത്ലറ്റുകൾ കഠിനമായ പരിശീലനത്തിലൂടെയാണ് ലക്ഷ്യം കൈവരിച്ചത്. ചാലക്കുടി സ്വദേശി ഐഡ റോസ് ദീപു, വയനാട് സ്വദേശി വിഷ്ണു, കണ്ണൂർ സ്വദേശികളായ സുജിത്, വിനീഷ് മാത്യു, മലപ്പുറം സ്വദേശി അൻവർ സാദത്ത്, മുഹമ്മദ് അലി, വടകര സ്വദേശി ഷൺജിത്, ആലപ്പുഴ സ്വദേശികളായ സുധീർ, മച്ചു, തൃശ്ശൂർ സ്വദേശി ജോൺ പോൾ എന്നിവരാണ് കഠിനമായ കായിക പരീക്ഷണത്തെ നിശ്ചയ ദാർഢ്യം കൊണ്ട് മറികടന്നത്. ഇതിൽ മച്ചു ഈയിടെ സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന ഫുൾ അയേൺമാനിലും കിരീടം നേടിയിരുന്നു.
'അയേൺമാൻ പൂർത്തിയാക്കുക എന്നത് ഒരു വലിയ സ്വപ്നമായിരുന്നു. കഠിനമായ പരിശീലനത്തിലൂടെ അത് നേടിയെടുത്തു. മലയാളികളുടെ സ്വന്തം ടീം ആയതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്ന്' മലയാളി റൈഡേഴ്സ് അംഗം ഐഡ റോസ് ദീപു പറഞ്ഞു.' മസ്കറ്റിലെ എട്ടുവർഷത്തെ അയേൺ മാൻ ചരിത്രത്തിൽ ലക്ഷ്യം കൈവരിക്കുന്ന ആദ്യ മലയാളി വനിതകൂടിയാണ് ഐഡ റോസ് ദീപു.
കൂട്ടായ പരിശ്രമത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ശക്തിയുടെയും തെളിവാണ് ഈ വിജയമെന്നും അതോടൊപ്പം കൂടുതൽ ആളുകളെ ഇത്തരം കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുക കൂടി ലക്ഷ്യമാണെന്ന് മറ്റൊരു അംഗവും, ജേതാവുമായ സുജിത് പറഞ്ഞു. ടീം അംഗങ്ങളുടെ അഭിമാനകരമായ വിജയം കേരളത്തിന്റെ സമ്പന്നമായ കായിക സംസ്കാരത്തിന്റെയും അവിടുത്തെ ജനങ്ങളുടെ അചഞ്ചലമായ മനോഭാവത്തിന്റെയും ആഘോഷമാണെന്നും കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ മത്സരങ്ങളിൽ പങ്കെടുത്തുകൊണ്ട്, മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും, ഇത്തരം കഠിനമായ മത്സരങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കുക കൂടിയാണെന്ന് ടീം അംഗങ്ങൾ പറഞ്ഞു.
അതോടൊപ്പം ഓരോവർഷവും പിന്നിടുമ്പോഴും മസ്കറ്റിൽ നടക്കുന്ന അയേൺമാനിൽ മലയാളികളുടെ സാന്നിധ്യം വർദ്ധിച്ചു വരുന്നത് ഏറെ സന്തോഷകരമാണെന്നും ഇവർ കൂട്ടിച്ചേർത്തു. മസ്കറ്റിലെ ഈ റൈഡേഴ്സ് കൂട്ടായ്മ സാഹസികവും, വൈവിധ്യമാർന്നതുമായ ഒട്ടേറെ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നവരും, സാധരണക്കാരായ പ്രവാസികളെ കായിക വിനോദങ്ങളിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുയും, പരിശീലനം നൽകുന്നവരുമാണ്.
Content Highlights: Malayali Riders Conquer Ironman 70.3 in Muscat