കേരളത്തിലേക്ക് കൂടുതൽ സർവീസ്; ഒമാനിലെ പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

മസ്കറ്റ്: ഒമാനിലെ പ്രവാസികൾക്ക് ആശ്വാസവുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്. ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിലേക്ക് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചു. മാർച്ച് അവസാനംവരെ പുതിയ ഷെഡ്യൂളുകൾ തുടരുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ്
അറിയിച്ചു.
ഈ മാസം 25 മുതൽ അടുത്ത വർഷം മാർച്ച് 27 വരെയുള്ള സർവീസുകളുടെ സമയക്രമമാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് പ്രഖ്യാപിച്ചത്. മസ്കറ്റ് വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാത്രി 11.25-നാണ് സർവീസ്.
മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി 10.55-നാണ് വിമാനം പുറപ്പെടുക. കൊച്ചിയിൽ നിന്നുള്ള മടക്കയാത്രാ സമയത്തിൽ നവംബർ മാസം പ്രത്യേക മാറ്റങ്ങളുണ്ട്.
മസ്കറ്റ് -കോഴിക്കോട് റൂട്ടിൽ ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.45-നാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരിലേക്കുള്ള സർവീസുകൾ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 8.05-ന് മസ്കറ്റിൽനിന്ന് പുറപ്പെടുന്ന രീതിയിലാണ്. സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് വ്യാഴം, ഞായർ ദിവസങ്ങളിൽ വൈകിട്ട് മൂന്നിനാണ് സർവീസ്.
സലാല-കൊച്ചി റൂട്ടിൽ ബുധൻ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 4.40-നാണ് വിമാനം പുറപ്പെടുക. കൊച്ചിയിൽ നിന്നുള്ള വിമാനം ഇതേ ദിവസങ്ങളിൽ രാവിലെ 11.15-ന് പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ടിന് സലാലയിൽ എത്തിച്ചേരുംവിധമാണ്.
ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സർവീസുകളുടെ ദിവസങ്ങളിലും സമയങ്ങളിലും മാറ്റങ്ങൾ വന്നേക്കാമെന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പും യാത്രയ്ക്ക് തൊട്ടുമുമ്പും എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഏറ്റവും പുതിയ സമയക്രമം പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Content Highlights: Air India Express introduced new flights from Oman to Kerala under the winter schedule., Flights connect Muscat and Salalah to Thiruvananthapuram, Kochi, Kozhikode, and Kannur., The winter schedule will operate until March 27., Passengers are advised to check the official website for any schedule updates before traveling.