ഡിബേറ്റിനു മുന്‍പ് ട്രംപ് - തുളസി ഗബ്ബാര്‍ഡ് കൂടിക്കാഴ്ച

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജനപ്രതിനിധി തുളസി ഗബാര്‍ഡുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യം രാഷ്ട്രീയ നിരീക്ഷകര്‍ നൽകുന്നു സെപ്റ്റംബര്‍ 10-ന് ട്രംപും വൈസ് പ്രസിഡന്റ് കമല ഹാരിസുമായി നടത്തുന്ന ആദ്യ ഡിബേറ്റിനു സഹായകമാകുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചര്‍ച്ചകളില്‍ പ്രതിപാദിച്ചുവോ എന്ന ചോദ്യത്തിന് ട്രംപിന് അങ്ങനെ ആരുടെ കയ്യില്‍നിന്നും സൂചനകള്‍ സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് ട്രംപ് വക്താവ് കരോളിന്‍ ലെവിറ്റ് പറഞ്ഞു.
എങ്കിലും ഡിബേറ്റിനു തൊട്ടുമുന്‍പ് ഒരു പ്രമുഖ ഡെമോക്രാറ്റിക് വനിതാ നേതാവുമായി ട്രംപ് സംസാരിച്ചതുവെറും കുശലാന്വേഷണം മാത്രം ആകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളില്‍ നിന്ന്, പ്രത്യേകിച്ച് പ്രസിഡന്റ് ജോ ബൈഡനുമായും വൈസ് പ്രസിഡന്റ് ഹാരിസുമായും അകന്നു നില്‍ക്കുകയാണ് ഗബ്ബാര്‍ഡ്. ഡിബേറ്റ് വേളകളില്‍ ഹാരിസിനെക്കാള്‍ നന്നായി ശോഭിച്ചത് ഗബ്ബാര്‍ഡ് ആയിരുന്നു. എന്നാല്‍, ദാതാക്കളുടെ സംഭാവനകള്‍ മാനദന്ധമായപ്പോള്‍ അവര്‍ക്കു മത്സരത്തില്‍നിന്ന് പിന്‍വാങ്ങേണ്ടി വന്നു. പിന്നീട് അവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിട്ടു. ഒബാമ പ്രസിഡന്റ് ആയിരിക്കെ സിറിയയുടെ ബാഷര്‍ അല്‍ ആസാദിനെ യുദ്ധ കുറ്റവാളി എന്ന് വിളിക്കുവാന്‍ മടിച്ചതു ഗബ്ബാര്‍ഡ് വിമര്‍ശിച്ചതും ഹാരിസിന് പിടിച്ചില്ല. ഈ പശ്ചാത്തലത്തില്‍ ട്രംപ്- ഗബ്ബാര്‍ഡ് ചര്‍ച്ചകള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്.
ട്രംപിന്റെയും ഹാരിസിന്റെയും വാഗ്ദാനങ്ങള്‍ പരിശോധിക്കുക കൗതുകകരമായിരിക്കും. ടിപ്പുകളുടെ മേല്‍ വരുമാന നികുതി ചുമത്തുന്നത് നിര്‍ത്തലാക്കണമെന്ന് ട്രംപ് ജൂണില്‍ ലാസ് വെഗാസില്‍ ഒരു പ്രചാരണ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഏറ്റവും കൂടുതല്‍ ടിപ്പ് ലഭിക്കുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ ധാരാളമായുള്ള ഒരു പ്രദേശത്തു നിന്ന് ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുക വോട്ടുകള്‍ നേടാന്‍ സഹായിക്കുമെന്ന് മനസിലാക്കിയാണ് ട്രംപ് അവിടെ അങ്ങനെ ഒരു പ്രസ്താവന നടത്തിയത്. ഇപ്പോള്‍ ഹാരിസും ടിപ്പുകള്‍ക്കു വരുമാന നികുതി പാടില്ലെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നു. ഹാരിസ് ജയിച്ചാല്‍ ഈ പ്രശനം പരിഗണിക്കുമോ എന്നറിയില്ല.
ടിപ്പ് വാങ്ങുന്ന സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ 40 ലക്ഷമാണ്. അഥവാ മൊത്തം തൊഴില്‍ മേഖലയിലെ 2.5%. പക്ഷെ ഇവരില്‍ ഭൂരിഭാഗത്തിനും നികുതി കൊടുക്കേണ്ടി വരുന്നത് മറ്റു വരുമാനം കൂടി കൂട്ടുമ്പോഴാണ്. ഫെഡറല്‍ ഇന്‍കം ടാക്‌സും പേ റോള്‍ ടാക്‌സും ഹാരിസ് പറയുന്നത് പോലെ നിര്‍ത്തലാക്കിയാല്‍ ഫെഡറല്‍ വരുമാനം 150 മുതല്‍ 250 ബില്യണ്‍ ഡോളര്‍ വരെ അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കുറയാം. ഇത് കമ്മിറ്റി ഫോര്‍ എ റെസ്‌പോണ്‌സിബിള്‍ ബഡ്ജറ്റിന്റെ കണക്കുകളാണ്.
വാര്‍ത്തയും ഫോട്ടോയും : ഏബ്രഹാം തോമസ്
Content Highlights: Trump - Tulsi Gabbard meeting before the debate