സൗത്ത് വെസ്റ്റ് ബോർഡർ മിഷൻ സെന്റർ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ ആശീർവദിച്ചു

എഡിൻബർഗ്, ടെക്‌സാസ്: മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ലായി ഭദ്രാസന ബിഷപ്പ് ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പയുടെ സൗത്ത് വെസ്റ്റ്‌ ബോർഡർ മിഷനിലേക്കുള്ള പാസ്റ്ററൽ സന്ദർശനം. സന്ദർശനത്തിന്റെ ഭാഗമായി, ടെക്‌സാസിലെ എഡിൻബർഗിലുള്ള 5411 യൂണിവേഴ്‌സിറ്റി അവന്യു എന്ന വിലാസത്തിൽ സ്ഥിതിചെയ്യുന്ന സൗത്ത് വെസ്റ്റ്‌ ബോർഡർ മിഷൻ സെന്റർ സഭയുടെ മിഷൻ പ്രവർത്തനത്തിനായി തിരുമേനി സമർപ്പിച്ചു.

എപ്പിസ്‌കോപ്പക്കൊപ്പം റവ. ജിജോ എം. ജേക്കബ് (വികാരി, ട്രിനിറ്റി മാർത്തോമാ ചർച്ച്, ഹ്യൂസ്റ്റൺ), സോനു കെ. വർഗീസ് (വികാരി, സെന്റ് തോമസ് മാർത്തോമാ ചർച്ച്, ഹ്യൂസ്റ്റൺ & വികാരി, മാർത്തോമാ ചർച്ച്, റയോ ഗ്രാൻഡെ വാലി), റവ. ഡെന്നിസ് ഏബ്രഹാം (വികാരി, ഓസ്റ്റിൻ മാർത്തോമാ ചർച്ച്; ഭദ്രാസന കൗൺസിൽ അംഗം), ജോർജ് പി. ബാബു (ഭദ്രാസന ട്രഷറർ), ജേക്കബ് ഇടിച്ചാണ്ടി (മിഷൻ പ്രതിനിധി) എന്നിവരും പങ്കെടുത്തു.

ജനുവരി 12 തിങ്കളാഴ്ച മാറ്റമോറോസ്‌റെയ്‌നോസ (മെക്‌സിക്കോ) കത്തോലിക്ക ഭദ്രാസനത്തിന്റെ ബിഷപ്പ് ഹിസ് ഗ്രേസ് മോൺ. യൂജീനിയോ ആൻഡ്രസ് ലിറ റുഗാർസിയ അധ്യക്ഷനായ ഐക്യസമ്മേളനത്തിൽ  ഡോ. ഏബ്രാഹം മാർ പൗലോസ് പങ്കെടുത്തു. ഈ സമ്മേളനത്തിൽ, ഇരുവരും ലോക സമാധാനത്തിനായി സംയുക്തമായി പ്രാർത്ഥിക്കുകയും, മാറ്റമോറോസിലെ സമൂഹങ്ങൾക്കിടയിൽ സഹകരണ മിഷൻ പ്രവർത്തനങ്ങളിലേക്കുള്ള അവരുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.

സന്ദർശനത്തിനിടയിലെ പാസ്റ്ററൽ ശുശ്രൂഷയുടെ ഭാഗമായി, കൊളോണിയ മാർത്തോമാ മിഷൻ സമൂഹത്തിൽ നിന്നുള്ള നാലു കുട്ടികളുടെ മാമോദീസ തിരുമേനി നിർവഹിച്ചു. ഇതുവഴി, സഭയുടെ ആത്മീയവും സാമൂഹികവുമായ ഇടപെടലുകൾക്ക് സാക്ഷ്യം വഹിച്ചു.

വാർത്തയും ഫോട്ടോയും : ജീമോൻ റാന്നി

Content Highlights: South West Border Mission Centre Inaugurated