എച്ച്എൽഎൽ പ്രതിനിധി സംഘം ഡെൻമാർക്കിലെ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡിൽനിന്നുള്ള പ്രതിനിധി സംഘം ഡെൻമാർക്കിലെ ഇന്ത്യൻ അംബാസഡർ മനീഷ് പ്രഭാതുമായി കൂടിക്കാഴ്ച നടത്തി. എച്ച്എൽഎൽ ചെയർപേഴ്സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനിത തമ്പിയുടെ നേതൃത്വത്തിൽ ആയിരുന്നു സന്ദർശനം.
എച്ച്എൽഎൽ ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ബെന്നി ജോസഫ്, എച്ച്എൽഎൽ ഗവൺമെന്റ് ബിസിനസ് ഡിവിഷൻ ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻ (ജി.ബി.ഡി ആൻഡ് സി.സി) വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ നമ്പൂതിരി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.
എച്ച്എൽഎൽ ഉൽപ്പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ ഗർഭനിരോധന മാർഗങ്ങൾ, ആശുപത്രി ഉൽപ്പന്നങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, ആയുർവേദ ഉൽപ്പന്നങ്ങൾ, വാക്സിനുകൾ, വ്യക്തിഗത ശുചിത്വ ഉൽപ്പന്നങ്ങൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ എന്നിവയുൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ കൂടിക്കാഴ്ചയിൽ അംബാസഡർക്കു മുന്നിൽ അവതരിപ്പിച്ചു.
ഡെന്മാർക്കിൽ വെയർഹൗസുകൾ സ്ഥാപിക്കുന്നതിലും 'ആരോഗ്യ മൈത്രി എയ്ഡ് ക്യൂബ്' ഉപയോഗിച്ചുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങളിലും മാനസികാരോഗ്യ മേഖലയിൽ കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിനുമുള്ള എച്ച്എൽഎല്ലിന്റെ താൽപ്പര്യം അറിയിക്കുകയും ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ 60 വർഷത്തിലേറെ പാരമ്പര്യമുണ്ട് എച്ച്എൽഎൽ.
Content Highlights: HLL delegation led by CMD Dr. Anita Thampi met Indian Ambassador to Denmark, Manish Prabhat., Presented HLL's portfolio including contraceptives, pharmaceuticals, ayurvedic products, and vaccines., Proposed setting up warehouses in Denmark and utilizing 'Arogya Maitri Aid Cube' for disaster management.