ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു

ന്യൂയോർക്ക്: ന്യൂസിറ്റി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്‌കോപ്പയുടെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിച്ചു. കഴിഞ്ഞ പതിനാറ് വർഷമായി പള്ളിയിൽ വികാരിയായി സേവനം അനുഷ്ഠിച്ചു വരുന്ന വന്ദ്യ അച്ചന്റെ അമ്പത് വർഷത്തെ പുരോഹിതജീവിത സാക്ഷ്യത്തെ അനുസ്മരിച്ച് ആദരവും അനുമോദന സമ്മേളനവും നടത്തി.
അമ്പത് വർഷങ്ങളായി സഭയ്ക്കും സമൂഹത്തിനും ആത്മീയ മാർഗദർശകനായും കരുണാപൂർണനായ ഇടയനായും സേവനം ചെയ്ത വന്ദ്യ അച്ചന്റെ ദീർഘകാല ആത്മീയ സേവനത്തെ സ്മരിച്ചുകൊണ്ടായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. ഇടവകാംഗമായ ഫാ.വർഗീസ് കോര പരിത്തുവയലിൽ അർപ്പിച്ച വിശുദ്ധ ബലിയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം ഏറെ സ്‌നേഹസാന്ദ്രമായിരുന്നു.
പള്ളിയുടെ വൈസ് പ്രസിഡന്റ് വിജയൻ ദാനിയേൽ, മുൻ സെക്രട്ടറി ജോർജ് ഐസക്, വനിതാ സമാജം ട്രഷറർ കുസുമം ദാനിയേൽ, സൺഡേസ്‌കൂൾ ഹെഡ്മിസ്ട്രസ് ലീനാ മാത്യു, യൂത്ത് അസോസിയേഷൻ പ്രതിനിധികളായ എബി കണ്ണേത്, ജോയൽ കണ്ണേത് എന്നിവർ വന്ദ്യ അച്ചൻ ഇടവകയുടെ ആത്മീയ വളർച്ചയ്ക്കും സംഘടനാ പുരോഗതിക്കും യുവജനങ്ങളുടെ മാർഗനിർദ്ദേശത്തിനും കുടുംബ ഐക്യത്തിനും നൽകിയ സംഭാവനകളെ അനുസ്മരിച്ച് സംസാരിച്ചു. അദ്ദേഹത്തിന്റെ വിനയം, ആത്മീയ ആഴം, നേതൃത്വപാടവം എന്നിവ പ്രത്യേകം പരാമർശിച്ചു. അലൈന വറുഗീസ്, ജെയ്ഡൻ പൗലോസ് എന്നിവർ ചേർന്ന് ഭക്തിഗാനം ആലപിച്ച് സമ്മേളനത്തിന് കൂടുതൽ ആത്മീയ തേജസ് നൽകി.
പള്ളി മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് വിജയൻ ദാനിയേൽ, സെക്രട്ടറി സണ്ണി പൗലോസ്, ട്രഷറർ ലാൻസ് പൗലോസ്, ജോയിന്റ് സെക്രട്ടറി സനൽ പാടിയേടത്ത്, ജോയിന്റ് ട്രഷറർ സഞ്ജു ഇട്ടൻ പാടിയേടത്ത് എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളായ ജോർജ് ഐസക്, ഡ്യൂക്ക് ദാനിയേൽ, സണ്ണി വെള്ളാവള്ളിൽ, ടോണി മാത്യു എന്നിവർ സജീവമായി നേതൃത്വം നൽകി. പള്ളിയിലെ എല്ലാ ആത്മീയ സംഘടനകളും വിശ്വാസികളും ഒരുമിച്ചുചേർന്ന ഈ സമ്മേളനം ഇടവകയുടെ ഐക്യത്തിന്റെയും ആത്മീയതയുടെയും ശക്തമായ സാക്ഷ്യമായി മാറി.
അനുമോദന സമ്മേളനത്തിനുശേഷം കേക്ക് മുറിക്കൽ ചടങ്ങും നടന്നു. തുടർന്ന് വന്ദ്യ ഗീവർഗീസ് തോമസ് ചട്ടത്തിൽ കോർ എപ്പിസ്‌കോപ്പ ഇടവകാംഗങ്ങൾ കാണിച്ച സ്‌നേഹത്തിനും പ്രാർത്ഥനാപിന്തുണയ്ക്കും ദീർഘകാല സഹകരണത്തിനും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു. ഇടവകയുടെ ആത്മീയ ഐക്യത്തോടൊപ്പം അച്ചനോടുള്ള സ്‌നേഹവും ആദരവും നിറഞ്ഞ ചടങ്ങുകൾ സ്‌നേഹവിരുന്നോടുകൂടി സമാപിച്ചു.
വാർത്തയും ഫോട്ടോയും : ജിനു കുര്യൻ പാമ്പാടി
Content Highlights: Celebration of Rev. Geevarghese Thomas Chattathil's 50th priesthood anniversary., Event held at St. George Jacobite Syrian Church in New City,