യു.എസ്. എംബസി ''നെക്സസ്'' ബിസിനസ് ഇന്‍കുബേറ്റര്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

.
.

ചെന്നൈ, ഡിസംബര്‍ 11: ന്യൂഡല്‍ഹിയിലെ അമേരിക്കന്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന പ്രമുഖ ബിസിനസ് ഇന്‍കുബേറ്റര്‍ പരിശീലന പരിപാടിയായ ''നെക്‌സസ്'' അതിന്റെ ഇരുപതാമത് പതിപ്പിലേക്ക് സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ നിന്നും അപേക്ഷകള്‍ ഇപ്പോള്‍ സ്വീകരിക്കുന്നതായി ന്യൂഡല്‍ഹിയിലെ യു.എസ്. എംബസി അറിയിച്ചു. ഫെബ്രുവരി 2 മുതല്‍ ഒമ്പത് ആഴ്ച നീണ്ടുനില്‍ക്കുന്നതാണ് പരിശീലന പരിപാടി.

പതിനഞ്ച് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് ഇന്ത്യന്‍, അമേരിക്കന്‍ വിദഗ്ദ്ധരില്‍ നിന്ന് പ്രത്യേക പരിശീലനം ലഭ്യമാക്കുന്ന അമൂല്യമായ അവസരമായിരിക്കും നെക്‌സസ് പ്രോഗ്രാം. തങ്ങളുടെ കമ്പനികളുടെ മൂല്യത്തെക്കുറിച്ചുള്ള അവതരണം (value proposition) മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന വിപണികള്‍ ഏതാണെന്ന് കൃത്യമായി നിര്‍വചിക്കുന്നതിനും ഉത്പന്നത്തെയും സാങ്കേതികവിദ്യയെയും കുറിച്ച് വിപണിയിലുള്ള അഭിപ്രായം നേടുന്നതിനും തങ്ങളുടെ കമ്പനികള്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനുള്ള നാഴികക്കല്ലുകള്‍ സൃഷ്ടിക്കുന്നതിനും സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് പരിശീലനം ലഭിക്കും. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ കൃത്രിമബുദ്ധിയുടെ സ്വാധീനം, സംരംഭകര്‍ മികച്ച മാനസികാരോഗ്യം പുലര്‍ത്തേണ്ടതിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളും പുതിയ നെക്സസ് കൂട്ടായ്മ വിശകലനം ചെയ്യും. 

ഒമ്പത് ആഴ്ചത്തെ പ്രാരംഭ പരിശീലന പരിപാടിക്ക് ശേഷം തിരഞ്ഞെടുക്കുന്ന നാല് കമ്പനികളെ വരെ കൂടുതല്‍ ആഴത്തിലുള്ള പിന്തുണയ്ക്ക് നെക്‌സസ് കൂട്ടായ്മയില്‍ തുടരുന്നതിനായി ക്ഷണിക്കും. ഈ കമ്പനികള്‍ക്ക് അധികമായി എട്ട് മാസം വരെ ഇന്‍കുബേറ്റര്‍ സൗകര്യങ്ങളും നെറ്റ്വര്‍ക്കും പൂര്‍ണ്ണമായി ഉപയോഗിക്കാം. ഈ കാലയളവില്‍ നെക്‌സസ് വിദഗ്ദ്ധരുടെ ടീം കമ്പനികളെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. കമ്പനികളുടെ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിനും ഉപഭോക്തൃ-വരുമാന അടിത്തറ വളര്‍ത്തുന്നതിനും ഉചിതമെങ്കില്‍, കമ്പനികളുടെ ഉത്പന്നങ്ങള്‍ അഥവാ സേവനങ്ങള്‍ ഗുണകരമായ രീതിയില്‍ വര്‍ധിപ്പിക്കുന്നതിനുള്ള ധനസമാഹരണം നേടുന്നതിനും നെക്‌സസ് വിദഗ്ദ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. 
ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ താത്പര്യമുള്ള സംരംഭകര്‍ www.startupnexus.in എന്ന വെബ്സൈറ്റില്‍ ജനുവരി 5 നകം അപേക്ഷകള്‍ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ട പങ്കാളികളെ ജനുവരി 17 നകം അറിയിക്കുന്നതാണ്. 

നെക്‌സസിന്റെ ഇരുപതാമത് കൂട്ടായ്മയ്ക്ക് പരിശീലനം നല്‍കുന്നതിന് ഇന്ത്യയിലെ യു.എസ്. എംബസി അമേരിക്കയിലെ കണക്റ്റിക്കട്ട് സര്‍വകലാശാലയിലെ (യു-കോണ്‍) ഗ്ലോബല്‍ ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി (ജി.ടി.ഡി.ഐ.) പങ്കാളിത്തത്തിലേര്‍പ്പെടുന്നു. ന്യൂഡല്‍ഹിയിലെ യു.എസ്. എംബസിയുടെയും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ഒരു ഗ്രാന്റ് മുഖേനയാണ് ഈ പ്രോഗ്രാമിന് ധനസഹായം നല്‍കുന്നത്. ഇന്ത്യയുടെ വിവിധ ഇടങ്ങളില്‍ നിന്ന് ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് നൂതനവും വളര്‍ന്നുവരുന്നതുമായ സംരംഭങ്ങളുടെ വികസനം അടുത്തറിയുന്നതിനുള്ള കാഴ്ചപ്പാടുകളും നിര്‍ണായകമായ അറിവും പകര്‍ന്ന് നല്‍കുന്നതിന് യു-കോണിന്റെ സ്‌കൂള്‍ ഓഫ് ബിസിനസിലെ ഡെയ്ഗല്‍ ലാബുമായി ചേര്‍ന്നാണ് ജി.ടി.ഡി.ഐ. പ്രവര്‍ത്തിക്കുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക-സാമ്പത്തിക ബന്ധങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സുസ്ഥിരമായ സാമൂഹികവികസനം സാധ്യമാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. 

നെക്സസ് ഇന്‍ക്യൂബേറ്റര്‍ പ്രോഗ്രാം ആരംഭിച്ച 2017 മുതല്‍ പത്തൊന്‍പത് പതിപ്പുകളിലായി 230 ഇന്ത്യന്‍ സംരംഭകര്‍ നെക്സസില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ, ബാഹ്യമായ ധനസമാഹരണം വഴി 90 ദശലക്ഷം യു.എസ്. ഡോളര്‍ നെക്സസ് ഇന്‍ക്യൂബേറ്റര്‍ പ്രോഗ്രാം സമാഹരിച്ചിട്ടുണ്ട്.

Content Highlights: Nexus Business Incubator Cohort - applications open