മാരാമണ്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു

.
.

ന്യൂയോര്‍ക്ക്: ലോകപ്രസിദ്ധവും ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനവുമായ മാരാമണ്‍ കണ്‍വെന്‍ഷന്റെ 129-ാമത് സമ്മേളനം ഞാറാഴ്ച ആരംഭിച്ചു. ഫെബ്രുവരി 11 ഞായറാഴ്ച മുതല്‍ 18 ഞായറാഴ്ച വരെ പമ്പാനദിയുടെ വിശാലമായ മാരാമണ്‍ മണല്‍പുറത്ത് തയ്യാറാക്കിയ പന്തലില്‍ വെച്ചാണ് സമ്മേളനം നടത്തപ്പെടുന്നത്.

മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. . സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റും മുന്‍ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന അധ്യക്ഷനുമായ ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷനായിരുന്നു.

മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കുടാതെ പ്രൊഫ.ഡോ.ക്ലിയോഫസ് ജെ. ലാറു (പ്രിന്‍സ്റ്റണ്‍ തിയോളജിക്കല്‍ സെമിനാരി യുഎസ്എ), പ്രൊഫ.ഡോ.മാകെ ജോനാഥാന്‍ മസാങ്കോ (യൂണിവേഴ്‌സിറ്റി ഓഫ് പ്രെറ്റോറിയ സൗത്ത് ആഫ്രിക്ക), ഡോ.ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്താ (മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് തുമ്പമണ്‍ ഭദ്രാസനം). ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്താ (ക്‌നനായ കാതോലിക് ആര്‍ച്ച് ബിഷപ് കോട്ടയം). റിട്ട. ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ (സീറോ മലബാര്‍ സഭ പാലാ രൂപത).സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര എന്നിവരാണ് ഈ വര്‍ഷത്തെ മുഖ്യ പ്രസംഗകര്‍.

യൂറോപ്പില്‍ നിന്നുള്ള ഓള്‍ഡ് കാതലിക്ക് ചര്‍ച്ച് ആര്‍ച്ച് ബിഷപ് ഡോ.ബര്‍നാഡ് തിയഡോള്‍ വാലറ്റിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമണ്‍ കണ്‍വെന്‍ഷന് നേതൃത്വം നല്‍കുന്നത്. ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ (ജനറല്‍ കണ്‍വീനര്‍), ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, സഞ്ചാര സെക്രട്ടറി റവ.ജിജി വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പടെയുള്ള മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ സബ് കമ്മിറ്റികള്‍ കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.

മാരാമണ്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനായി ഭദ്രാസനാധ്യക്ഷന്‍ ബിഷപ് ഡോ.എബ്രഹാം മാര്‍ പൗലോസ് , ഭദ്രാസന ട്രഷറാര്‍ ജോര്‍ജ് പി. ബാബു എന്നിവരെ കൂടാതെ അനേക വിശ്വാസികളും കേരളത്തിലേക്ക് പുറപ്പെട്ടതായി ഭദ്രാസന സെക്രട്ടറി റവ.ജോര്‍ജ് എബ്രഹാം അറിയിച്ചു.

വാര്‍ത്തയും ഫോട്ടോയും: ഷാജി രാമപുരം

Content Highlights: maramon convention