കാനഡയിലെ പെരിയാര്‍തീരം അസോസിയേഷന്‍ മലയാറ്റൂരില്‍ നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറ്റം ഒക്ടോബര്‍ 30 ന്

എഡ്മന്റണ്‍: കാനഡയിലെ ആല്‍ബെര്‍ട്ട പ്രവിശ്യയിലെ എഡ്മന്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മലയാളി കൂട്ടായ്മയായ പെരിയാര്‍ തീരം അസോസിയേഷന്‍ പത്താം വാര്‍ഷിക നിറവില്‍. കാനഡ എഡ്മിന്റണില്‍ താമസിക്കുന്ന, അങ്കമാലി, മലയാറ്റൂര്‍-നീലേശ്വരം, മഞ്ഞപ്ര, കാലടി, കാഞ്ഞൂര്‍, നെടുമ്പാശ്ശേരി, അയ്യമ്പുഴ, കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, പാറക്കടവ്, ശ്രീമൂലനഗരം, ചെങ്ങമനാട്, തുടങ്ങിയ പഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റികളിലെയും കുടുംബാംഗങ്ങളുടെ കൂട്ടായ്മയാണ് പെരിയാര്‍തീരം.
സാംസ്‌കാരികം, വിദ്യാഭ്യാസം, ജീവകാരുണ്യം, കായികം, സാമൂഹികം തുടങ്ങി നിരവധി മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പെരിയാര്‍ തീരം, അംഗങ്ങള്‍ക്കിടയിലും പുറത്തും സൗഹൃദം ഊട്ടിയുറപ്പിക്കാനും കേരളീയ പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറാനും ലക്ഷ്യമിടുന്നു. അംഗങ്ങളുടെ മാതൃസ്ഥലങ്ങളിലെ നിര്‍ധനരായവര്‍ക്ക് വര്‍ഷാവര്‍ഷം ചികിത്സാ സഹായം നല്‍കുന്നതിലും അസോസിയേഷന്‍ ശ്രദ്ധേയമായ പങ്ക് വഹിക്കുന്നുണ്ട്.
തങ്ങളുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി, പെരിയാര്‍ തീരം അസോസിയേഷന്‍ മലയാറ്റൂര്‍-നീലേശ്വരം പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഒരു നിര്‍ധന കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ച് നല്‍കി. സ്‌നേഹഭവനത്തിന്റെ താക്കോല്‍ദാനം 2025 ഒക്ടോബര്‍ 30 ന് നടക്കും. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ തങ്കച്ചന്‍, മലയാറ്റൂര്‍-നീലേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി ആവോക്കാരന്‍, പെരിയാര്‍ തീരം മുന്‍ പ്രസിഡന്റ് വിന്‍സണ്‍ കൊനുകുടി, മറ്റ് വിശിഷ്ട വ്യക്തികള്‍ താക്കോല്‍ ദാന ചടങ്ങില്‍ പങ്കെടുക്കും.
പെരിയാര്‍ തീരം അസോസിയേഷന്റെ പത്താം വാര്‍ഷിക ആഘോഷങ്ങള്‍ 2026 ജനുവരി 2, 3 തീയതികളില്‍ എഡ്മന്റണിലെ ബാല്‍വിന്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടത്തപ്പെടും.
പെരിയാര്‍ തീരം പ്രസിഡന്റ് ജോസ് തോമസ്, പത്താം വാര്‍ഷിക കണ്‍വീനര്‍ സുനില്‍ തെക്കേക്കര എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ദശവത്സര ആഘോഷങ്ങള്‍ ഒരുക്കുന്നത്. കാനഡയിലെ മലയാളികളുടെ ഒരു ചെറിയ കൂട്ടായ്മക്ക് നാട്ടില്‍ ഒരു വീട് നിര്‍മ്മിച്ച് നല്‍കാനായതില്‍ പെരിയാര്‍തീരം അംഗങ്ങള്‍ അഭിമാനിക്കുന്നു.
വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി
Content Highlights: Snehaveedu key distribution