മുഖ്യമന്ത്രിയുടെ ഒമാൻ സന്ദർശനം: ഘോഷയാത്ര വിവാദത്തിൽ, മൂല്യങ്ങൾ ദുർബലപ്പെടുത്തരുതെന്ന് ഗ്രാൻഡ് മുഫ്തി

മസ്‌കറ്റ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഒമാൻ സന്ദർശനത്തിനിടെ സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്രയെ ചൊല്ലി വിമർശനം. പൊതുഇടങ്ങളിലെ ഇത്തരം പ്രദർശനങ്ങൾ നിയന്ത്രിക്കണമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി അടക്കമുള്ളവർ ആവശ്യപ്പെട്ടു. ഘോഷയാത്രയിൽ അവതരിപ്പിച്ച കേരള പോലീസിന്റെ വേഷവും മാലയിട്ട കാളയുമെല്ലാമാണ് വിമർശനത്തിന് ഇടയാക്കിയത്.

മസ്‌കറ്റിൽ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിനെത്തിയ മുഖ്യമന്ത്രിക്ക് അമിറാത്ത് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നൽകിയ വമ്പൻ സ്വീകരണമാണ് വിമർശനത്തിന് ആധാരം. തെയ്യം അടക്കമുള്ള കേരളീയ കലാരൂപങ്ങളും കാളകളിയും കേരള പോലീസിന്റെ വേഷം ധരിച്ചവരുമെല്ലാം നിറഞ്ഞതായിരുന്നു ഘോഷയാത്ര. മാലയിട്ട കാളയുടെ രൂപവും കേരള പോലീസിന്റെ സാന്നിധ്യമെന്ന് തോന്നുന്ന വിധത്തിലുള്ള പ്രച്ഛന്ന വേഷവുമാണ് വിവാദത്തിന് ഇടയാക്കിയത്. സഹിഷ്ണുതയുടെ പേരിൽ രാജ്യത്തിന്റെയും മതത്തിന്റെയും മൂല്യങ്ങളെ ദുർബലപ്പെടുത്തുതരുതെന്നാണ് ഒമാൻ ഗ്രാൻഡ് മുഫ്തി അഹമ്മദ് അൽ ഖലീലിയുടെ പോസ്റ്റ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭരണാധികാരികൾ ഇടപെടണമെന്നും അദ്ദേഹം സോഷ്യൽമീഡിയയിൽ ആവശ്യപ്പെട്ടു.

ഒമാനിലെ പ്രാദേശിക മാധ്യമങ്ങളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരും ഇതിന് സമാനമായ വിമർശനങ്ങളാണ് ഉന്നയിക്കുന്നത്. ഘോഷയാത്രയിലെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് വിമർശനം. എന്നാൽ ഘോഷയാത്രയിലെ ദൃശ്യങ്ങൾ ഏതെങ്കിലും വിശ്വാസത്തിന്റെ ഭാഗമല്ലെന്നും സാംസ്‌കാരിക ചിഹ്നങ്ങൾ മാത്രമാണെന്നും ചിലർ കമന്റ് ബോക്‌സിൽ കുറിച്ചു. പൊതുഇടങ്ങളിലെ പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കുമെല്ലാം കടുത്ത നിയന്ത്രണങ്ങളുള്ള ഗൾഫിൽ, ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന ഓർമ്മപ്പെടുത്തലാണ് ഇത്തരം വിമർശനങ്ങൾ.

Content Highlights: Kerala CM Pinarayi Vijayan`s Oman visit